വേനൽമഴയിൽ വ്യാപക നാശം
1547855
Sunday, May 4, 2025 7:23 AM IST
ഇരിട്ടി: വേനൽമഴയിലും കാറ്റിലും അയ്യൻകുന്ന്, ആറളം, പായം പഞ്ചായത്തുകളിൽ വ്യാപക നാശം. ഒന്പത് വീടുകൾ ഭാഗികമായി തകർന്നു. ഏക്കർ കണക്കിന് റബർ, കശുമാവ്, വാഴ , മറ്റ് മരങ്ങൾ എന്നിവ കാറ്റിൽ നിലം പൊത്തി. കഴിഞ്ഞ ദിവസം വൈകുന്നേരം നാലോടെയായിരുന്നു മഴയ്ക്കൊപ്പം ആഞ്ഞു വീശിയ കാറ്റ് നാശം വിതച്ചത്.
മരങ്ങൾ കടപുഴകി വീണാണ് കൂടുതൽ നാശനഷ്ടം സംഭവിച്ചത്. മരങ്ങൾ വീണ് പലയിടത്തും ഗതാഗതം സ്തംഭിച്ചതിനൊപ്പം വൈദ്യുത തൂണുകൾ തകരുകയും ചെയ്തു. വൈദ്യുത തൂണുകളും ലൈനുകളും തകർന്നതിനാൽ വൈദ്യുത ബന്ധം വിഛേദിക്കപ്പെട്ടു.

അയ്യൻകുന്ന് പഞ്ചായത്തിലെ വെമ്പുഴച്ചാലിൽ ബിജു പാരിക്കപ്പള്ളി, ബെന്നി എടപ്പാട്ട്, ഐഎച്ച്ഡിപി സങ്കേതത്തിലെ ജാനു കുമാരൻ, ലിസ പാലുകുടിയിൽ, ഷൈജു പാലുകുടിയിൽ, ചിന്നമ്മ പാലുകുടിയിൽ, കീഴ്പള്ളിയിലെ ചക്കുതാപറമ്പിൽ ഗ്രേസി എന്നിവരുടെ വീടുകളുടെ മേൽ മരങ്ങൾ കടുപുഴകി വീണ് വീടുകൾ ഭാഗികമായി തകർന്നു.
പായം പഞ്ചായത്തിലെ വിളമന ഉദയഗിരിയിലെ പൊട്ടയിൽ ജനാർദനന്റെ വീടിന് ഇടിമിന്നലേറ്റ് നാശനഷ്ടമുണ്ടായി. വീടിന്റെ ഭിത്തി വിണ്ടുകീറി. വയറിംഗും വൈദ്യുതോപകരണങ്ങളും കത്തി നശിച്ചു.കോയിക്കലോട്ട് വർക്കിയുടെ തൊഴുത്ത് മരം വീണ് തകർന്നു. വേളാശേരി സണ്ണി, കളപ്പുര തോമസ്, മടത്തിമുറിയിൽ മാത്യു, കണ്ണാകൽ ജോസഫ്, എന്നിവരുടെ ടാപ്പിംഗ് നടക്കുന്ന നൂറുകണക്കിന് റബർ മരങ്ങൾ പൊട്ടിവീണു. ഉരുപ്പുംകുറ്റിയിൽ ഷിബു കരിപ്പേരിയിൽ, ജയമോൻ പുതിയേടത്ത് എന്നിവരുടെ 30 0ഓളം കുലച്ച വാഴകൾ നിലംപൊത്തി. സ്ഥലം പാട്ടത്തിന് എടുത്ത കൃഷി നടത്തിയിരുന്ന ഇവർക്ക് കനത്ത നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.
ഏഴുമുതൽ എട്ട് മാസം വരെ പ്രായമായ കുലച്ച വാഴകളാണ് നിലം പൊത്തിയിരിക്കുന്നത്. ഇടശേരിതടത്തിൽ സ്കറിയ, ആലപ്പാട്ട് ജോസഫ് എന്നിവരുടെ വാഴ, മരച്ചീനി എന്നിവയും നശിച്ചു. അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളികുന്നേൽ, വൈസ് പ്രസിഡന്റ് ബീന റോജസ്, സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻ ഐസക് ജോസഫ്, സജി മച്ചിത്താന്നി , മനോജ് എം.കണ്ടത്തിൽ, വില്ലേജ് ഓഫിസർ രാജു കെ.പരമേശ്വരൻ, കൃഷി ഓഫിസർ ഷെറിൽ എന്നിവർ നാശനഷ്ടം സംഭവിച്ച സ്ഥലങ്ങൾ സന്ദർശിച്ചു.