കെഎസ്ആർടിസിയുടെ സൂപ്പർ ഹിറ്റ് കൊറിയർ സർവീസ് സ്വകാര്യവത്കരിക്കുന്നു
Tuesday, April 1, 2025 1:17 AM IST
പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: കെഎസ്ആർടിസിക്ക് വൻ വരുമാനം നേടിക്കൊടുത്തുകൊണ്ടിരിക്കുന്ന കൊറിയർ ആൻഡ് ലോജിസ്റ്റിക് സർവീസ് സ്വകാര്യവത്കരിക്കുന്നു. ഈ സർവീസ് നടത്തിപ്പിനായി സ്വകാര്യ സ്ഥാപനങ്ങളിൽനിന്നു ടെൻഡർ ക്ഷണിച്ചു. അടുത്ത 21നാണ് ടെൻസർ സമർപ്പിക്കേണ്ട അവസാന ദിവസം.
2023 ജൂണിലാണ് കെഎസ്ആർടിസി കൊറിയർ ആൻഡ് ലോജിസ്റ്റിക് സർവീസ് ആരംഭിച്ചത്. കുറഞ്ഞ കാലംകൊണ്ടുതന്നെ ഇത് സൂപ്പർഹിറ്റ് ആവുകയും ചെയ്തു. ഈ സാമ്പത്തിക വർഷം ഏഴുകോടിയോളം രൂപയാണ് കൊറിയർ സർവീസിൽനിന്നുള്ള വരുമാനം.
ടിക്കറ്റ് ഇതര വരുമാനം കണ്ടെത്തുന്നതിന്റെ ഭാഗമായാണ് കൊറിയർ ആൻഡ് ലോജിസ്റ്റിക് സർവീസ് ആരംഭിച്ചത്. കേരളത്തിലെ 44 യൂണിറ്റുകളിലും കേരളത്തിനു പുറത്ത് രണ്ടു സ്ഥലങ്ങളിലുമാണ് കൊറിയർ സർവീസ് കേന്ദ്രങ്ങളുള്ളത്. വിരമിച്ച ജീവനക്കാരും താത്കാലിക ജീവനക്കാരുമായ 100 ഓളം പേരാണ് പ്രതിദിന വേതനമായി 7 15 രൂപ നിരക്കിൽ ജോലി ചെയ്തുവരുന്നത്.
കൊറിയർ ആൻഡ് ലോജിസ്റ്റിക് സർവീസ് കരാർ അടിസ്ഥാനത്തിൽ നടത്താനാണു ടെൻഡർ ക്ഷണിച്ചിട്ടുള്ളത്. നിലവിലെ കെഎസ്ആർടിസിക്കുള്ള എല്ലാ സംവിധാനങ്ങളും കരാറുകാർക്ക് ഉപയോഗിക്കാം. ഓഫീസായി നിലവിലെ യൂണിറ്റ് ഓഫീസുകളിലെ സംവിധാനം, പാഴ്സൽ നീക്കത്തിനു കെഎസ്ആർടിസിയുടെ ബസ് സർവീസുകൾ എല്ലാം പ്രയോജനപ്പെടുത്താം.
കരാർ ഏറ്റെടുത്ത് നടത്തുന്ന സ്ഥാപനം കെഎസ്ആർടിസിക്ക് കമ്മീഷൻ നല്കണം. കമ്മീഷൻ കൂടുതൽ നല്കുന്ന സ്ഥാപനത്തിനായിരിക്കും കരാർ നല്കുന്നത്. കമ്മീഷന്റെ ശതമാനമാണു ടെൻഡറിൽ പ്രധാനമായും രേഖപ്പെടുത്തേണ്ടത്.
കൊറിയർ ആൻഡ് ലോജിസ്റ്റിക് സർവീസിന്റെ വരുമാനം ഇരട്ടിയായി വർധിപ്പിക്കാനാണ് കരാർ സംവിധാനം നടപ്പാക്കുന്നതെന്ന് ഇതിന്റെ ചുമതലയുള്ള ഡെപ്യൂട്ടി ജനറൽ മാനേജർ ഉല്ലാസ് ബാബു പറഞ്ഞു. അഞ്ചു വർഷത്തേക്കാണു കരാർ നല്കുക.
പ്രതിമാസം 55 ലക്ഷത്തോളം രൂപ നേടിക്കൊടുക്കുന്ന കൊറിയർ ആൻഡ് ലോജിസ്റ്റിക് സർവീസ് കരാർ നല്കുന്നതിലൂടെ സ്വകാര്യവത്കരിക്കാനാണു നീക്കമെന്നു ജീവനക്കാർ ആരോപിച്ചു. കെഎസ്ആർടിസിയുടെ വരുമാനം നഷ്ടമാവുകയും നൂറോളം പേർക്ക് തൊഴിൽ ഇല്ലാതാവുകയും ചെയ്യും.
ഇപ്പോൾ കമ്മീഷൻ വ്യവസ്ഥയിൽ കരാർ നല്കുകയും ഭാവിയിൽ സ്വകാര്യവത്കരിക്കുകയുമാണു ലക്ഷ്യമെന്നു ജീവനക്കാരുടെ സംഘടനയായ ഫോറം ഫോർ ജസ്റ്റീസ് ആരോപിച്ചു. ഈ നീക്കത്തിൽനിന്നു കെഎസ്ആർടിസി പിന്മാറണമെന്നും ജീവനക്കാർ ആവശ്യപ്പെട്ടു.