Kerala
കൊട്ടിയം: കൊല്ലത്ത് ബാങ്ക് ജീവനക്കാരിയെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. മുഖത്തല സ്വദേശി സന്ദീപ് ലാലിനെയാണ് കൊട്ടിയം പോലീസ് അറസ്റ്റ് ചെയ്തത്.
കുടിശിക അടയ്ക്കണമെന്ന് ആവശ്യപ്പെട്ടതിലെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. തുക അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് ജീവനക്കാരിയും സഹപ്രവർത്തകയും കഴിഞ്ഞ ദിവസം സന്ദീപിന്റെ വീട്ടിലെത്തിയിരുന്നു.
ബാങ്ക് നടപടികളെ കുറിച്ചു പറയുന്നതിനിടെ വനിതാ ജീവനക്കാരെ പ്രതിയും സുഹൃത്തും ചേർന്ന് അസഭ്യം പറഞ്ഞു. പ്രകോപിതനായ സന്ദീപിനെ ഭയന്ന് ജീവനക്കാർ ഓട്ടോറിക്ഷയിൽ കയറി തിരികെ പോകാൻ ശ്രമിക്കുമ്പോഴാണ് പ്രതി തടഞ്ഞുനിർത്തിയത്. തുടർന്ന് ജീവനക്കാരി യുവാവിന്റെ മുഖത്ത് അടിച്ചു. പിന്നാലെ ജീവനക്കാരിയെ സന്ദീപ് ആക്രമിക്കുകയായിരുന്നു.
National
ഭോപ്പാൽ: മധ്യപ്രദേശിലെ ചിന്ദ്വാരയിൽ വിഷചുമമരുന്ന് കഴിച്ച് കുട്ടികൾ മരിച്ച സംഭവത്തിൽ ഡോക്ടർ അറസ്റ്റിൽ. കുട്ടികൾക്ക് മരുന്ന് നിർദേശിച്ച പ്രവീൺ സോണി ആണ് അറസ്റ്റിലായത്.
കോൾഡ്രിഫ് ചുമമരുന്നാണ് ഡോക്ടർ നിർദേശിച്ചത്. ഈ മരുന്ന് കഴിച്ച 14 കുട്ടികൾ മരിച്ചിരുന്നു. സംഭവത്തിൽ കേസെടുത്തതിന് പിന്നാലെയാണ് പരേഷ്യയിലെ ശിശുരോഗവിദഗ്ദ്ധനായ ഡോക്ടറെയും പോലീസ് അറസ്റ്റ് ചെയ്തത്.
കോൾഡ്രിഫ് സിറപ്പ് നിർമിച്ച തമിഴ്നാട്ടിലെ കാഞ്ചീപുരം ജില്ലയിലുള്ള ശ്രീസാൻ ഫാർമസ്യൂട്ടിക്കൽസ് കമ്പനിക്കെതിരെയും മധ്യപ്രദേശ് സർക്കാർ കേസെടുത്തു. നേരത്തെ, കോൾഡ്രിഫിന്റെ വിൽപന സർക്കാർ നിരോധിച്ചിരുന്നു. മരുന്നിന്റെ സാമ്പിളുകളിൽ 48.6% ഡൈഎത്തിലീൻ ഗ്ലൈക്കോൾ എന്ന ഉയർന്ന വിഷാംശം അടങ്ങിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
National
ഗോഹട്ടി: ഗായകൻ സുബീൻ ഗാർഗ് മരിച്ചത് സ്കൂബ ഡൈവിങ്ങിനിടെയല്ലെന്നും കടലിൽ നീന്തുന്നതിനിടെയാണെന്നും റിപ്പോർട്ടുകൾ.
സെന്റ് ജോൺസ് ദ്വീപിൽ കടലിൽ നീന്തുന്നതിനിടെ മുങ്ങിമരിക്കുകയായിരുന്നെന്ന് സിംഗപ്പൂർ മാധ്യമം റിപ്പോർട്ട് ചെയ്തു. അതിനിടെ, മരണവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കൂടി ആസാം പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തു.
സുബീൻ ഗാർഗിന്റെ ബാൻഡ്മേറ്റ് ശേഖർ ജ്യോതി ഗോസ്വാമി, ഗായിക അമൃത്പ്രവ മഹന്ത എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ മരണവുമായി ബന്ധപ്പെട്ടത് ആകെ അറസ്റ്റിലായവർ നാലായി.
നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിൽ പങ്കെടുക്കുന്നതിനായി സിംഗപ്പൂർ എത്തിയ സുബീൻ ഗാർഗ് സെപ്റ്റംബർ 19നാണു മരിച്ചത്. അന്ന് യാനത്തിൽ നടന്ന പാർട്ടിയിൽ സുബീൻ ഗാർഗിനൊപ്പം ഇപ്പോൾ അറസ്റ്റിലായ രണ്ടുപേരും ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു.
സുബീൻ ഗാർഗ് കടലിൽ നീന്തുമ്പോൾ ഗോസ്വാമിയും ഒപ്പമുണ്ടായിരുന്നു. ഈ ദൃശ്യങ്ങളെല്ലാം മഹന്തയുടെ ഫോണിൽ റിക്കാർഡ് ചെയ്തുവെന്നും പോലീസ് പറഞ്ഞു. ഗോസ്വാമിയെയും മഹന്തയെയും ആറു ദിവസത്തെ ചോദ്യംചെയ്യലിനൊടുവിലാണ് അറസ്റ്റു ചെയ്തത്.
സുബീൻ ഗാർഗിന്റെ മാനേജർ സിദ്ധാർഥ് ശർമ, നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവൽ മാനേജർ ശ്യാംകാനു മഹന്ത എന്നിവരെ കേസിൽ ബുധനാഴ്ച അറസ്റ്റു ചെയ്തിരുന്നു. ഇരുവർക്കുമെതിരെ ഗൂഢാലോചന, മനഃപൂർവമല്ലാത്ത നരഹത്യ എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.
മരണത്തിൽ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും സുബീൻ ഗാർഗിന്റെ ഭാര്യ ഗരിമ ആവശ്യപ്പെട്ടിരുന്നു. നേരത്തെ, ജനങ്ങളുടെ ആവശ്യത്തെ തുടർന്ന് ഗാർഗിന്റെ മൃതദേഹം പുറത്തെടുത്ത് രണ്ടാംതവണ പോസ്റ്റുമോർട്ടം നടത്തിയിരുന്നു.
Kerala
മലപ്പുറം: പോലീസിനെ വാഹനം ഇടിച്ച് അപായപ്പെടുത്താൻ ശ്രമിച്ച മൂന്ന് പേർ പിടിയൽ. കക്കൂസ് മാലിന്യവുമായി എത്തിയ വാഹനമാണ് പോലീസിനെ ഇടിച്ച് കടന്നുകളയാൻ ശ്രമിച്ചത്. ഇവരെ 35 കിലോമീറ്റർ പിന്തുടർന്നാണ് പോലീസ് പിടികൂടിയത്.
തിരൂർ, താനൂർ, പരപ്പനങ്ങാടി പോലീസിന്റെ സംയുക്ത ഓപ്പറേഷനിലാണ് പ്രതികൾ പിടിയിലായത്. ചാപ്പനങ്ങാടി സ്വദേശി മുഹമ്മദ് റാഫി(25), അങ്ങാടിപ്പുറം സ്വദേശി ഫൗസാൻ(25), കടുങ്ങപുരം സ്വദേശി ജംഷീർ(25) എന്നിവർ ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. തിരൂർ ടൗണിൽ തിരൂർ പോലീസ് പതിവ് വാഹന പരിശോധന നടത്തവേയാണ് കക്കൂസ് മാലിന്യവുമായി ഒരു വാഹനം കടന്നുവന്നത്. ഇതിനെ തടയാൻ ശ്രമിക്കുന്നതിനിടെ നിർത്താതെ മുന്നോട്ടുപോവുകയായിരുന്നു.
തുടർന്ന് വാഹനത്തെ പോലീസ് പിന്തുടരുകയായിരുന്നു. കൈ കാണിച്ച് നിർത്താൻ ശ്രമിച്ച എസ്ഐയ്ക്ക് നേരെ വാഹനം ഓടിച്ചു കയറ്റാൻ ശ്രമിച്ചെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. വാഹനത്തിന് നമ്പർ പ്ലേറ്റ് ഉണ്ടായിരുന്നില്ല. ചാലിയത്ത് വച്ചാണ് പോലീസ് ഈ വാഹനത്തെ പിടികൂടുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
മലപ്പുറം: കൊണ്ടോട്ടി പാലക്കപറമ്പിൽ മയക്കുമരുന്നുമായി യുവാവ് പിടിയിൽ. 132 ഗ്രാം മെത്താംഫിറ്റാമിനുമായി മൂന്നിയൂര് സ്വദേശി മുഹമ്മദ് സഹലാണ് പിടിയിലായത്.
മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച് കാറും മയക്കുമരുന്ന് വിറ്റ 27,000 രൂപയും ഇയാളിൽ നിന്നും എക്സൈസ് കണ്ടെടുത്തു.
എക്സൈസ് കമ്മീഷണർ സ്ക്വാഡും മഞ്ചേരി എക്സൈസ് സർക്കിൾ പാർട്ടിയും മലപ്പുറം ഇന്റലിജൻസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മുഹമ്മദ് സഹൽ പിടിയിലായത്.
Kerala
കണ്ണൂർ: പിഎസ്സി പരീക്ഷയിൽ ഹൈടെക് കോപ്പിയടി. കാമറ ഉപയോഗിച്ച് കോപ്പിയടിക്കുകയായിരുന്ന ഉദ്യോഗാർഥിയെ പിഎസ്സി വിജിലൻസ് വിഭാഗം പിടികൂടി.
പെരളശേരി സ്വദേശി എൻ.പി. മുഹമ്മദ് സഹദിനെയാണ് പിടികൂടിയത്. പയ്യാമ്പലം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു സംഭവം.
സ്കൂളിൽനിന്ന് ഇറങ്ങിയോടിയ സഹദിനെ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലാണ് പിടികൂടിയത്. പ്രതി കോപ്പിയടിക്കാൻ ഉപയോഗിച്ച കാമറയും കണ്ടെത്തി.
Kerala
കൊച്ചി: കാറിൽ കടത്തുകയായിരുന്ന 90 കിലോ കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ. പശ്ചിമ ബംഗാൾ മൂർഷിദാബാദ് ജലംഗി സ്വദേശി ആഷിക്ക് ഇക്ബാൽ (27), നാദിയ സ്വദേശി അലംഗീർ സർദാർ (25), സാഹെബ് നഗർ സ്വദേശി സൊഹൈൽ റാണ (20) എന്നിവരാണ് പിടിയിലായത്.
പെരുമ്പാവൂർ എഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘവും തടിയിട്ടപറമ്പ് പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. അടുത്ത കാലത്തായി ജില്ലയിൽ നടന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിത്.
പശ്ചിമബംഗാൾ രജിസ്ട്രേഷനിലുള്ള കാറിലാണ് ഇവർ കഞ്ചാവ് കടത്തിയത്. ഒഡീഷയിൽ നിന്ന് കിലോക്ക് 2000 രൂപ നിരക്കിൽ വാങ്ങുന്ന കഞ്ചാവ് ഇവിടെ 25000 രൂപ മുതൽ മുപ്പതിനായിരം രൂപ വരെ വിലക്കാണ് വിൽപ്പന നടത്തിയിരുന്നത്.
Kerala
പാലക്കാട്: തൃത്താലയിൽ എടിഎം കൗണ്ടറിന് നേരെ കല്ലേറ്. ആനക്കര കുമ്പിടി ടൗണിൽ ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കുമ്പിടി പെരുമ്പലം സ്വദേശി വിജീഷ് ആണ് കല്ലെറിഞ്ഞത്. ഇയാളെ തൃത്താല പോലീസ് കസ്റ്റഡിയിലെടുത്തു.
വിജീഷ് സഹോദരനെ ആക്രമിച്ച കേസ് ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണെന്ന് തൃത്താല പോലീസ് അറിയിച്ചു.
