ചുവപ്പുനാടയിൽ കുടുങ്ങി കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ ഡയബറ്റിക് റീജണൽ ഇൻസ്റ്റിറ്റ്യൂട്ട്
1547394
Saturday, May 3, 2025 1:53 AM IST
പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളജിന്റെ ഭാഗമായി ഡയബറ്റിക് റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രഖ്യാപിച്ചിട്ട് പത്തു വർഷം കഴിഞ്ഞിട്ടും യാഥാർഥ്യമായില്ല. പ്രമേഹരോഗം മൂലം ഇതര ശരീരഭാഗങ്ങൾക്കുണ്ടാകുന്ന തകരാറുകളടക്കം കണ്ടുപിടിച്ച് ചികിത്സ നൽകാൻ ആവശ്യമായ സംവിധാനങ്ങളും ഡയാലിസിസ് ക്ലിനിക്കും അടങ്ങുന്ന സൂപ്പർ സ്പെഷാലിറ്റി വിഭാഗമായാണ് ഇൻസ്റ്റിറ്റ്യൂട്ട് വിഭാവനം ചെയ്തിരുന്നത്. ഇതുസംബന്ധിച്ച് പഠനങ്ങളും പ്രോജക്ട് റിപ്പോർട്ടും തയാറാക്കി സർക്കാരിൽ സമർപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇവ പൊടിപിടിച്ചു കിടക്കുകയാണ്. നിലവിൽ സംസ്ഥാനത്ത് തിരുവനന്തപുരത്ത് മാത്രമാണ് ഇത്തരം ഇൻസ്റ്റിറ്റ്യൂട്ടുള്ളത്.
2011 ലാണ് ഉത്തര കേരളത്തിലെ ആദ്യ ഡയബറ്റിക് ഇൻസ്റ്റിറ്റ്യൂട്ട് പരിയാരത്ത് ആരംഭിക്കണമെന്ന ആശയം ഉയർന്നത്. ഇതിനായി പരിയാരത്തെ സൗകര്യങ്ങൾ വിലയിരുത്തുകയും അത്യാധുനിക സൗകര്യങ്ങളുമായി പദ്ധതിക്ക് തുടക്കമിടുകയും ചെയ്തു. 2012 ൽ മെഡിക്കൽ കോളജ് ചെയർമാനായിരുന്ന ടി.കെ.ഗോവിന്ദൻ, മെഡിസിൻ വിഭാഗം മേധാവിയായിരുന്ന ടി.കെ. ചന്ദ്രശേഖരൻ, മെഡിസിൻ വിഭാഗം പ്രഫസറും ഗവേഷണ വിഭാഗം മേധാവിയുമായ ഡോ. ബാലകൃഷ്ണൻ വള്ളിയോട് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പദ്ധതിക്ക് തുടക്കമിട്ടത്. ഇതിനായി ചെന്നൈ ഡയബറ്റിക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിച്ച് പഠനം നടത്തുകയും ചെയ്തു. തുടർന്ന് ഡോ. ബാലകൃഷ്ണൻ വള്ളിയോടിന്റെ മേൽനോട്ടത്തിലാണ് വിശദമായ പ്രോജക്ട് തയാറാക്കി സമർപ്പിച്ചത്.
കോവിഡ് കാലത്ത് കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ കോവിഡ് ചികിത്സ സൗകര്യങ്ങൾ ഒരുക്കവെ പ്രത്യേക പ്രമേഹ ചികിത്സാ പദ്ധതിയുടെ ആവശ്യകതയും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. അന്ന് കോവിഡ് ബാധിച്ച് മരിച്ചവർ ഏറെയും പ്രമേഹബാധിതരായിരുന്നുവെന്നതും ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രസക്തി വർധിപ്പിച്ചു. പരിയാരത്ത് ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കാനുള്ള ഭൗതിക സാഹചര്യങ്ങളും ചികിത്സയ്ക്കുള്ള ഡോക്ടർമാരടക്കമുള്ള സൗകര്യവുമുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് പദ്ധതി മുന്നോട്ടു പോകാത്തതെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ല.
ഡയബറ്റിക് ക്ലിനിക്കും പൂട്ടി
കണ്ണൂർ ഗവ. മെഡിക്കൽ കോളജ് മെഡിസിൻ വിഭാഗത്തിൽ പ്രവർത്തിച്ചിരുന്ന ഡയബറ്റിക് ക്ലിനിക്കിന്റെ പ്രവർത്തനവും ഇപ്പോൾ നിലച്ച അവസ്ഥയിലാണ്. കോവിഡ് കാലത്തായിരുന്നു ക്ലിനിക്കിന്റെ പ്രവർത്തനം നിർത്തിവച്ചത്. കോവിഡിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നിന്റെ ഭാഗമായിട്ടായിരുന്നു നിർത്തിവച്ചതെങ്കിലും പിന്നീട് തുറക്കാൻ നടപടിയുണ്ടായിട്ടില്ല.