ജില്ലയിൽ പാഠപുസ്തകവിതരണം തുടങ്ങി
1547952
Monday, May 5, 2025 1:03 AM IST
ഇതുവരെ വിതരണം ചെയ്തത് 17 ലക്ഷം പുസ്തകങ്ങൾ
സ്വന്തം ലേഖിക
കണ്ണൂർ: സ്കൂൾ തുറക്കുന്നതിന് മുന്പ് എല്ലാ സ്കൂളുകളിലും പാഠപുസ്തകങ്ങൾ എത്തിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. നിലവിൽ 60 ശതമാനത്തോളം പുസ്തകങ്ങൾ വിതരണം ചെയ്ത് കഴിഞ്ഞു. രണ്ട്, നാല്, ആറ്, എട്ട് ക്ലാസുകളിലെ പരിഷ്കരിച്ച പുസ്തകങ്ങൾ ഇതുവരെ ഡിപ്പോയിൽ എത്തിയിട്ടില്ല. വരും ദിവസങ്ങളിൽ എത്തുമെന്നാണ് അധികൃതർ അറിയിക്കുന്നത്.
ഒന്പത്, പത്ത് ക്ലാസുകളിലെ പുസ്തകങ്ങൾ 75 ശതമാനത്തോളം സൊസൈറ്റികളിൽ എത്തിച്ചു. ഇവിടെ നിന്ന് സ്കൂളിലേക്ക് എത്തിക്കും. ഒന്നാം വോളിയത്തിൽ 31 ലക്ഷം പുസ്തകങ്ങളാണ് ഡിപ്പോയിൽ എത്തേണ്ടിയിരുന്നത്. നിലവിൽ 22 ലക്ഷം പുസ്തകങ്ങളാണ് എത്തിയത്. ഇതിൽ 17 ലക്ഷം പുസ്തകങ്ങൾ സൊസൈറ്റികളിൽ എത്തിച്ചുകഴിഞ്ഞു.
എല്ലാ ക്ലാസുകളിലേയും പ്രധാന വിഷയങ്ങൾ എല്ലാം സൊസൈറ്റികളിലും എത്തിച്ചിട്ടുണ്ട്. ഡിപ്പോയിലെത്തിയ പുസ്തകങ്ങളുടെ വിതരണം മേയ് രണ്ടാം വാരത്തോടെ പൂർത്തിയാക്കുമെന്ന് ജില്ലാ പാഠപുസ്തക ഡിപ്പോ സൂപ്പർവൈസർ കെ.വി. ജിതേഷ് പറഞ്ഞു. ബാക്കിയുള്ള പുസ്തകങ്ങൾ ഡിപ്പോയിലെത്തുന്ന മുറയ്ക്ക് വിതരണം പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
324 സൊസൈറ്റികൾ,
വിതരണം നടത്തുന്നത്
കുടുംബശ്രീ പ്രവർത്തകർ
പയ്യാമ്പലത്തുള്ള റീജണൽ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിനോട് ചേർന്നാണ് ജില്ലയിൽ പുസ്തകവിതരണ ഡിപ്പോ. ഇവിടേയ്ക്കാണ് ജില്ലയിലേക്കാവശ്യമായ പുസ്തകങ്ങളെല്ലാം എത്തുന്നത്. ഇവിടെ നിന്ന് പുസ്തകങ്ങൾ തരം തിരിച്ച് സൊസൈറ്റികളിലേക്ക് കൈമാറും. ജില്ലയിൽ 324 സൊസൈറ്റികളാണ് ഉള്ളത്. നാലോ അഞ്ചോ സ്കൂളുകൾക്ക് ഒരു സൊസൈറ്റി എന്നതാണ് കണക്ക്. സൊസൈറ്റികളിൽ അധ്യാപകർ നേരിട്ട് എത്തിയാണ് പുസ്തകങ്ങൾ കൈപ്പറ്റുന്നത്.
കഴിഞ്ഞ വർഷങ്ങളിലേത് പോലെ ഇപ്രാവശ്യവും 18 ഓളം കുടുംബശ്രീ പ്രവർത്തകരാണ് ഡിപ്പോയിൽ പുസ്തക വിതരണം നടത്തുന്നത്. പുസ്തകങ്ങൾ എണ്ണിത്തിട്ടപ്പെടുത്തി അതാത് സൊസൈറ്റികളിലേക്ക് ഉള്ളവ ഇവർ വാഹനത്തിൽ കയറ്റി അയയ്ക്കും. കാക്കനാടുള്ള കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിയാണ് പുസ്തകങ്ങൾ അച്ചടിക്കുന്നത്. സ്കൂൾ തുറക്കുന്നതിന് മുന്പ് പുസ്തകങ്ങൾ കുട്ടികളുടെ കൈയിൽ എത്തിക്കാനായി കുടുംബശ്രീ പ്രവർത്തകരടക്കം രാപ്പകലില്ലാതെ കഷ്ടപെടുകയാണെന്ന് കെ.വി. ജിതേഷ് പറഞ്ഞു.
പുസ്തകങ്ങൾ
സൂക്ഷിക്കാൻ സ്ഥലമില്ല
നിലവിൽ ഡിപ്പോയിൽ പാഠപുസ്തകങ്ങൾ സൂക്ഷിക്കാൻ സ്ഥലമില്ലാത്ത അവസ്ഥയാണ്. അറ്റകുറ്റപ്പണിക്കായി ഡിപ്പോയുടെ ഒരു ഭാഗം പൊളിച്ച് നീക്കിയിരിക്കുകയാണ്. വരാന്തയുടെ ഒരു സൈഡിലും ഒരു ക്ലാസ് മുറിയിലുമൊക്കെയായാണ് പുസ്തകങ്ങൾ സൂക്ഷിക്കുന്നത്. റൂഫിംഗ്, ടൈൽസ് തുടങ്ങിയ പണികൾക്കായാണ് ഒരു ഭാഗം പൊളിച്ചിട്ടത്. നിലവിൽ പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്.
ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയാകുമെന്നാണ് അധികൃതർ പറയുന്നത്. വേനൽമഴ കൂടി വന്നതോടെ പുസ്തകങ്ങൾ സൂക്ഷിക്കാൻ സ്ഥമില്ലാതെ നെട്ടോട്ടമോടുകയാണ് അധികൃതർ. പുസ്തക വിതരണം ആരംഭിച്ച സമയത്ത് തന്നെ ഡിപ്പോ പൊളിച്ച് അറ്റകുറ്റപ്പണി തുടങ്ങിയതിൽ ചില ജീവനക്കാർക്ക് അതൃപ്തിയുണ്ട്.