മുഴപ്പിലങ്ങാട് ബീച്ച് പദ്ധതി ടൂറിസം വികസനത്തിലെ നാഴികക്കല്ല്: മുഖ്യമന്ത്രി
1547949
Monday, May 5, 2025 1:03 AM IST
മുഴപ്പിലങ്ങാട്: മുഴപ്പിലങ്ങാട് ബീച്ച് ടൂറിസം പദ്ധതി സംസ്ഥാനത്തിന്റെ ടൂറിസം വികസനത്തിലെ നാഴികക്കല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഴുപ്പിലങ്ങാട് -ധർമടം സമഗ്ര ബീച്ച് ടൂറിസം പദ്ധതിയുടെ ഒന്നാംഘട്ടപൂർത്തീകരണം ബീച്ചിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. മുഴപ്പിലങ്ങാട് ബീച്ച് വികസനത്തിന്റെ ഒന്നാംഘട്ട പ്രവർത്തനങ്ങളാണ് ഇപ്പോൾ പൂർത്തീകരിച്ചിട്ടുള്ളത്. കേരളത്തിന് പൊതുവിലും കണ്ണൂരിന് പ്രത്യേകിച്ചും ടൂറിസം വികസനരംഗത്ത് ഒരു നാഴികക്കല്ലായി മാറുന്ന ഒന്നാണ് മുഴുപ്പിലങ്ങാട് ബീച്ച് പദ്ധതി.
ഏഷ്യയിലെ തന്നെ ശ്രദ്ധിക്കപ്പെടുന്ന ബീച്ചാണിത്. ഡ്രൈവ് ഇൻ ബീച്ച് എന്ന നിലയ്ക്ക് നമ്മുടെ രാജ്യത്തെ ഏറ്റവും ദൈർഘ്യമുള്ള ബീച്ചാണിത്. ടൂറിസ്റ്റുകൾക്ക് ബീച്ചിലൂടെ ഡ്രൈവ് ചെയ്യുക എന്നത് വലിയൊരു ഹരമായി മാറുന്നു. ആ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആഭ്യന്തര സഞ്ചാരികൾ, വിദേശ സഞ്ചാരികൾ ഇവരെയെല്ലാം കൂടുതലായി ആകർഷിക്കാൻ ഈ ബീച്ചിന് കഴിയും. ഇതോടൊപ്പം ധർമടം ബീച്ചും ധർമടം ദ്വീപും ഉണ്ട്. ഇതിന്റെ യെല്ലാം വികസനം ശരിയായ രീതിയിൽ ഉറപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 233 കോടി രൂപയുടെ സമഗ്ര വികസന പദ്ധതിയാണ് ഈ വികസനത്തിന് ആവിഷ്കരിച്ചിട്ടുള്ളത്. പദ്ധതിയുടെ ഭാഗമായി പ്രദേശത്തിന്റെ വികസനവും വരും. യഥാർഥത്തിൽ കേരളത്തിന്റെ ആകെ ടൂറിസം വികസനത്തിന് ഈ പദ്ധതി ഉപകരിക്കും.
നാല് ക്യാരക്ടർ ഏരിയകളായി തിരിച്ചു കൊണ്ടാണ് പദ്ധതി നടപ്പാക്കാൻ ആരംഭിച്ചത്. മുഴപ്പിലങ്ങാട് ബീച്ചിന്റെ വടക്കുവശം, തെക്കുവശം, ധർമടം ബീച്ച്, ധർമടം ദ്വീപ് എന്നിവയാണ് ക്യാരക്ടർ ഏരിയകൾ. ഇതിന്റെ ആദ്യഘട്ടനിർമാണമാണ് പൂർത്തിയായതെന്നും 62 കോടിയുടെ വികസന പ്രവർത്തനങ്ങളാണ് ഇതിലൂടെ നടപ്പിലാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. മറ്റ് ഏരിയകളുടെ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കും.
മുഴപ്പിലങ്ങാട് ബീച്ചിന്റെ വടക്കുവശത്ത് വാക്ക് വേ, റിഫ്രഷ്മെന്റ് സെന്ററുകൾ, വാഹന പാർക്കിംഗ് സൗകര്യവും ഏർപ്പെടുത്തും. തെക്കുവശത്ത് സീറ്റിങ് ഏരിയ, ടോയ്ലറ്റ്, കിയോസ്ക് പാർക്കിംഗും ഒരുക്കും. ധർമ്മടം ബീച്ചിൽ ഫ്ളോട്ടിംഗ് ഡക്ക്, മ്യൂസിക് ഫൗണ്ടെയിൻ, ജോഗിംഗ് ആൻഡ് സൈക്ലിംഗ് ട്രാക്ക് നിർമിക്കും.
ദേശാടനപ്പക്ഷികൾ വന്നുചേരുന്ന ധർമടം ഐലൻഡിൽ ഒരു നേച്ചർ ഹബ്ബ് ഒരുക്കും. അണ്ടർ വാട്ടർ സ്കൾപ്ചർ ഗാർഡൻ, എലവേറ്റട് നേച്ചർ വാക്ക് എന്നിവയും നിർമിക്കും.
ദ്വീപിലേക്കുള്ള പ്രവേശന സാധ്യതകൾ കൂടി പരിശോധിച്ചുള്ള പദ്ധതി രൂപരേഖ തയാറാക്കി വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ബേക്കൽ, മുഴപ്പിലങ്ങാട്, ധർമടം തുടങ്ങിയ ബീച്ചുകൾ വികസിപ്പിക്കുകയും അവിടങ്ങളിൽ സ്റ്റാർ ഹോട്ടൽ സൗകര്യങ്ങൾ ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുൻവർഷങ്ങളെ അപേക്ഷിച്ച് വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർധനയുണ്ടായി. കഴിഞ്ഞവർഷം രണ്ടേകാൽ കോടിയോളം ആഭ്യന്തര വിനോദസഞ്ചാരികൾ കേരളത്തിൽ എത്തി എന്നാണ് കണക്ക്. ഏഴര ലക്ഷത്തോളം വിദേശ വിനോദസഞ്ചാരികളും ഇവിടെ എത്തിയിട്ടുണ്ട്. ഇനിയും കൂടുതൽ സഞ്ചാരികളെ ആകർഷിക്കാനുള്ള നൂതന പദ്ധതികൾ ആവിഷ്കരിച്ച് വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. വി. ശിവദാസൻ എംപി, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രത്നകുമാരി, ജില്ലാ കളക്ടർ അരുൺ കെ.വിജയൻ, മുൻ എംപി. കെ.കെ. രാഗേഷ്, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലൻ, തലശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.പി. അനിത, മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.സജിത, ജില്ലാപഞ്ചായത്തംഗങ്ങളായ കെ. വി. ബിജു, കോങ്കി രവീന്ദ്രൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. വിജേഷ്, തലശേരി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യസ്ഥിരം സമിതി അധ്യക്ഷ കെ. ടി. ഫർസാന, തലശേരി ബ്ലോക്ക് പഞ്ചായത്തംഗം ടി.വി. റോജ, ഗ്രാമപഞ്ചായത്തംഗം ഫർസീന, എം. കെ. മുരളി, എൻ. ചന്ദ്രദാസ്, ഡി. കെ. മനോജ്, ഹമീദ് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.