തേനീച്ച കർഷകർക്ക് മധുരമില്ലാ കൃഷി
1547863
Sunday, May 4, 2025 7:24 AM IST
ഇരിട്ടി: തേനീച്ച കർഷകർക്ക് മധുരമില്ലാത്ത കൃഷിക്കാലം. മാർക്കറ്റിൽ അനുഭവപ്പെടുന്ന കുത്തനെയുള്ള വിലയിടിവും കാലാവസ്ഥ വ്യതിയാനവും തേൻ സംഭരിക്കാൻ ഏജൻസികൾ ഇല്ലാത്തതുമാണ് പ്രതിസന്ധിക്ക് കാരണം. കേരളത്തിൽ സംസ്കരിക്കാത്ത തേനിന് 150 മുതൽ 200 രൂപവരെയാണ് ലഭിക്കുന്ന പരമാവധി വില. തമിഴ്നാട്ടിൽ 200 മുതൽ 250 രൂപവരെ ലഭിക്കും. ഇന്ന് മാർക്കറ്റിൽ ലഭിക്കുന്ന വൻകിട കമ്പനികളുടെ സംസ്കരിച്ച തേനിന് കിലോയ്ക്ക് 600 രൂപവരെയാണ് വില.
മലയോര മേഖലകളിൽ വ്യാപകമായി തേനീച്ച കൃഷി നടത്തുന്ന വലുതും ചെറുതുമായ നിരവധി തേനീച്ച കർഷകരുണ്ട്. എന്നാൽ, ഇവരൊന്നും കൃഷി വകുപ്പിന്റെ കണക്കിലില്ല. തേനീച്ച കർഷകരെ സംരക്ഷിക്കാനോ കൃഷിയെ പ്രോത്സാഹിപ്പിക്കാനോ സർക്കാരും കൃഷി വകുപ്പും കാര്യമായ പദ്ധതികളൊന്നും ചെയ്യുന്നില്ല. ഉത്പാദിപ്പിക്കുന്ന തേൻ വിറ്റഴിക്കാൻ കൃഷി വകുപ്പിന്റെ സഹായങ്ങൾ ലഭിക്കാത്തതാണ് തേനീച്ച കർഷകരെ ആശങ്കയിലാക്കുന്നത്.
വിളവെടുക്കുന്ന തേൻ ഖാദി ബോർഡിലൂടെയായിരുന്നു വില്പന നടത്തിയിരുന്നത്. എന്നാൽ പണം ലഭിക്കാനുള്ള കാലതാമസം കാരണം കർഷകർ ഖാദി ബോർഡിന് തേൻ നൽകാതെയായി. നിലവിൽ കർഷകർ നേരിട്ട് വിപണി കണ്ടെത്തി കുറഞ്ഞ വിലയ്ക്ക് തേൻ വില്ക്കേണ്ട അവസ്ഥയാണ്. ഇത് പലപ്പോഴും ചെറുകിട കർഷകർക്ക് വലിയ നഷ്ടമാണുണ്ടാക്കുന്നത്. ജനുവരി മുതൽ ഏപ്രിൽ പകുതിവരെയാണ് തേൻ വിളവെടുപ്പ് കാലം. ഇത്തവണ നേരത്തെ എത്തിയ വേനൽ മഴയും തേൻ കർഷകരുടെ പ്രതീക്ഷക്ക് തിരിച്ചടിയായി.
വില കൊയ്യാൻ തമിഴ്നാട്
തമിഴ്നാട്ടിൽ നിന്ന് കർഷകരെത്തി വ്യാവസായിക അടിസ്ഥാനത്തിൽ കേരളത്തിൽ തേനീച്ച കൃഷി നടത്തുന്നുണ്ട്. നാട്ടിലെ റബർ തോട്ടങ്ങളിൽ ആയിരക്കണക്കിന് പെട്ടികളാണ് ഇവർ സ്ഥാപിക്കുന്നത് . ഓരോ വർഷവും ക്വിന്റൽ കണക്കിന് തേനാണ് ഇവിടെ നിന്ന് തമിഴ്നാട്ടിലേക്ക് കയറ്റി വിടുന്നത്. അവിടെ സർക്കാരിന്റെ സംഭരണ കേന്ദ്രങ്ങളിൽ കേരളത്തിലേക്കാളും ഉയർന്ന വിലയ്ക്കാണ് കർഷകർ വിൽക്കുന്നത്. തേനീച്ച കർഷകരെ സഹായിക്കാൻ പ്രത്യക പദ്ധതികളാണ് സർക്കാർ നടപ്പിലാക്കിവരുന്നത്.
ചെറുതും വലുതുമായ തേനിച്ച കർഷകരെ സഹായിക്കാൻ സർക്കാർ അടിയന്തരമായി പദ്ധതികൾ നടപ്പിലാക്കണമെന്നാണ് തേനീച്ച കർഷകരുടെ ആവശ്യം. സബ്സിഡി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകി തേനീച്ച കർഷകരെ സംരക്ഷിച്ചില്ലെങ്കിൽ കേരളത്തിലെ തേനീച്ച കൃഷി പൂർണമായും തമിഴ്നാട്ടിൽ നിന്നുള്ള കർഷകർ കീഴടക്കുന്ന സാഹചര്യം വന്നുചേരും.