പോലീസുകാരനെയടക്കം കുത്തിപ്പരിക്കേല്പിച്ച് മുങ്ങിയ പ്രതികള്‍ കന്യാകുമാരിയില്‍ പിടിയില്‍
1547951
Monday, May 5, 2025 1:03 AM IST
കാസര്‍ഗോഡ്: ബേഡകം കാഞ്ഞിരത്തുങ്കാല്‍ കുറത്തിക്കുണ്ടില്‍ പോലീസുകാരനെയടക്കം രണ്ടുപേരെ കുത്തിപരിക്കേല്‍പ്പിച്ച് ഒളിവില്‍ പോയ സഹോദരങ്ങള്‍ പിടിയില്‍. മുന്നാട് അരിച്ചെപ്പില്‍ താമസക്കാരായ ജിഷ്ണു സുരേഷ് (24), വിഷ്ണു സുരേഷ് (25) എന്നിവരെ കന്യാകുമാരിയില്‍ നിന്നാണ് പിടികൂടിയത്. ഏപ്രില്‍ 19നു രാത്രി 11ഓടെയാണ് സംഭവം. ജിഷ്ണുവും വിഷ്ണുവും അധ്യാപകദമ്പതികളുടെ വീടിനു മുന്നിലെത്തി ബഹളംവച്ചത് തടയാനെത്തിയപ്പോഴാണ് ബീംബുങ്കാലിലെ സനീഷിന്റെ വയറ്റില്‍ വെട്ടേറ്റത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സിപിഒ സൂരജിന്റെ താടിക്കും വെട്ടേറ്റിരുന്നു. സംഭവസ്ഥലത്ത് നിന്നു കൊടുവാള്, കത്തി തുടങ്ങിയ ആയുധങ്ങളും ചോര പുരണ്ട വസ്ത്രവും പോലീസ് കണ്ടെടുത്തിരുന്നു. സംഭവത്തിനുശേഷം കടന്നുകളഞ്ഞ പ്രതികളെ കണ്ടെത്താന്‍ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വധശ്രമം അടക്കം ചുമത്തിയാണ് ബേഡകം പോലീസ് കേസെടുത്തിട്ടുള്ളത്. എട്ടു വര്‍ഷം മുമ്പ് കോട്ടയത്ത് നിന്ന് കാസര്‍ഗോട്ടേയ്ക്ക് കുടിയേറിയ യുവാക്കള്‍ റബര്‍ ടാപ്പിംഗ് തൊഴിലാളികളാണ്.