ചീമേനിയിലെ കവര്‍ച്ച: നേപ്പാള്‍ സ്വദേശി അറസ്റ്റില്‍
1547864
Sunday, May 4, 2025 7:24 AM IST
ചീമേനി: ചീമേനി നിടുംബയില്‍ വീട്ടില്‍ നിന്നു 82.5 പവന് സ്വര്‍ണാഭരങ്ങളും മൂന്നു കിലോയോളം വെള്ളിയും കവര്‍ച്ച ചെയ്ത് കടന്നുകളഞ്ഞ കേസിലെ പ്രതികളില്‍ ഒരാളെ പൂനെയില്‍ നിന്നു ചീമേനി പോലീസ് അറസ്റ്റ് ചെയ്തു. നേപ്പാള്‍ സ്വദേശി നര് ബഹദൂര്‍ ഷാഹി (37) ആണ് അറസ്റ്റിലായത്. ഫെബ്രുവരി മൂന്നിന് നിടുംബയില്‍ സിവില്‍ എന്‍ജിനിയറായ മുകേഷിന്റെ വീട്ടില്‍ കവര്‍ച്ച നടത്തിയ സംഭവത്തിലാണ് അറസ്റ്റ്.
ഈ വീട്ടില്‍ പശുവിനെ പരിപാലിക്കാന്‍ വന്ന നേപ്പാള്‍ സ്വദേശികളായ ചക്ര ഷാഹി, ഭാര്യ ഇഷ ചൗധരി എന്നിവരാണ് കേസിലെ മുഖ്യപ്രതികള്‍. ആകെ ആറു പ്രതികളുള്ള കേസില്‍ കൃത്യം നടത്തിയ ശേഷം കവര്‍ച്ച മുതലുകള്‍ ഉള്‍പ്പെടെ കടത്തിക്കൊണ്ട് പോകുന്നതിന് സഹായിച്ച ആളെ ആണ് പോലീസ് പിടികൂടിയത്. ഇയാള്‍ ചെറുവത്തൂരില്‍ ലോഡ്ജില്‍ റൂം എടുത്ത് താമസിച്ചിരുന്നതായി അന്വേഷണത്തില്‍ പോലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ലോഡ്ജില്‍നിന്ന് ലഭിച്ച തിരിച്ചറിയല്‍ രേഖയില്‍നിന്നുമാണ് ഇയാളെക്കുറിച്ചുള്ള വിവരം ലഭിച്ചത്. വീടിന്റെ ഉടമസ്ഥനും ഭാര്യയും പുറത്തുപോയ സമയത്താണ് ഇവര്‍ കവര്‍ച്ച നടത്തിയത്.
കവര്‍ച്ച നടത്തിയ പ്രദേശത്തെയും വീട്ടിലെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പിന്തുടര്ന്നാണ് പോലീസ് പ്രതി താമസിച്ച ലോഡ്ജില്‍ എത്തിയത്. ഇവിടുന്ന് ലഭിച്ച വിവരങ്ങള്‍വച്ച് പ്രതിക്ക് കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലുള്ള ബന്ധങ്ങള്‍ മനസിലാക്കിയ പോലീസ് കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ മുഴുവന്‍ പോലീസ് സ്റ്റേഷനുകളിലും വിവരം കൈമാറുകയും തുടര്‍ന്ന് നിജിഡി പോലീസ് സ്റ്റേഷനിലെ മറ്റൊരു കേസില്‍ പിടിയിലായ പ്രതിയെ ചീമേനി പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കേസിലുള്‍പ്പെട്ട പ്രതികള്‍ക്ക് സമാനമായ കേസുകള്‍ ഉള്ളതായി അന്വേഷണത്തില്‍ കണ്ടെത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി. കവര്‍ച്ചാമുതലുകള്‍ മറ്റുള്ളവരുടെ കൈയിലാണെന്നും അതിന്റെ പങ്ക് തനിക്ക് ലഭിച്ചിട്ടില്ലെന്നുമാണ് ഷാഹി പോലീസിനോട് പറഞ്ഞത്.
ചീമേനി ഇന്‍സ്പെക്ടര്‍ എ.അനില്‍കുമാര്‍, എസ്ഐ കെ.രമേശന്, എഎസ്ഐ പി.സുഗുണന്, എസ്സിപിഒ മാരായ കമല്‍കുമാര്‍, കെ.വി.അജിത്, വി. രാജീവന്, സി.വി. ഷിജു, വി.വി. അജയന്, വി.സി. സന്ദീപ് എന്നിവരടങ്ങുന്ന അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.