കീഴ്പള്ളി സിഎച്ച്സിയിൽ ഡയാലിസിസ് യൂണിറ്റിന് അനുമതി നൽകണം: താലൂക്ക് വികസന സമിതി
1547857
Sunday, May 4, 2025 7:24 AM IST
ഇരിട്ടി: അടിസ്ഥാന സൗകര്യങ്ങൾ എല്ലാം ഒരുക്കിയ കീഴ്പള്ളി സിഎച്ച്സിയിൽ ഡയാലിസിസ് യൂണിറ്റിന് അനുമതി നൽകണമെന്ന് ഇരിട്ടി താലൂക്ക് വികസന സമിതി യോഗം സർക്കാരിനോടാവശ്യപ്പെട്ടു. നേരത്തെ സർക്കാരിന്റെ അനുമതിയോടെ 2020 മുതൽ ഘട്ടം ഘട്ടമായി ഡയാലിസിസ് യൂണിറ്റിനുള്ള അടിസ്ഥാന സൗകര്യങ്ങളെല്ലാം ഒരുക്കിയിരുന്നു.
താലൂക്കാശുപത്രിയിലും അതിന് മുകളിലുള്ള ആശുപത്രിയിലും മാത്രമേ ഡയാലിസിസ് അനുവദിക്കാവു എന്ന ആരോഗ്യവകുപ്പിന്റെ പുതിയ ഉത്തരവിറങ്ങിയതാണ് ഡയലാസിസ് യൂണിറ്റ് ആരംഭിക്കുന്നതിന് തടസമായിരിക്കുന്നത്.
യൂണിറ്റ് യാഥാർഥ്യമാക്കാൻ കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരും സമ്മർദം ചെലുത്തണമെന്ന് പ്രശ്നം ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ ആവശ്യപ്പട്ടു. കാര്യങ്ങൾ മുഖ്യമന്ത്രിയും ആരോഗ്യം മന്ത്രിയെയും നേരിട്ട് കണ്ട് ബോധ്യപ്പെടുത്തണമെന്നും ഇതിന് കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരുടെയും ഒറ്റക്കെട്ടായ സഹകരണം വേണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.
ഇരിട്ടി താലൂക്ക് ആശുപത്രിയിൽ 24 മണിക്കൂറും ഡോക്ടറുടെ സേവനം ഉറപ്പാക്കണമെന്ന നിർദേശവും യോഗത്തിൽ ഉയർന്നു. 15 ഡോക്ടർമാരുടെ തസ്തികളിൽ നിലവിൽ ഏഴ് ഡോക്ടർമാർ മാത്രമാണുള്ളതെന്നും ഒരാൾ അവധിയിൽ പോകുന്ന സാഹചര്യമുണ്ടായാൽ മുഴുവൻ സമയവും ഡോക്ടറുടെ സേവനം ലഭ്യമാക്കാൻ കഴിയാത്ത അവസ്ഥയാണുള്ളതെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ആശുപത്രിയിൽ നിരവധി അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കേണ്ടതുണ്ടെന്ന് ഇരിട്ടി മുനിസിപ്പൽ ചെയർപേഴ്സൺ കെ.ശ്രീലത പറഞ്ഞു.
ജനപ്രതിനിധികൾ വിളിച്ചാൽ പോലും ഫോൺ എടുക്കാത്ത അവസ്ഥയുണ്ടെന്നും ഇക്കാര്യം ഗൗരവമായി കാണണമെന്നും സണ്ണിജോസഫ് എംഎൽഎ പറഞ്ഞു. ഇരിട്ടി - പേരാവൂർ റോഡിന്റെ ഉപരിതലം പുതുക്കിയതിനുശേഷം റോഡിന് ഇരുവശങ്ങളിലും രൂപം കൊണ്ട വലിയ കുഴികൾ കാരണം നിരന്തരമായി ഉണ്ടാവുന്ന അപകടങ്ങൾ യോഗത്തിൽ ചർച്ചയായി. കുഴികൾ നികത്താനുള്ള നടപടികൾ ആരംഭിച്ചതായി പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. നേരമ്പോക്ക്- എടക്കാനം റോഡിന്റെ നവീകരണം വൈകുന്നതിലെ ആശങ്ക പ്രതിനിധികൾ യോഗത്തിൽ പങ്കുവെച്ചു.
നഗരസഭ 24 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ പ്രാദേശിക റോഡ് വികസന ഫണ്ടിൽ നിന്നും എംഎൽഎ മുഖാന്തരം 45 ലക്ഷം രൂപയും അനുവദിച്ചിട്ട് മാസങ്ങളായെങ്കിലും നിർമാണം വൈകുന്നതിൽ പരാതി ഉയർന്നിട്ടുണ്ടെന്ന് ജനപ്രതിനിധികൾ പറഞ്ഞു. 400 കെ വി ലൈൻ വലിക്കുമ്പോൾ ഉണ്ടാകുന്ന നാശനഷ്ടങ്ങൾ പരിഹരിക്കുന്നതിന് കണക്കെടുപ്പ് ഉടൻ പൂർത്തിയാക്കണമെന്ന ആവശ്യവും ഉയർന്നു. ഇരിട്ടി തഹസിൽദാർ സി.വി. പ്രകാശൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഇബ്രാഹിം മുണ്ടേരി, തോമസ് വർഗീസ, തോമസ് തയ്യിൽ, വിപിൻ തോമസ്, പി.പി. ദിലീപ്കുമാർ എന്നിവർ പ്രസംഗിച്ചു