കുടുംബശ്രീ ഇരിട്ടി ക്ലസ്റ്റർതല അരങ്ങ് കലോത്സവം
1547856
Sunday, May 4, 2025 7:23 AM IST
മട്ടന്നൂർ: 27 വർഷം പൂർത്തീകരിക്കുന്ന വേളയിൽ കുടുംബശ്രീ അംഗങ്ങളുടെയും ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളുടെയും സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുന്നതിനുവേണ്ടി അരങ്ങ് കലോത്സവം സംഘടിപ്പിച്ചു. ഇരിട്ടി ക്ലസ്റ്റർ തലത്തിൽ നടന്ന കലോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രത്നകുമാരി ഉദ്ഘാടനം ചെയ്തു.
1500ൽ പരം കുടുംബശ്രീ അയൽക്കൂട്ടം അംഗങ്ങളും ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളും 49 വ്യത്യസ്ത മത്സരങ്ങളിൽ മത്സരിച്ചു. 40 വയസിൽ താഴെയുള്ളവർ ജൂണിയർ കാറ്റഗറിയിലും 40 വയസിനു മുകളിലുള്ളവർ സീനിയർ കാറ്റഗറിയിലുമാണ് മത്സരിച്ചത്. കലോത്സവത്തോടനുബന്ധിച്ച് ഉത്പന്ന ശേഖരണത്തിനായി കലവറ വണ്ടിയും കലോത്സവ വേദിയിൽ കുടുംബശ്രീയുടെ ഫുഡ് കോർട്ടും സംഘാടക സമിതി ഒരുക്കിയിരുന്നു.
കീഴല്ലൂർ പഞ്ചായത്തിലെ എടയന്നൂർ സ്കൂളിലാണ് അരങ്ങ് കലോത്സവം നടന്നത്. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ എം.വി. ജയൻ, കീഴല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. മിനി, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ, പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാൽ, മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി. ബിന്ദു, കോളയാട് പഞ്ചായത്ത് പ്രസിഡന്റ് എം. റിജി, ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ്, തില്ലങ്കേരി പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീമതി, പായം പഞ്ചായത്ത് പ്രസിഡന്റ് പി. രജനി, കീഴല്ലൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. അനിൽ കുമാർ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയർമാൻ എം. രതീഷ്, കീഴല്ലൂർ കുടുംബശീ സിഡിഎസ് ചെയർപേഴ്സൺ കെ. റോജ എന്നിവർ പങ്കെടുത്തു.