ലോക തൊഴിലാളി ദിനത്തിൽ മാതൃകയായി കെഎസ്ഇബി ജീവനക്കാർ
1547845
Sunday, May 4, 2025 7:13 AM IST
പയ്യാവൂർ: ലോക തൊഴിലാളി ദിനത്തിൽ ജീവകാരുണ്യ പ്രവർത്തനത്തിന് മാതൃകയുമായി പയ്യാവൂരിലെ കെഎസ്ഇബി ജീവനക്കാർ. പടിയൂർ-കല്യാട് പഞ്ചായത്ത് ഒന്നാം വാർഡിലെ മണ്ണേരിയിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് ശേഷം വിശ്രമത്തിൽ കഴിയുന്ന നിർധന കുടുംബാംഗം ഹൃദ്യമോളുടെ വീട്ടിലേക്ക് റോഡുണ്ടാക്കാൻ തടസമായിരുന്ന വൈദ്യുത തൂണുകളും ലൈനുകളും മാറ്റി സ്ഥാപിച്ചു നൽകുകയാണ് പയ്യാവൂർ സെക്ഷനിലെ ജീവനക്കാരും തൊഴിലാളികളും ചേർന്ന് സൗജന്യമായി ചെയ്തു നൽകിയത്.
നാല് തൂണുകളും ലൈനുകളും മാറ്റി സ്ഥാപിക്കാൻ കെഎസ്ഇബിയിൽ നൽകേണ്ട മുപ്പതിനായിരം രൂപ ജീവനക്കാർ ഓരോരുത്തരും വിഹിതമെടുത്ത് സമാഹരിക്കുകയായിരുന്നു. അവധി ദിനമായ മേയ് ഒന്നിന് അതിവേഗത്തിൽ പൂർത്തിയാക്കിയ പ്രവൃത്തിക്ക് പണിക്കൂലിയും വേണ്ടെന്ന് വച്ചു.
കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കായി അമ്പത് ലക്ഷത്തോളം രൂപ സമാഹരിച്ച ചികിത്സാ സഹായ സമിതിയാണ് ഹൃദ്യമോളുടെ കുടുംബത്തിന് ലൈഫ് ഭവനപദ്ധതി മുഖേന പുതിയ വീട് നിർമിക്കാനുള്ള പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നത്. വീട്ടിലേക്കുള്ള റോഡ് പഞ്ചായത്ത് ഏറ്റെടുത്ത് മൂന്ന് മീറ്റർ വീതിയിൽ കോൺക്രീറ്റ് ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.