കാറ്റിലും മഴയിലും വീട് തകർന്നു; ആശ്രയമില്ലാതെ വയോധികൻ
1547850
Sunday, May 4, 2025 7:15 AM IST
ആലക്കോട്: ശക്തമായ മഴയിലും കാറ്റിലും വീടു തകർന്നതോടെ കയറിക്കിടക്കാൻ ഒരിടമില്ലാതെ വയോധികൻ ദുരിതത്തിൽ. കാർത്തികപുരം ടൗണിന് സമീപം തനിച്ചു കഴിയുന്ന കല്ലേൽ രാജേന്ദ്രനാണ് വീട് തകർന്നതിനെ തുടർന്ന് ദുരിതത്തിൽ കഴിയുന്നത്.
കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിലാണ് വീട് തകർന്നത്. ഭാര്യയുടെ മരണത്തെ തുടർന്ന് വർഷങ്ങളായി തനിച്ചാണ് കഴിഞ്ഞു വരുന്നത്. സായാഹ്ന പത്രം വിറ്റു കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് രാജേന്ദ്രൻ കഴിഞ്ഞു വന്നിരുന്നത്.
പത്ത് സെന്റ് സ്ഥലത്തെ പഴക്കം ചെന്ന വീട്ടിലായിരുന്നു താമസം. കാറ്റിൽ വീടു തകർന്നതിന് ശേഷവും പ്രായാധിക്യം മൂലം വിഷമിക്കുന്ന ഇദ്ദേഹത്തെ സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റാൻ പോലും അധികൃതരുടെ ഭാഗത്ത് നിന്നും നടപടി ഉണ്ടായിട്ടില്ല. ഇതുകാരണം ഏതു സമയവും നിലം പൊത്തിയേക്കാവുന്ന വീട്ടിൽ തന്നെയാണ് രാജേന്ദ്രൻ കഴിയുന്നത്.