കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റിനെ പരസ്യ സംവാദത്തിന് ക്ഷണിച്ച് എംഎൽഎ
1547404
Saturday, May 3, 2025 1:53 AM IST
കണിച്ചാർ: മട്ടന്നൂർ-മാനന്തവാടി എയർപോർട്ട് കണക്ടിവിറ്റി റോഡിന്റെ നിർമാണവുമായി ബന്ധപ്പെട്ട് നിരന്തരം എംഎൽഎയ്ക്കെതിരേ ആരോപണമുന്നയിക്കുന്ന കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യനെ രേഖകളുടെ അടിസ്ഥാനത്തിൽ പരസ്യ സംവാദത്തിന് ക്ഷണിച്ച് സണ്ണി ജോസഫ് എംഎൽഎ. പേരാവൂരിൽ നടന്ന ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗത്തിലാണ് എംഎൽഎ, പ്രസിഡന്റിനെ വെല്ലുവിളിച്ചത്.
നാലുവരിപ്പാത എങ്ങിനെ പോയാലും പൊതുജനങ്ങൾക്കും നാട്ടുകാർക്കും സ്ഥലം ഉടമകൾക്കും ഏറ്റവും കുറഞ്ഞ നാശനഷ്ടങ്ങൾ വരുന്ന രീതിയിൽ മാത്രമായിരിക്കണം റോഡ് വികസനം എന്നാണ് തന്റെ ആഗ്രഹം. വ്യക്തിപരമായ താത്പര്യങ്ങൾക്ക് വേണ്ടി റോഡിന്റെ അലൈൻമെന്റ് ഇന്ന രീതിയിൽ വേണമെന്ന തരത്തിൽ താൻ പൊതുമരാമത്ത് മന്ത്രിക്ക് നിവേദനം നൽകി എന്നും മറ്റുമുള്ള ഒരു പൊതുപ്രവർത്തകന് ഒട്ടും നിരക്കാത്ത രാഷ്ട്രീയ ധാർമികതയ്ക്ക് ചേരാത്ത രീതിയിലുള്ള കുപ്രചരണങ്ങളാണ് പ്രസിഡന്റ് അഴിച്ചുവിടുന്നത്.
ഇതു സംബന്ധിച്ച് പൊതുമരാമത്ത് മന്ത്രിക്ക് നൽകിയിട്ടുള്ള കത്തും അതിന് മന്ത്രിയുടെയും കെആർഎഫ് ബിയുടെയും മറുപടിയും ഉള്ള രേഖകളുടെ അടിസ്ഥാനത്തിൽ ആയിരിക്കണം ആരോപണങ്ങൾ ഉന്നയിക്കേണ്ടതെന്നും യോഗം ഉദ്ഘാടനം ചെയ്ത് കൊണ്ട് സണ്ണി ജോസഫ് എംഎൽഎ പറഞ്ഞു.
പ്രസ്തുത വിഷയത്തിൽ രേഖകൾ വച്ച് ഒരു പരസ്യ സംവാദത്തിന് കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് തയാറുണ്ടോ എന്നും എംഎൽഎ വെല്ലുവിളിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജൂബിലി ചാക്കോ അധ്യക്ഷത വഹിച്ചു.