മുല്ലക്കരയച്ചൻ; മലയോരത്തിന്റെ മുഖഛായ മാറ്റിയ കർമശ്രേഷ്ഠൻ
1547862
Sunday, May 4, 2025 7:24 AM IST
കണ്ണൂർ: കുടിയേറ്റത്തിന് ശേഷമുള്ള മലബാറിന്റെ വികസനത്തിന് ചുക്കാൻ പിടിച്ചവരിൽ ഒരാളാണ് അന്തരിച്ച ഫാ. ജോൺ മുല്ലക്കര. സ്കൂൾ, കോളജ്, ടെലിഫോൺ എക്സേഞ്ചുകൾ, റോഡുകൾ തുടങ്ങി മലയോരത്ത് നിരവധി വികസനങ്ങളാണ് ജോൺ അച്ചന്റെ ശ്രമഫലമായുണ്ടായത്.
1991 കരിക്കോട്ടക്കരി സെന്റ് തോമസ് ഇടവകയിലാണ് ആദ്യമായി വികാരിയായി എത്തിയത്. അച്ചൻ ഇടവകയിലെത്തുന്പോൾ പള്ളിയുടെ നിർമാണം പൂർത്തിയായെങ്കിലും പള്ളിമുറി ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ ശ്രമഫലമായി ചുരുങ്ങിയ നാൾകൊണ്ട് ഇവിടെ പള്ളിമുറി പണിതു.1995 വരെ കരിക്കോട്ടക്കരിയിൽ സേവനം അനുഷ്ഠിച്ച ശേഷം വെള്ളാട് സെന്റ് സെബാസ്റ്റ്യൻ പള്ളിവികാരിയായി ചുമതലയേറ്റു. വെള്ളാട് ഇടവകയിൽ റോഡ് വികസനത്തിനും മറ്റും മേൽനോട്ടം വഹിച്ചു.
1998 ൽ പൈസക്കരി ദേവമാത പള്ളിയുടെ വികാരിയായി ചുമതലയേറ്റ ശേഷം നിരവധി വികസനങ്ങളാണ് നടത്തിയത്. സെമിത്തേരി, ചാപ്പൽ, ഹൈസ്കൂൾ കെട്ടിടത്തിന്റെ നവീകരണം, ഭഗവദ്പാദ ഐടിസി, സ്വാശ്രയ ഹയർസെക്കൻഡറി സ്കൂൾ, സ്വാശ്രയ ഡിഗ്രി കോളജ് തുടങ്ങിയവയെല്ലാം ജോൺ മുല്ലക്കരയച്ചന്റെ സംഭാവനകളാണ്. കൂടാതെ മറ്റ് പ്രദേശങ്ങളുമായി പൈസക്കരിയെ ബന്ധിപ്പിക്കാനായി പൈസക്കരിയിൽ ടെലിഫോൺ എക്സേഞ്ച് ആരംഭിച്ചത് ജോണച്ചന്റെ നിരന്തരമായ പ്രയത്നംകൊണ്ടാണ്. ജോൺ മുല്ലക്കരയച്ചൻ പൈസക്കരിയിൽ വികാരിയായിരുന്നപ്പോഴാണ് പൈസക്കരിയെ ഫൊറോനയായി ഉയർത്തിയത്.
ആലക്കോട് സെന്റ് മേരീസ് പള്ളി, വെളിമാനം സെന്റ് സെബാസ്റ്റ്യൻസ് പള്ളി, തിരുമേനി സെന്റ് ആന്റണീസ് പള്ളി, മണ്ടപം സെന്റ് ജോസഫ് പള്ളി, അങ്ങാടിക്കടവ് സേക്രട്ട് ഹാർട്ട്, പയ്യന്നൂർ സെന്റ് തോമസ് പള്ളി എന്നിവിടങ്ങളിൽ വികാരിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2012 മുതൽ കരുവഞ്ചാൽ ശാന്തിഭവനിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.
തലശേരി അതിരൂപതയെ രൂപപ്പെടുത്തിയ വൈദികരിൽ പ്രമുഖനാണ് ജോൺ മുല്ലക്കരയച്ചനെന്ന് അതിരൂപത ചാൻസലർ റവ. ഡോ. ബിജു മുട്ടത്തുകുന്നേൽ ഓർമിക്കുന്നു. എല്ലാ പ്രതിസന്ധികളെയും പ്രയാസങ്ങളെയും പൗരോഹിത്യത്തിന്റെ തീക്ഷ്ണത കൊണ്ട് അദ്ദേഹം കീഴടക്കി. അച്ചന്റെ കാൽപാദം പതിഞ്ഞ നാടാണ് പൈസക്കരി. പൈസക്കരി ഇടവകയെ അതിരൂപതയിലെ തന്നെ ശ്രദ്ധിക്കപ്പെടുന്ന ഒരു പള്ളിയാക്കി മാറ്റി. സ്ഥാപനങ്ങൾ പടുത്തുയർത്തുക വഴി ഒരു പ്രദേശത്തിന്റെ വികസനം സാധ്യമാക്കുക എന്നതായിരുന്നു അച്ചന്റെ ലക്ഷ്യം. പള്ളിയിലെ വികാരി എന്നതിനു പുറമെ ഒരു നാടിന്റെ വളർച്ചയ്ക്കു തന്നെ നിരവധി പ്രസ്ഥാനങ്ങൾ കൊണ്ടുവരാൻ അദ്ദേഹത്തിന് സാധിച്ചു.
മറ്റുള്ളവർ എന്തുവിചാരിക്കും എന്നു കരുതി പറയേണ്ട കാര്യങ്ങൾ അച്ചൻ പറയാതിരുന്നില്ല. പറയാനുള്ളത് വളരെ ആർജവത്തോടെ അപാരമായ ധൈര്യത്തോടെ പറഞ്ഞിരുന്നു. മലബാറിലെ കരിസ്മാറ്റിക് പ്രസ്ഥാനത്തിന്റെ ആദ്യകാല വക്താക്കളിൽ പ്രധാനിയായിരുന്നു അച്ചൻ. മികച്ച സംഘാടകനും നവീന ആശയങ്ങളുടെ പ്രയോക്താവുമായിരുന്നു അദ്ദേഹം. വളരെ ആകർഷണീയമായ സംസാരത്തിലൂടെ കുട്ടികളെ അച്ചൻ ദൈവത്തോടും സഭയോടും ചേർത്തുനിർത്തുകയും വളർത്തുകയും ചെയ്തു.