പാലക്കാട്: നിർദിഷ്ട ബ്രൂവറിക്കെതിരേ നിയമനടപടികളുമായി മുന്നോട്ടുപോകാന്‍ എലപ്പുള്ളി പഞ്ചായത്ത് ഭരണസമിതി യോഗം തീരുമാനിച്ചു. സംഘര്‍ഷാന്തരീക്ഷത്തില്‍ പോലീസ് സംരക്ഷണത്തില്‍ ചേര്‍ന്ന യോഗത്തിലാണു തീരുമാനം.
സിപിഎം അംഗങ്ങളുടെ എതിര്‍പ്പോടെയാണ് തീരുമാനം ഭരണസമിതി അംഗീകരിച്ചത്. കോടതിനടപടികള്‍ ഏകോപിപ്പിക്കാന്‍ വൈസ് പ്രസിഡന്റ് സുനില്‍കുമാറിനെ യോഗം ചുമതലപ്പെടുത്തി. സിപിഎം അംഗങ്ങളുടെ ബഹളത്തെത്തുടര്‍ന്ന് നിര്‍ദിഷ്ട ബ്രൂവറി വരുന്ന ആറാംവാര്‍ഡില്‍ പ്രത്യേക ഗ്രാമസഭ വിളിക്കുന്ന വിഷയത്തില്‍ തീരുമാനമെടുക്കാനായില്ല.
പഞ്ചായത്ത് പ്രസിഡന്റ് തീരുമാനിച്ച ദിവസം യോഗം നടത്താനാവില്ലെന്നു സിപിഎമ്മും മെംബര്‍ പറയുന്ന ദിവസം യോഗം ചേരാനാവില്ലെന്നു കോണ്‍ഗ്രസും നിലപാടെടുത്തു. പ്രസിഡന്റ് രേവതി ബാബുവിന്റെ അധ്യക്ഷതയിലായിരുന്നു യോഗം.
പുതുശേരി പഞ്ചായത്ത് തീരുമാനം വിവാദമാകുന്നു
കഞ്ചിക്കോട്: ഒയാസിസ് ബ്രൂവറിക്കു കോരയാര്‍, വരട്ടയാര്‍ പുഴകളിലെ വെള്ളം നല്‍കാനുള്ള പുതുശേരി പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം വിവാദമാകുന്നു. എലപ്പുള്ളി പഞ്ചായത്തിനു തൊട്ടടുത്തുള്ള പഞ്ചായത്താണ് പുതുശേരി.
വാളയാര്‍ ഡാമിലെ വെള്ളമാണ് ഈ പുഴകളിലൂടെ ഒഴുകുന്നത്. തീരുമാനം നടപ്പായാല്‍ വാളയാര്‍ ഡാംതന്നെ വറ്റുന്ന സ്ഥിതിയുണ്ടാകുമെന്ന ആശങ്കയാണു വ്യാപക പ്രതിഷേധത്തിനു വഴിയൊരുക്കുന്നത്. പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് മറികടന്നുകൊണ്ടാണു രണ്ട് സ്വതന്ത്ര അംഗങ്ങളുടെ പിന്തുണയോടെ കമ്പനിക്കു വെള്ളംനല്കാനുള്ള തീരുമാനം സിപിഎം നേതൃത്വത്തിലുളള പുതുശേരി പഞ്ചായത്ത് ഭരണസമിതി കൈക്കൊണ്ടത്. എങ്കിലും, സിപിഎമ്മുകാരിയായ പന്ത്രണ്ടാം വാര്‍ഡ് അംഗം ബിന്ദു കമ്പനിക്കു വെള്ളംനല്കാനുള്ള തീരുമാനത്തെ അനുകൂലിച്ച് വോട്ടുചെയ്യാന്‍ തയാറാകാതിരുന്നതു സിപിഎം ക്യാന്പില്‍ ഞെട്ടലുണ്ടാക്കി.
വാളയാര്‍ ഡാമിലെ വെള്ളം പുതുശേരി, എലപ്പുള്ളി, മരുതറോഡ് പഞ്ചായത്തുകളിലെ രണ്ടായിരം ഏക്കറോളം കൃഷിയിടങ്ങളില്‍ ഉപയോഗിക്കുന്നുണ്ട്. കുടിവെള്ളത്തിനും ഇവിടത്തെ വെള്ളം ഉപയോഗിക്കുന്നുണ്ട്. തീരുമാനം നടപ്പായാല്‍ വാളയാര്‍ ഡാമിലെ വെള്ളം മുഴുവന്‍ കമ്പനി കൊണ്ടുപോകുന്ന സ്ഥിതിയുണ്ടാകുമെന്നു കോണ്‍ഗ്രസും ബിജെപിയും ഒരുപോലെ ആരോപിക്കുന്നു. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്നു പുതുശേരി പഞ്ചായത്ത് ഓഫീസ് ഉപരോധിക്കും.
കെപിസിസി ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യര്‍ ഉദ്ഘാടനം ചെയ്യും. ഡിസിസി പ്രസിഡന്റ് എ.തങ്കപ്പന് പ്രസംഗിക്കും. വിവിധ കര്‍ഷകസംഘടനകളും സമരം ആഹ്വാനം ചെയ്തിട്ടുണ്ട്.