"ആയുഷ്മാൻ ഭാരത്' ആരോഗ്യ സുരക്ഷാ പദ്ധതി എത്രയും വേഗം നടപ്പാക്കണം
1547852
Sunday, May 4, 2025 7:15 AM IST
പയ്യാവൂർ: വയോജനങ്ങൾക്കായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ആയുഷ്മാൻ ഭാരത് സൗജന്യ ആരോഗ്യ സുരക്ഷാ പദ്ധതി എത്രയും വേഗം കേരളത്തിൽ നടപ്പാക്കാനുള്ള സത്വര നടപടികൾക്ക് സംസ്ഥാന സർക്കാർ തയാറാകണമെന്ന് കേരള സീനിയർ സിറ്റിസൺ ഫോറം (കെഎസ്സിഎഫ്) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പദ്ധതി നടപ്പാക്കുന്നതിലുള്ള കാലതാമസം മൂലം അതിന്റെ ഗുണഫലം ലഭിക്കാത്തതിനാൽ വയോജനങ്ങൾക്ക് വലിയ സാമ്പത്തിക നഷ്ടമാണു സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് കമ്മിറ്റി പാസാക്കിയ പ്രമേയത്തിൽ പറയുന്നു.
പള്ളിക്കുളത്തെ ജില്ലാകമ്മിറ്റി ഓഫീസിൽ സംഘടിപ്പിച്ച സംഘടനാ ശാക്തീകരണ ശില്പശാല സംസ്ഥാന സെക്രട്ടറി വി.പി. ചാത്തു ഉദ്ഘാടനം ചെയ്തു. കണ്ണൂർ ജില്ലാ പ്രസിഡന്റ് ഏബ്രഹാം തോണക്കര അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി.കെ. രഘുനാഥൻ നമ്പ്യാർ ആമുഖ പ്രഭാഷണം നടത്തി.
സംസ്ഥാന അച്ചടക്ക സമിതിയംഗം കെ.എൻ. മോഹനൻ, ജില്ലാ ജോയിന്റ് സെക്രട്ടറി എ.വി. മോഹനൻ എന്നിവർ വിവിധ വിഷയങ്ങൾ വിശദീകരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് മാലൂർ പി. കുഞ്ഞിക്കൃഷ്ണൻ, പി.പി. ബാലൻ എന്നിവർ പ്രസംഗിച്ചു. മുഴുവൻ പ്രാദേശിക യൂണിറ്റുകളിലും സംഘടനാ ശാക്തീകരണ ക്യാമ്പുകൾ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ അഗസ്റ്റിൻ കുളത്തൂർ, കെ.വി. ശിവരാമൻ, ജോസഫ് കോക്കാട്ട്, സി.വി. രവീന്ദ്രൻ, പി.ഒ. ഗിരിജ എന്നിവരും ശില്പശാലയിൽ പങ്കെടുത്തു.