ആറളത്ത് ഡിജിറ്റൽ സർവേയ്ക്ക് നേതൃത്വം നൽകിയ ഉദ്യോഗസ്ഥർക്ക് ആദരവ്
1547403
Saturday, May 3, 2025 1:53 AM IST
ഇരിട്ടി: കേരളത്തിൽ പൂർത്തിയായിക്കൊണ്ടിരിക്കുന്ന "എന്റെ ഭൂമി' ഡിജിറ്റൽ റീസർവേ നടപടികൾ ജില്ലയിലെ ഏറ്റവും വലിയ വില്ലേജായ ആറളത്ത് സമയബന്ധിതമായി പൂർത്തിയാക്കാൻ നേതൃത്വം നൽകിയ ഉദ്യോഗസ്ഥർക്ക് ആദരം ഒരുക്കി പഞ്ചായത്തും പൗരാവലിയും. ആറളം ഡിജിറ്റൽ സർവേ ക്യാന്പിന് നേതൃത്വം നൽകിയ തളിപ്പറമ്പ് സർവേ സൂപ്രണ്ട് എം. രാജൻ, ഹെഡ് സർവേയർ കെ.സി. ഗംഗാധരൻ, സർവേയർ ജിജു ആന്റോ എന്നിവരെയാണ് പഞ്ചായത്തിന്റെയും പൗരാവലിയുടെയും നേതൃത്വത്തിൽ ആദരിച്ചത്.
അനുമോദന സമ്മേളനം ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജെസിമോൾ വാഴപ്പള്ളി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ ജോസ് അന്ത്യാംകുളം, വി.വി. ജോസഫ് വേകത്താനം, ജിമ്മി അന്തിനാട്ട്, ബിജു അടപ്പുകല്ലുങ്കൽ, ജോർജ് തോമസ് വിലങ്ങുപാറ, സണ്ണി പീടിയേക്കൽ, അപ്പച്ചൻ ഓടയ്ക്കൽ എന്നിവർ പ്രസംഗിച്ചു.