മദ്യ ലഹരിയിലാണ് വിജീഷ് എടിഎം കൗണ്ടറിന് നേരെ കല്ലെറിഞ്ഞത്. ഇതിന്റെ ദൃശ്യങ്ങൾ നാട്ടുകാർ പകർത്തി പോലീസിന് കൈമാറിയിരുന്നു. ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
Kerala
തൊടുപുഴ: ഓണ്ലൈൻ മാധ്യമപ്രവർത്തകൻ ഷാജൻ സ്കറിയയെ തൊടുപുഴയിൽ മർദിച്ച സംഭവത്തിൽ നാല് പേർ പിടിയിൽ. ബംഗളൂരുവിൽ ഒളിവിൽ കഴിയവേയാണ് പ്രതികൾ പിടിയിലായത്. ഇവരുടെ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
ഇന്ന് നാല് പേരെയും തൊടുപുഴയിലെത്തിച്ച് മൊഴിയെടുക്കും. സിഐ ഉൾപ്പെടെയുള്ള പ്രത്യേക സംഘമാണ് പ്രതികൾക്കായി അന്വേഷണം നടത്തിവന്നത്. കേസിൽ ഒരാൾ കൂടി പിടിയിലാകാനുണ്ട്. ഇയാൾക്കായി തെരച്ചിൽനടത്തിവരികയാണ്. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
ശനിയാഴ്ച വൈകുന്നേരം 6.45ഓടെ മങ്ങാട്ടുകവലയിൽ വച്ചാണ് കറുത്ത ഥാർ ജീപ്പിലെത്തിയ അഞ്ചുപേർ ചേർന്നു ഷാജനെ മർദിച്ചത്. പരിക്കേറ്റ ഷാജനെ പോലീസാണ് ആശുപത്രിയിലെത്തിച്ചത്. തുടർന്നു നടത്തിയ അന്വേഷണത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകരായ പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചിരുന്നു.
ഡിവൈഎഫ്ഐ മുൻ ഭാരവാഹിയുടെ ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ട് അധിക്ഷേപകരമായ വാർത്ത ഓണ്ലൈൻ ചാനലിൽ അവതരിപ്പിച്ചുവെന്നാരോപിച്ചാണു സംഘം ഷാജനെ മർദിച്ചതെന്നു വിവരം ലഭിച്ചതായി പോലീസ് പറഞ്ഞു.
Kerala
കൊച്ചി: തൃക്കാക്കര പോലീസിന്റെ കസ്റ്റഡിയിൽനിന്നും രക്ഷപ്പെട്ട പ്രതി പിടിയിൽ. ആലുവയിൽനിന്നാണ് അസദുള്ള പിടിയിലായത്.
തൃക്കാക്കര പോലീസ് സ്റ്റേഷനിൽ നിന്നും കളമശേരി മെഡിക്കൽ കോളജിൽ മെഡിക്കലിന് എത്തിച്ചപ്പോഴാണ് അസദുള്ള രക്ഷപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് രണ്ടിനായിരുന്നു സംഭവം. മോഷണക്കേസ് പ്രതിയാണ് അസദുള്ള.
നാല് മണിക്കൂർ നീണ്ടുനിന്ന തെരച്ചിലിനൊടുവിലാണ് പ്രതിയെ പിടികൂടാൻ പോലീസിനായത്.
International
കൊളംബോ: ശ്രീലങ്ക മുൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ അറസ്റ്റിൽ. 2023ൽ ഭാര്യയുടെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാൻ നടത്തിയ ലണ്ടൻ യാത്രയ്ക്ക് പൊതുപണം ദുരുപയോഗം ചെയ്തെന്ന് കേസിലാണ് അറസ്റ്റ്
അഴിമതി കേസിൽ സിഐഡിയാണ് റനിൽ വിക്രമസിംഗെയെ അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തെ വൈകാതെ മജിസ്ട്രേറ്റിന് മുന്നില് ഹാജരാക്കുമെന്ന് സിഐഡി ഉദ്യോഗസ്ഥര് അറിയിച്ചു.
2022 മുതൽ 2024 വരെ ശ്രീലങ്കയുടെ ഒമ്പതാമത്തെ പ്രസിഡന്റായിയിരുന്നു റനിൽ വിക്രമസിംഗെ. അതേസമയം, ഭാര്യയുടെ ബിരുദദാന ചടങ്ങിലേക്ക് വിക്രമസിംഗെയെയും ക്ഷണിച്ചുള്ള യുകെ സർവകലാശാലയുടെ ക്ഷണക്കത്ത് യുഎൻപി പാർട്ടി പുറത്തുവിട്ടു.
