പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ 13 പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു
1547865
Sunday, May 4, 2025 7:24 AM IST
കണ്ണൂര്‍: ജില്ലയില്‍ തെരുവ് നായ ആക്രമണത്തില്‍ പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ 13 പേര്‍ക്ക് കടിയേറ്റു. പള്ളിക്കുന്ന് മേഖലയില്‍ നാലുപേര്‍ക്കും ചാലാട് മേഖലയില്‍ ഒമ്പതോളം പേര്‍ക്കുമാണ് തെരുവ് നായയുടെ കടിയേറ്റത്. പള്ളിക്കുന്ന് തയ്യില്‍ കുളത്തിന് സമീപം വെള്ളിയാഴ്ച രാവിലെയാണ് നാല് പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റത്. പ്രദേശവാസികളായ കലാവതി (51) അനില്‍കുമാര്‍ (50), ജീവ(15), തമിഴ്നാട് സ്വദേശിനിയായ ദേവിക(55) എന്നിവര്‍ക്കാണ് പരിക്ക്.
രാവിലെ ജോലിസ്ഥലത്തേക്ക് നടന്നു പോകുമ്പോഴാണ് കലാവതിയെ തെരുവുനായ ആക്രമിച്ചത്. സാരി ഉള്‍പ്പെടെ നായ കടിച്ചുകീറി. വീടിന് സമീപത്തുനിന്ന് ബൈക്ക് നന്നാക്കുകയായിരുന്ന അനില്‍കുമാറിനെ പുറകില്‍ നിന്നെത്തിയ തെരുവുനായ ആക്രമിക്കുകയായിരുന്നു. ഇയാള്‍ക്ക് കാലിന് പരിക്കേറ്റു. രാവിലെ വീട്ടില്‍നിന്ന് ജോലിക്ക് പോകുന്നതിനിടെയാണ് തമിഴ്നാട് സ്വദേശിനിയായ ദേവികയ്ക്ക് തെരുവുനായയുടെ കടിയേറ്റത്.
പൊടിക്കുണ്ടിലേക്ക് മീന്‍വാങ്ങാനായി പോയപ്പോഴാണ് ജീവയ്ക്ക് നേരെ തെരുവുനായയുടെ ആക്രമണമുണ്ടായത്. കടിയേറ്റ നാലുപേരും ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. കൗണ്‍സിലര്‍ വി.കെ ഷൈജുവിന്റെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്തിന്റെ പട്ടിപിടിത്തക്കാരെത്തി തെരുവുനായയെ പിടികൂടി. പ്രദേശത്ത് തെരുവുനായ കൂട്ടത്തോടെയെത്തി ആക്രമിക്കുന്നത് പതിവായിരിക്കുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു.
ചാലാട് മണല്‍ ഭാഗത്ത് ഇന്നലെ രാവിലെ ഒമ്പതോടെയാണ് ആക്രമണമുണ്ടായത്. മണലിലെ ചിറമ്മല്‍ ജിജിലിന്റെ മകന് എയ്ഡന്‍ (4), ചാലാട് അല്‍ ഫലാഹില്‍ കെ.എന്‍ റയാന് (10), ഇറ (12), ധരുണ്‍ (40) മുഹമ്മദലി (70) കമറുദീന് (88) തുടങ്ങിയവര്‍ക്കാണ് കടിയേറ്റത്. ഇവരും ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. ഉച്ചയോടെ കടിച്ച പട്ടിയെ ചത്ത നിലയില്‍ കണ്ടെത്തിയിട്ടുണ്ട്.