കുറുവ സംഘത്തലവന് കട്ടുപൂച്ചന് റിമാന്‍ഡില്‍
Tuesday, April 1, 2025 1:17 AM IST
ആലപ്പുഴ: ഭീതിയിലാഴ്ത്തിയ കുറുവ സംഘത്തലവന് അറസ്റ്റിലായതിന്റെ ആശ്വാസത്തിൽആലപ്പുഴ. ജില്ലയില്‍ രണ്ടു കേസുകളില്‍ പ്രതിയാണ് കട്ടുപൂച്ചന്. ആലപ്പുഴയിലെ ഒരു കേസില്‍ കട്ടുപുച്ചന് 18 വര്‍ഷം ശിക്ഷിക്കപ്പെട്ടിരുന്നു. ആലപ്പുഴയില്‍ മാത്രമല്ല, കേരളത്തില്‍ മറ്റു ജില്ലകളിലും കട്ടുപൂച്ചന്റെ പേരില്‍ കേസുകളുണ്ടെന്നു പോലീസ് അറിയിച്ചു.
കൊടും കുറ്റവാളിയായ തമിഴ്നാട് രാമനാഥപുരം പരമക്കുടി എംജിആര്‍ നഗറില്‍ കട്ടൂച്ചനെന്ന കട്ടുപൂച്ചനാണ് പിടിയിലായത്. 2013ല്‍ മാരാരിക്കുളത്ത് അമ്മയും മകളും മാത്രമുള്ള വീട്ടില്‍ കയറി അവരെ ആക്രമിച്ചു സ്വര്‍ണം കവര്‍ന്ന കേസില്‍ കട്ടുപൂച്ചനെ 18 വര്‍ഷം കഠിനതടവിനു ശിക്ഷിച്ചിരുന്നു. എന്നാല്‍, കോവിഡ് കാലത്തു ജയില്‍ ഒഴിപ്പിക്കലിന്റെ ഭാഗമായി 2020 കട്ടുപൂച്ചനെ വിട്ടയച്ചു. പുറത്തിറങ്ങിയ കട്ടുപൂച്ചന് വീണ്ടും മോഷണത്തിലേക്കു തിരിയുകയായിരുന്നു. ആലപ്പുഴയിലെ പുന്നപ്ര, പുളിങ്കുന്ന്, കോട്ടയം ജില്ലയിലെ കടുത്തുരുത്തി, എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂര്‍, വടക്കേക്കര എന്നിവിടങ്ങളിലും ഇയാള്‍ മോഷണം നടത്തിയതായി നിലവില്‍ കേസുകളുണ്ട്.
ആലപ്പുഴ ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡിവൈഎസ്പി എം.ആര്. മധുബാബുവിന്റെ മേല്‍നോട്ടത്തില്‍ മണ്ണഞ്ചേരി സിഐ ടോള്‍സണ്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള ആന്റി കുറുവ സംഘമാണു തമിഴ്നാട്ടിലെ താമസസ്ഥലത്തുനിന്നു പ്രതിയെ സാഹസികമായി പിടികൂടിയത്.
