വിവാഹ വീട്ടിൽനിന്ന് നവവധുവിന്റെ 30 പവൻ കവർന്നു
1547861
Sunday, May 4, 2025 7:24 AM IST
പയ്യന്നൂർ: കരിവെള്ളൂരിലെ വിവാഹ വീട്ടിൽനിന്ന് നവവധുവിന്റെ 30 പവന്റെ സ്വർണാഭരണങ്ങൾ കവർന്നെന്ന പരാതിയിൽ പയ്യന്നൂർ പോലീസ് കേസെടുത്തു. കരിവെള്ളൂർ പലിയേരിയിലെ അർജുന്റെ ഭാര്യ ആർച്ച എസ്. സുധിയുടെ സ്വർണാഭരണങ്ങളാണ് മോഷണം പോയത്.
വ്യാഴാഴ്ചയായിരുന്നു അർജുനും ആർച്ചയും തമ്മിലുള്ള വിവാഹം. ചടങ്ങുകൾ കഴിഞ്ഞ് വൈകുന്നേരം ആറോടെ വധു വീടിന്റെ മുകൾനിലയിലെ കിടപ്പുമുറിയിലെ അലമാരയിൽ ഊരിവച്ചതായിരുന്നു ആഭരണങ്ങൾ. പിന്നീട് വെള്ളിയാഴ്ച രാത്രി ഒന്പതോടെ നോക്കിയപ്പോൾ അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങൾ കാണാനില്ലായിരുന്നു. വധൂവരന്മാരും കുടുംബാംഗങ്ങളും വീട്ടിൽത്തന്നെ ഉണ്ടായിരുന്നപ്പോഴാണ് അലമാരയിലെ ആഭരണങ്ങൾ കാണാതായത്. പോലീസ് അന്വേഷണമാരംഭിച്ചു.