മണലിപ്പുഴയിലേക്ക് ഓട്ടോ മറിഞ്ഞ് ഏഴംഗകുടുംബം പുഴയില്‍ മുങ്ങി
Tuesday, April 1, 2025 1:17 AM IST
ചിറ്റിശേരി (തൃശൂർ): എറവക്കാട് ഓടന്‍ചിറ ഷട്ടറിനുസമീപം മണലിപ്പുഴയിലേക്കുമറിഞ്ഞ ഓട്ടോറിക്ഷയില്‍നിന്ന് നാലു കുട്ടികള്‍ ഉള്‍പ്പെടെ ഏഴംഗ കുടുംബം അദ്ഭുതകരമായി രക്ഷപ്പെട്ടു.
ചിറ്റിശേരി കുരുതുകുളങ്ങര വിനു ഓടിച്ചിരുന്ന ഓട്ടോയാണ് നിയന്ത്രണംവിട്ട് പുഴയിലേക്കു മറിഞ്ഞത്. വിനുവിന്റെ ഭാര്യ രേഷ്മ, ഇവരുടെ നാലു മക്കള്‍, ഭാര്യാമാതാവ് അജിത, ബന്ധു എന്നിവരാണ് ഓട്ടോയില്‍ ഉണ്ടായിരുന്നത്.
ഞായറാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു അപകടം.പരിക്കേറ്റവരെ പുതുക്കാട് താലൂക്ക് ആശുപത്രിയിലാണ് ആദ്യം എത്തിച്ചത്. തലയ്ക്കു പരിക്കേറ്റ രേഷ്മയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. നിസാരപരിക്കേറ്റ മറ്റുള്ളവരെ പ്രാഥമികചികിത്സ നല്കി വിട്ടയച്ചു.
ഊരകത്തുനിന്നു വരുന്നതിനിടെ നിയന്ത്രണംവിട്ട ഓട്ടോ പുഴയിലേക്കു മറിയുകയായിരുന്നു. ഓട്ടോയിലുണ്ടായിരുന്നവരുടെ കരച്ചില്‍കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഓടന്‍ചിറ ഷട്ടര്‍ താഴ്ത്തിയതുമൂലം പുഴയില്‍ വെള്ളം ഉയര്‍ന്നനിലയിലായിരുന്നു. അപകടത്തില്‍ മുങ്ങിപ്പോയ ഓട്ടോയിലെ യാത്രക്കാരെ രണ്ടു പോലീസുകാരുടെ നേതൃത്വത്തിൽ നാട്ടുകാരാണ് രക്ഷിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ ക്രെയിന്‍ എത്തിച്ചാണ് ഓട്ടോ ഉയര്‍ത്തിയത്.
രക്ഷകരായി പോലീസുകാര്‍
പുഴയിലേക്കു മറിഞ്ഞ ഓട്ടോ യാത്രക്കാര്‍ക്കു രക്ഷകരായി ജോലികഴിഞ്ഞു മടങ്ങിയ പോലീസുകാര്‍. യാദൃച്ഛികമായി സ്ഥലത്തെത്തിയ ഇരിങ്ങാലക്കുട സ്റ്റേഷനിലെ പോലീസുകാരായ ഷാബുവിന്റെയും ശരത്തിന്റെയും നേതൃത്വത്തിലാണ് ഓട്ടോയിലുണ്ടായിരുന്ന ഏഴംഗകുടുംബത്തെ രക്ഷപ്പെടുത്തിയത്. നാലു കുട്ടികളും രണ്ടു സ്ത്രീകളും ഓട്ടോയിലുണ്ടായിരുന്നു.
ഓട്ടോ പുഴയിലേക്കു മറിഞ്ഞ സമയത്തു പുഴയുടെ മറുകരയില്നിന്നിരുന്ന സിപിഒമാരായ മടവാക്കര മാളിയേക്കല്‍ പറമ്പില്‍ ഷാബുവും ചിറ്റിശേരി നടുവില്‍ വീട്ടില്‍ ശരത്തും, കരച്ചില് കേട്ട് ഓടിയെത്തിയ നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ഊരകം റോഡുപണി നടക്കുന്നതിനാല്‍ കോന്തിപുലംവഴി മടവാക്കരയിലേക്കു പോവുകയായിരുന്നു പോലീസുകാർ. ഓടന്‍ചിറ ഷട്ടറിനുസമീപം ബൈക്കുകള്‍ നിര്‍ത്തി സെല്‍ഫി എടുക്കുന്നതിനിടെയാണ് മറുകരയില്‍ വലിയ ശബ്ദത്തോടെ ഓട്ടോ പുഴയിലേക്കു മറിഞ്ഞത്. ഓട്ടോ എന്തിലോ ഇടിച്ചു എന്നാണ് പോലീസുകാര്‍ പറയുന്നത്.
കൂടെ ഓട്ടോയില്‍ ഉണ്ടായിരുന്നവരുടെ നിലവിളി കൂടിയായതോടെ ഇവര്‍ ബൈക്ക് എടുത്ത് ഷട്ടറിനുമുകളിലൂടെ മറുകരയെത്തി. ഒരാള്‍ പുഴയിലേക്കു ചാടി ഈ സമയത്തു നാട്ടുകാരും സ്ഥലത്തെത്തി. കുട്ടികളെ ഓരോരുത്തരെയായി കരയ്ക്കുകയറ്റി. തുടര്‍ന്നു രണ്ടു സ്ത്രീകളെയും രക്ഷിച്ചു.