Kerala
കൊട്ടാരക്കര: ഗാന്ധിമുക്കിൽ റിട്ട. അധ്യാപികയ്ക്ക് നേരെ വീടുകയറി ആക്രമിച്ച സംഭവത്തിൽ അറസ്റ്റിലായ ആൾ റിമാൻഡിൽ. കൊട്ടാരക്കര ഗാന്ധിമുക്ക് മൈത്രി നഗറിൽ കൃഷ്ണനിവാസിൽ സരസമ്മയെയാണ് (78) അയൽവാസി ഗാന്ധിമുക്ക് മൈത്രി നഗറിൽ പൗവത്ത് പുത്തൻവീട്ടിൽ ശശിധരനെ (70) വീട് കയറി ആക്രമിച്ചത്. ഇയാളെ പിന്നീട് കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
തിങ്കൾ വൈകിട്ട് നാലിനായിരുന്നു സംഭവം. വാക്കുതർക്കം രൂക്ഷമായതിനെ തുടർന്ന് അയൽവാസിയായ ശശിധരൻ വയോധിക്യായ സരസമ്മയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറി. വായോധികയെ വീട്ടിൽ നിന്നു വലിച്ചിറക്കി ക്രൂരമായി മർദിക്കുകയായിരുന്നു.
വീട്ടിലേക്കു കടന്നുവന്ന ശശിധരനെ സരസമ്മ വടി കൊണ്ട് അടിക്കുന്നതും അതിനു ശേഷം സരസമ്മയെ തിരിച്ചു മർദിക്കുകയും കഴുത്തിൽ കുത്തി പിടിച്ചു ഭിത്തിയിൽ ചേർത്തു നിർത്തി മർദിക്കുന്നതും പടവുകളിൽ കൂടി കാലിൽ പിടിച്ചു വലിച്ചിഴച്ചു കൊണ്ട് പോകുന്നതും സിസിടിവി വഴി പുറത്ത് വന്നിട്ടുണ്ട്.
വയോധികയുടെ തലയിൽ അഞ്ച് തുന്നലും ഇരു കൈയിലും പുറത്തും പരികേറ്റിട്ടുണ്ട്. ഗാന്ധിമുക്കിൽ ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്നു സരസമ്മ. അയൽവാസിയുമായി നേരത്തെ തർക്കങ്ങൾ നിലനിന്നിരുന്നതായി പോലീസ് പറയുന്നു.
ശശിധരന്റെ സുഖമില്ലാത്ത ഭാര്യ ഉൾപ്പടെയുള്ളവരെ വയോധിക മർദിക്കുകയും അവരുമായി വഴക്ക് ഉണ്ടാകുകയും പതിവായിരുന്നുവെന്നു പ്രദേശവാസികൾ പറയുന്നു.
Kerala
തിരുവനന്തപുരം: കവടിയാറിലെ ഭൂമി തട്ടിപ്പ് കേസിൽ ഡിസിസി അംഗം അറസ്റ്റിൽ. അനന്തപുരി സ്വദേശി മണികണ്ഠൻ ആണ് പിടിയിലായത്. ബംഗളൂരുവിൽ വച്ച് തിരുവനന്തപുരം മ്യൂസിയം പോലീസാണ് ഇയാളെ പിടികൂടിയത്.
ആസൂത്രിതമായ തട്ടിപ്പാണ് കവടിയാറിലെ ജവഹർ നഗറിൽ നടന്നത്. അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ഡോക്ടറുടെ പത്ത് മുറികളടങ്ങുന്ന കെട്ടിടവും പതിനാല് സെന്റ് സ്ഥലവും വ്യാജരേഖകൾ ഉപയോഗിച്ച് ഭൂമാഫിയ കൈക്കലാക്കിയെന്നും അത് മറിച്ചുവിറ്റു എന്നുമാണ് കേസ്.
കേസിൽ രണ്ട് പേർ നേരത്തെ അറസ്റ്റിലായിരുന്നു. ഇവരിൽ നിന്നാണ് അനന്തപുരി മണികണ്ഠനെക്കുറിച്ച് വിവരം ലഭിക്കുന്നത്. തട്ടിപ്പിന്റെ മുഖ്യസൂത്രധാരൻ മണികണ്ഠനാണെന്ന് പോലീസ് പറയുന്നു.
കേസിൽ അറസ്റ്റിലായ വസന്ത എന്ന സ്ത്രീയ്ക്ക് അമേരിക്കയിലെ ഡോക്ടറുമായി മുഖസാദൃശ്യമുണ്ടായിരുന്നു. ഇവരെ മുൻനിർത്തിയാണ് തട്ടിപ്പ് നടന്നത്.