കണ്ണൂർ വിമാനത്താവള സുരക്ഷയ്ക്ക് കരുത്തു പകരാൻ തലശേരി എൻജി. കോളജ് വിദ്യാർഥികളുടെ ആപ്പ്
1547950
Monday, May 5, 2025 1:03 AM IST
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിലെ സുരക്ഷാ വിഭാഗത്തിന് കരുത്തേകാൻ സോഫ്റ്റ്വേർ ആപ്ലിക്കേഷൻ വികസിപ്പിച്ചു നൽകി തലശേരി എൻജിനിയറിംഗ് കോളജിലെ ഐടി വിഭാഗം അവസാന വർഷ വിദ്യാർഥികൾ. ഐറിസ് (ഇൻസിഡന്റ് റിപ്പോർട്ടിംഗ് ആൻഡ് ഇൻവെസ്റ്റിഗേഷൻ സിസ്റ്റം) എന്ന ആപ്ലിക്കേഷനാണ് തയറാക്കിയത്. വിമാനത്താവളത്തിലെ വിവിധ വിഭാഗങ്ങളിലെ സുരക്ഷാ മുൻകരുതലുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈമാറാനും ഇവ ഡാഷ്ബോർഡ് വഴി കാണാനും സഹായിക്കുന്ന സംവിധാനമാണ് ഐറിസ്.
സുരക്ഷാ ഉദ്യോഗസ്ഥർക്ക് വിവരങ്ങൾ യഥാസമയം നിരീക്ഷിക്കാനും വിശകലനം ചെയ്യാനും സാധിക്കും. വിവരങ്ങളുടെ സമഗ്രതയും സ്വകാര്യതയും ഉറപ്പാക്കാൻ ഉദ്യോഗസ്ഥരുടെ ചുമതല അനുസരിച്ചുള്ള ആക്സസ് സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്. പോർട്ടുകൾ, വ്യാവസായിക മേഖലകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിലെ സുരക്ഷാ വിഭാഗങ്ങളിലും ഐറിസ് കാര്യക്ഷമമായി ഉപയോഗിക്കാനാകും.
ബിടെക് എട്ടാം സെമസ്റ്റർ ഐടി വിദ്യാർഥികളായ ആദിത്യ വി. ആനന്ദ്, പി. നവജ്യോത്, വൈശാഖ് സതീഷ്, എൻ.എം.വിവേക് എന്നിവർ ചേർന്നാണ് ആപ്ലിക്കേഷൻ വികസിപ്പിച്ചത്. ഐടി അസി. പ്രഫസർമാരായ പ്രോജക്ട് ഗൈഡ് ജി.പി. നിത്യ, കോ-ഓർഡിനേറ്റർ അഖിൽ ചന്ദ്രൻ മിനിയാടൻ എന്നിവരാണ് ആവശ്യമായ നിർദേശങ്ങളുൾപ്പടെ നൽകിയത്. കോളജിലെ ഐടി വിഭാഗം കഴിഞ്ഞ വർഷം തയാറാക്കി നൽകിയ മറ്റൊരു ആപ്ലിക്കേഷൻ വിമാനത്താവള ജീവനക്കാർ നിലവിൽ ഉപയോഗിച്ചുവരുന്നുണ്ട്.
ആപ്ലിക്കേഷൻ വികസിപ്പിച്ച വിദ്യാർഥികളെയും സഹായിച്ച അധ്യാപകരെയും കിയാൽ എംഡി സി.ദിനേശ്കുമാറിന്റെ നേതൃത്വത്തിൽ വിമാനത്താവളത്തിൽ നടത്തിയ ചടങ്ങിൽ അനുമോദിച്ചു. ഐടി വിഭാഗം മേധാവി പി.കെ.ഷമൽ, കിയാൽ സിഒഒ അശ്വനികുമാർ, സീനിയർ ഐടി മാനേജർ കെ.ദിനേശ്, അസി.മാനേജർ കെ.കെ.ലസിത്, സേഫ്റ്റി മാനേജർ ടെഫി ജോസഫ് എന്നിവർ പങ്കെടുത്തു.