കഴിഞ്ഞ നവംബര്‍ 12ന് രാത്രി ഒരു മണിയോടെ കോമളപുരം സ്പിന്നിംഗ് മില്ലിനു പടിഞ്ഞാറ് നായ്ക്കംവെളി വീട്ടില്‍ ജയന്തിയുടെ വീട്ടില്‍നിന്ന് സ്വര്‍ണ മാലയും സ്വര്‍ണക്കൊളുത്തും പുലര്‍ച്ചെ രണ്ടിന് റോഡ് മുക്കിനു സമീപം മാളിയേക്കല്‍ ഹൗസില്‍ ഇന്ദുവിന്റെ വീട്ടില്‍നിന്ന് രണ്ടര ലക്ഷം രൂപ വിലവരുന്ന മൂന്നര പവന് മാലയും താലിയും കവര്‍ന്ന കേസിലാണ് അറസ്റ്റ്. തമിഴ്നാട് പോലീസിന്റെ സഹായത്തോടെ പിടികൂടിയ പ്രതിയെ ഞായറാഴ്ച പുലര്‍ച്ചെ മണ്ണഞ്ചേരിയിലെത്തിച്ചു. ഡിവൈഎസ്പി എം. ആര്. മധുബാബുവിന്റെ നേതൃത്വത്തില്‍ പ്രാഥമിക ചോദ്യം ചെയ്യലിനും മറ്റു നടപടിക്രമങ്ങള്‍ക്കും ശേഷം മജിസ്ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ നാലു മാസമായി നടത്തിയ രഹസ്യാന്വേഷണത്തിനൊടുവിലാണു രാമനാഥപുരത്ത് കട്ടുപൂച്ചനുണ്ടെന്ന വിവരം ലഭിച്ചത്. തുടര്‍ന്നു മണിക്കൂറുകള്‍ക്കകം ഇയാളുടെ താവളം വളഞ്ഞ് പിടികൂടുകയായിരുന്നു. അപ്രതീക്ഷിത നീക്കത്തില്‍ പകച്ചുപോയ കട്ടൂച്ചന്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പഴുതടച്ച പോലീസ് നീക്കത്തില്‍ കീഴടങ്ങേണ്ടിവന്നു.
ജീപ്പില്‍ കയറ്റുന്നതിനിടെ കട്ടുപൂച്ചനു കാലിന് ഒടിവു സംഭവിച്ചിരുന്നു. കൈയിലും നെഞ്ചിലും പച്ചകുത്തിയ ഇവര്‍, മുഖം മറച്ചും വിരലടയാളം ഒഴിവാക്കാന്‍ ഗ്ലൗസ് ധരിച്ചുമാണു കവര്‍ച്ച നടത്തിയിരുന്നത്.
സ്വാഭാവികമായി പ്രതിയെ തിരിച്ചറിയുക പോലീസിനെ സംബന്ധിച്ച് എളുപ്പമായിരുന്നില്ല. കൈയുറ ധരിക്കുകയും തോര്‍ത്തു വച്ചു മുഖം മറയ്ക്കുകയും ചെയ്തിരുന്ന കട്ടുപൂച്ചനെ വേഗത്തില്‍ കണ്ടെത്താന്‍ സഹായിച്ചതു കൈയിലെ പച്ചകുത്തിയ പാട്.
ചുരുക്കം സാഹചര്യങ്ങളില്‍ മാത്രമാണു മുഖം വ്യക്തമായി സിസിടിവി ദൃശ്യങ്ങളിൽ ലഭിച്ചിട്ടുള്ളത്. അടിവസ്ത്രം മാത്രം ധരിച്ചു മോഷണത്തിനിറങ്ങുന്ന കുറുവ കൊള്ളക്കാരുടെ രീതി പിന്തുടര്ന്നിരുന്നതിനാല് മുഖം മറച്ചാലും കട്ടുപൂച്ചന് കൈകള്‍ മറച്ചിരുന്നില്ല. ഈ പാട് മോഷ്ടാക്കള്‍ക്കിടയില്‍ കട്ടുപൂച്ചനെ തിരിച്ചറിയാന്‍ പോലീസിനെ സഹായിച്ചു. അല്പവസ്ത്രധാരികളായ ഇവര്‍ അടുക്കളവാതില്തകര്ത്താണ് മോഷണം നടത്തിയിരുന്നത്.
ഇതെല്ലാം മനസിലാക്കിയ പോലീസ് സംഘം വ്യാപക തെരച്ചിലിനൊടുവിലാണ് എറണാകുളം കുണ്ടന്നൂരിനു സമീപം പാലത്തിനടിയില്‍ കുട്ടവഞ്ചി സംഘത്തിനൊപ്പം തമ്പടിച്ചിരുന്ന സന്തോഷ് ശെല്‍വവും മണികണ്ഠനും പിടിയിലായത്. ഇവരെ ചോദ്യം ചെയ്തതില്‍നിന്നാണു കട്ടൂച്ചനുള്‍പ്പെടെയുള്ള പ്രതികളെപ്പറ്റി വിവരം ലഭിച്ചത്.