കുരുംബക്കാവിൽ പതിനായിരങ്ങൾ കാവുതീണ്ടി
Tuesday, April 1, 2025 1:17 AM IST
കൊടുങ്ങല്ലൂർ: ഭക്തിപ്രഹർഷത്താൽ ഉറഞ്ഞുതുള്ളിയ കോമരങ്ങൾക്കൊപ്പം ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ പതിനായിരങ്ങൾ കാവുതീണ്ടി. ദേവീസ്തുതികളോടെ ചുവടുവച്ചെത്തിയവർ മുളന്തണ്ടുകളാൽ ക്ഷേത്രത്തിന്റെ ചെമ്പോലത്തകിടിൽ ആഞ്ഞടിച്ച് ക്ഷേത്രനഗരിയെ പ്രകമ്പനംകൊള്ളിച്ചു.
ഭരണിമഹോത്സവത്തിന്റെ പ്രധാന ചടങ്ങായ അശ്വതി കാവുതീണ്ടാൻ കോമരങ്ങളും ഭക്തരും അടങ്ങുന്ന വൻജനസഞ്ചയം രാവിലെമുതൽ കാവേറ്റം തുടങ്ങിയിരുന്നു. ഉച്ചയോടെ നൂറുകണക്കിനു പേരടങ്ങുന്ന സംഘങ്ങൾ കൊടിക്കൂറകളും പട്ടുകുടകളുമായി കാവിലേക്കു പ്രവഹിച്ചുതുടങ്ങി. താനാരം ... തന്നാരം ഈണത്തിൽ കോലടിച്ചു പാട്ടുപാടി ചെറുസംഘങ്ങളായെത്തിയവർ കാവേറ്റം തുടർന്നു. അവകാശത്തറകൾ നിണമണിഞ്ഞ കോമരങ്ങളാൽ നിറഞ്ഞു.
ആദിദ്രാവിഡത്തനിമയും ഗോത്രസംസ്കൃതിയും ഒത്തുചേർന്ന ഭരണിയുത്സവത്തിന്റെ പ്രധാന ചടങ്ങായ അശ്വതിനാളിലെ കാവുതീണ്ടലിനു മുന്നോടിയായുള്ള തൃച്ചന്ദനച്ചാർത്ത് പൂജ ഉച്ചയ്ക്ക് 12 ന് ആരംഭിച്ചു. കുന്നത്ത്, നീലത്ത് മഠങ്ങളിൽനിന്നുള്ള അടികൾമാരാണ് രഹസ്യമന്ത്രങ്ങൾ ഉരുവിടുന്ന ശാക്തേയപൂജയായ തൃച്ചന്ദനച്ചാർത്ത് പൂജ നടത്തിയത്.
ക്ഷേത്രവാതിലുകളെല്ലാം കൊട്ടിയടച്ച് അതീവരഹസ്യമായി നടത്തുന്ന ഈ പൂജ അവസാനിക്കുന്നതുവരെ വലിയതമ്പുരാൻ കുഞ്ഞുണ്ണിരാജ ക്ഷേത്രത്തിന്റെ ബലിക്കൽപ്പുരയിൽ കാവലാളായി നിലകൊണ്ടു. പൂജകഴിഞ്ഞ് അടികൾമാർ നടയടച്ചുപോയശേഷം തമ്പുരാൻ കിഴക്കേനടയിലെ നിലപാടുതറയിലെത്തി ഉപവിഷ്ടനായി. തുടർന്ന് 4.35നു കാവുതീണ്ടാൻ തമ്പുരാൻ അനുമതിനൽകി.
കോയ്മ ചുവന്ന പട്ടുകുട നിവർത്തിയതോടെ ആദ്യം കാവുതീണ്ടാൻ അധികാരമുള്ള പാലയ്ക്കവേലൻ ദേവീദാസൻ കുതിച്ചുപാഞ്ഞു. പിന്നാലെ വിവിധ അവകാശത്തറകളിൽ നിലയുറപ്പിച്ച കോമരങ്ങളും ഭക്തജനങ്ങളും ദേവീ ശരണം വിളികളോടെ ക്ഷേത്രത്തിന്റെ ചെമ്പോലകളിൽ മുളവടികളാൽ ആഞ്ഞടിച്ചും വിജയഭേരി മുഴക്കിയും മൂന്നുവട്ടം ക്ഷേത്രം വലംവച്ച് കാവുതീണ്ടി. തുടർന്ന് കുതിരകളി, കാളകളി , മുടിയേറ്റ് , മുടിയാട്ടം, തെയ്യം, ചെണ്ടമേളം തുടങ്ങിയ കലാരൂപങ്ങൾ ക്ഷേത്രമുറ്റത്തു വിവിധദേശങ്ങളിൽ നിന്നെത്തിയവർ അവതരിപ്പിച്ചു.
കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. രവീന്ദ്രൻ, മെംബർ എ.പി. അജയൻ, ദേവസ്വം സെക്രട്ടറി പി. ബിന്ദു, ഡെപ്യൂട്ടി കമ്മീഷണർ സുനിൽ കർത്ത, തിരുവഞ്ചിക്കുളം ഗ്രൂപ്പ് അസി. കമ്മീഷണർ എം.ആർ. മിനി, ദേവസ്വം മാനേജർ കെ. വിനോദ് എന്നിവർ ചടങ്ങുകൾക്കു നേതൃത്വം നൽകി.
കൊടുങ്ങല്ലൂർ ഡിവൈഎസ്പി വി.കെ. രാജുവിന്റെയും ഡിവൈഎസ്പി എസ്.വൈ. സുമേഷിന്റെയും നേതൃത്വത്തിൽ ശക്തമായ സുരക്ഷ ക്ഷേത്രത്തിലും പരിസരങ്ങളിലും ഏർപ്പെടുത്തിയിരുന്നു. ഡ്രോൺ ഉൾപ്പെടെയുള്ള നിരീക്ഷണസംവിധാനവും ഒരുക്കി. തൃശൂർ റൂറൽ പോലീസിനോടൊപ്പം തൃശൂർ സിറ്റി, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിൽനിന്നും പോലീസിനെ അധികമായി നിയോഗിച്ചിരുന്നു.
ഇന്നു ദേവിക്കു പട്ടും താലിയും സമർപ്പിക്കുന്നതോടെ ഭരണിമഹോത്സവം സമാപിക്കും. അശ്വതികാവു തീണ്ടിക്കഴിഞ്ഞാൽ ഒരാഴ്ചകഴിഞ്ഞാണ് ദർശനത്തിനായി ക്ഷേത്രനട തുറക്കുക.