തളിപ്പറന്പ് മുനിസിപ്പൽ സ്പോർട്സ് കോംപ്ലക്സിന് ചാവറയച്ചന്റെ പേരിടണമെന്ന് ആവശ്യം
1547848
Sunday, May 4, 2025 7:15 AM IST
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയുടെ സ്പോര്‍ട്സ് കോംപ്ലക്സിന് ചാവറയച്ചന്റെ പേരിടണമെന്ന് കേരള കോണ്‍ഗ്രസ്-എം തളിപ്പറമ്പ് നിയോജകമണ്ഡലം പ്രസിഡന്റ് ടി.എസ് ജയിംസ് മരുതാനിക്കാട്ട് തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗത്തില്‍ ആവശ്യപ്പെട്ടു.
40 വര്‍ഷം മുമ്പ് 1985 ല്‍ സിഎംഐ സഭ തളിപ്പറമ്പ് പഞ്ചായത്തിന് സൗജന്യമായി നല്കിയ ഒരേക്കര്‍ സ്ഥലത്താണ് ഇപ്പോള്‍ സ്പോര്‍ട്സ് കോംപ്ലക്സ് സ്ഥാപിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് സ്പോർട്സ് കോംപ്ലക്സിന് സിഎംഐ സഭയുടെ പ്രമുഖ വൈദികനായ ചാവറയച്ചന്റെ പേരിടണമെന്ന് ടി.എസ്. ജയിംസ് ആവശ്യപ്പെട്ടത്. നാടിന്റെ വികസനകത്തിനായി ഉപയോഗിക്കണമെന്ന നിർദേശത്തോടെയാണ് സിഎംഐ സഭ പുഷ്പഗിരിയിലെ സ്ഥലം പഞ്ചായത്തിന് നല്‍കിയത്. ഇത് ഉപയോഗിക്കാതിരുന്നാല്‍ തിരികെ നല്‍കണമെന്ന വ്യവസ്ഥയോടെയായിരുന്നു കൈമാറ്റം.
പഞ്ചായത്തും നഗരസഭയും ഒന്നും ചെയ്യാതെ സ്ഥലം വര്‍ഷങ്ങളോളം കാടുകയറിക്കിടന്നിരുന്നു. ഈ സ്ഥലത്ത് രണ്ടുവര്‍ഷം മുമ്പാണ് കെ.വി മുഹമ്മദ്കുഞ്ഞി മാസ്റ്റര്‍ സ്മാരക സാംസ്ക്കാരിക നിലയം നിർമിച്ചത്. നഗരസഭാ പരിധിയില്‍ കളിസ്ഥലം നിര്‍മിക്കാന്‍ സ്ഥലം ഇല്ലെന്ന പരാതി കഴിഞ്ഞ വര്‍ഷം നടന്ന താലൂക്ക് വികസനസമിതി യോഗത്തില്‍ ഉയര്‍ന്നുവന്നപ്പോഴാണ് ടി.എസ് ജയിംസ് ഈ സ്ഥലത്തിന്റെ കാര്യം നഗരസഭയുടെ ശ്രദ്ധയില്‍ പെടുത്തിയത്. തുടര്‍ന്ന് 30 ലക്ഷം രൂപ ചെലവില്‍ ഇവിടെ കളിസ്ഥലം നിര്‍മിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്ന് അഞ്ച് കോടിയോളം രൂപ വിലമതിക്കുന്ന സ്ഥലത്ത് നിര്‍മിക്കുന്ന സ്പോര്‍ട്സ് കോംപ്ലക്സിന് ചാവറയച്ചന്റെ പേര് നല്‍കണമെന്നത് തികച്ചും ന്യായമായ ആവശ്യമാണെന്നും ഇത് ഗൗരവമായി പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇക്കാര്യം രേഖാമൂലം നഗരസഭക്ക് നല്കാന് യോഗത്തിന് അധ്യക്ഷത വഹിച്ച വൈസ് ചെയര്മാന് കല്ലിങ്കീല്‍ പത്മനാഭന് നിർദേശിച്ചു.
ചെറുപുഴ-തേര്‍ത്തല്ലി-ആലക്കോട് മലയോര ഹൈവേയുടെ ഇരുവശങ്ങളിലുമുള്ള ഫുട്പാത്തുകളില്‍ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി സ്ഥാപിച്ച ചെടിച്ചട്ടികള്‍ കാല്‍നടക്കാരുടെ യാത്രാസ്വാതന്ത്ര്യം നിഷേധിക്കുന്ന വിധത്തിലായത് സംബന്ധിച്ച പരാതിയും ഉയർന്നു. തളിപ്പറമ്പ് നഗരസഭാ പരിധിയില്‍ സ്വകാര്യവ്യക്തികള്‍ റോഡുകള്‍ക്ക് പേരിട്ട് തങ്ങളുടെ ബന്ധുക്കളുടെ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതം ചർച്ചയായി. ഇത്തരം നടപടികൾ തടയുമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.
കരിമ്പം ഫാമിനകത്തെ പൗരാണികമായ കരിപ്പത്ത് കോവിലകം അവശിഷ്ടങ്ങളും മണിക്കിണറും ഉള്‍പ്പെടെയുള്ളവ സംരക്ഷിക്കണമെന്ന ആവശ്യവും ഉയർന്നു. തഹസില്‍ദാര്‍ കെ.ചന്ദ്രശേഖരന്, ഹെഡ്ക്വാര്‍ട്ടേഴ്സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ പി.സുരേഷ്കുമാര്‍, എസ്ഐ. കെ.വി സതീശന് എന്നിവര്‍ പങ്കെടുത്തു.