കാഷ്മീരിലേക്ക് ട്രെയിൻ 19 മുതൽ
Tuesday, April 1, 2025 1:17 AM IST
എസ്.ആർ. സുധീർ കുമാർ
കൊല്ലം: ദീർഘനാളത്തെ കാത്തിരിപ്പിനൊടുവിൽ കാഷ്മീർ ഇന്ത്യൻ റെയിൽവേ ശൃംഖലയുടെ ഭാഗമായി മാറുന്നു.
കാഷ്മീരിലേക്കു നേരിട്ട് റെയിൽ സൗകര്യം എന്ന സ്വപ്നം ഏപ്രിൽ 19ന് സാക്ഷാത്കരിപ്പെടും.അന്ന് ജമ്മു റെയിൽ ഡിവിഷനിലെ കത്ര റെയിൽവേ സ്റ്റേഷനിൽനിന്ന് കാഷ്മീരിലേക്കുള്ള ആദ്യ ട്രെയിൻ സർവീസിന്റെ ഫ്ലാഗ് ഓഫ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും.
പ്രധാനമന്ത്രിക്കൊപ്പം റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്, ജമ്മു കാഷ്മീർ ലഫ്. ഗവർണർ മനോജ് സിൻഹ, ജമ്മു കാഷ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള എന്നിവരും ഉന്നത റെയിൽവേ ഉദ്യോഗസ്ഥരും സംബന്ധിക്കും.
ട്രെയിൻ സർവീസ് ആരംഭിക്കുന്നതോടെ കാഷ്മീർ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കപ്പെടും. ചരിത്രപ്രസിദ്ധമായ ട്രെയിൻ സർവീസ് ഫ്ലാഗ് ഓഫ് ചെയ്ത ശേഷം പ്രധാനമന്ത്രി വൈഷ്ണോദേവീ ക്ഷേത്രവും സന്ദർശിക്കും.
ക്ഷേത്രത്തിലേക്കുള്ള തീർഥാടകരുടെ ബേസ് ക്യാമ്പായി പ്രവർത്തിക്കുന്ന കത്രയിൽ നടക്കുന്ന റാലിയെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യുമെന്നാണു റിപ്പോർട്ട്.കത്ര - ബാരാമുള്ള സെക്ഷനിൽ ട്രാക്കിലെ പരീക്ഷണ ഓട്ടങ്ങൾ ഇതിനകം പൂർത്തിയായി.
ജനുവരിയിൽ നടത്തിയ പരിശോധനകൾക്കുശേഷം കത്രയ്ക്കും കാഷ്മീരിനും ഇടയിൽ ട്രെയിൻ സർവീസുകൾ ആരംഭിക്കുന്നതിനു റെയിൽവേ സുരക്ഷാ കമ്മീഷണർ അന്തിമ അനുമതിയും നൽകിക്കഴിഞ്ഞു.
തുടക്കത്തിൽ കത്ര - ശ്രീനഗർ റൂട്ടിൽ ഒരു ട്രെയിൻ സർവീസ് മാത്രമേ ഉണ്ടാക്കുകയുള്ളൂ എന്നാണു റെയിൽവേ ഉദ്യോഗസ്ഥർ നൽകുന്ന സൂചനകൾ.
യാത്രക്കാരുടെ പ്രതികരണവും ആവശ്യവും കണക്കിലെടുത്ത ശേഷം കൂടുതൽ ട്രെയിനുകൾ അനുവദിക്കുന്നതു പരിഗണിക്കും.
മറ്റു സ്ഥലങ്ങളിൽനിന്നു ജമ്മു കാഷ്മീരിലേക്കു പോകാൻ എത്തുന്നവർ കത്ര സ്റ്റേഷനിൽ ഇറങ്ങണം. സുരക്ഷാ പരിശോധനകൾക്കു ശേഷമായിരിക്കും കത്രയിൽനിന്നു കാഷ്മീരിലേക്കുള്ള ട്രെയിൻ പുറപ്പെടുക. തിരിച്ചുള്ള സർവീസിൽ കത്രയിൽ ഇറങ്ങുമ്പോഴും സുരക്ഷാ പരിശോധനയുണ്ടാകും.