ജയിലിലും ലഹരി പുകയുന്നു
Tuesday, April 1, 2025 2:39 AM IST
കോഴിക്കോട്: മയക്കുമരുന്നിനെതിരേ സര്‍ക്കാര്‍ നടപടി ശക്തമാക്കിയതോടെ സംസ്ഥാനത്തെ ജയിലുകള്‍ മയക്കുമരുന്നു കച്ചവടക്കാരെക്കൊണ്ടും ഉപയോഗിക്കുന്നവരെക്കൊണ്ടും നിറയുന്നു.
എക്സൈസും പോലീസും നടത്തുന്ന വേട്ടയില്‍ ഓരോ ജില്ലയിലും നിരവധി പേരാണ് കഞ്ചാവും എംഡിഎംഎയുമടക്കമുള്ള ലഹരിവസ്തുക്കളുമായി പിടിയിലാകുന്നത്. ഇതില്‍ ചെറിയ അളവില്‍ മയക്കുമരുന്ന് കൈവശം വച്ചവരെ മാത്രമാണു ജാമ്യത്തില്‍ വിടുന്നത്. മറ്റുള്ളവരെയെല്ലാം ജയിലിലേക്കു റിമാന്‍ഡ് ചെയ്യുകയാണ്. ജയിലിനകത്ത് എത്തുന്നവര്‍ അവിടെ മയക്കുമരുന്ന് കച്ചവട കേന്ദ്രമാക്കി മാറ്റുന്നതായാണ് ആരോപണം. സമാന്തര മയക്കുമരുന്ന് വില്പനകേന്ദ്രമായി തടവറകള്‍ മാറുകയാണ്.
സംസ്ഥാനത്തെ ജയിലുകളില്‍ മയക്കുമരുന്ന് ഉപയോഗവും വില്പനയും തടയുന്നതിനുള്ള സംവിധാനങ്ങള്‍ ഇപ്പോള്‍ കുറവാണ്. ഇതാണ് മയക്കുമരുന്ന് ലോബിക്ക് അനുകൂലമാകുന്നത്. ജയിലില്‍ എത്തുന്നവരെ പരിശോധിക്കാന്‍ ബാഗേജ് സ്കാനറുകളാണു നിലവിലുള്ളത്. ഇതിലൂടെ മയക്കുമരുന്നുകള്‍ ശരീരത്തില്‍ ഒളിപ്പിച്ചിട്ടുണ്ടോയെന്നു കണ്ടെത്താന്‍ സാധിക്കില്ല.
മയക്കുമരുന്നുകള്‍ കണ്ടെത്തുന്നതിനായി ജയില്‍ ജീവനക്കാര്‍ക്ക് സംശയമുള്ള പ്രതികളുടെ ദേഹപരിശോധന നടത്തണം. ശരീരത്തിന്റെ സ്വകാര്യ ഭാഗങ്ങളില്‍ വരെ മയക്കുമരുന്ന് ഒളിപ്പിച്ച് കടത്തുമ്പോള്‍ ഇവ കണ്ടെത്തുക പ്രയാസമാണ്. നിലവിലെ സാഹചര്യത്തില്‍ മയക്കുമരുന്ന് കണ്ടെത്തുന്നതിനുള്ള ആധുനിക സംവിധാനം ജയിലുകളില്‍ ഒരുക്കണമെന്നാണു ജയില്‍വകുപ്പിന്റെ ആവശ്യം. ഇതു സംബന്ധിച്ച് സര്‍ക്കാരിനു ജയില്‍വകുപ്പ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് തിരുവനന്തപുരം, വിയ്യൂര്‍, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലുകളില്‍ മാത്രമാണ് മയക്കുമരുന്ന് കണ്ടെത്തുന്നതിനു പരിശീലനം ലഭിച്ച സ്നിഫര്‍ ഡോഗുകളുള്ളത്. മറ്റു ജയിലുകളിലൊന്നും ഈ സംവിധാനമില്ല. പോലിസും എക്സൈസും പിടികൂടുന്ന പ്രതികളെ റിമാന്‍ഡ് കാലാവധി പൂര്‍ത്തിയാക്കുമ്പോഴും മറ്റും ജയിലുകളില്‍നിന്നു കോടതിയിലേക്കു കൊണ്ടുപോകേണ്ടതുണ്ട്.
ചികിത്സാര്‍ത്ഥം ആശുപത്രികളിലേക്കും കൊണ്ടുപോകണം. ഈ അവസരത്തില്‍ പോലീസിന്റെ കണ്ണുവെട്ടിച്ച് ലഹരി സംഘങ്ങള്‍ പ്രതികള്‍ക്ക് മയക്കുമരുന്ന് കൈമാറുകയാണു ചെയ്യുന്നത്. ഇപ്രകാരം കൈമാറുന്ന മയക്കുമരുന്ന് ശുചിമുറികളില്‍ വച്ച് ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒളിപ്പിച്ച് ജയിലുകളില്‍ എത്തിക്കും. ജയിലുകളിലെത്തിച്ച മയക്കുമരുന്നുകള്‍ വാങ്ങാനും ഉപയോഗിക്കാനും ആവശ്യക്കാരേറെയാണ്. ഇതോടെ ജയിലുകളെ സമാന്തര വിപണനകേന്ദ്രങ്ങളാക്കി മാറ്റുകയാണ്.
പുറത്തുനിന്നാണ് ഇതിനായുള്ള പണമിടപാടുകള്‍ ഏകോപിപ്പിക്കുന്നത്. പണം ഏജന്റുമാര്‍ക്ക് ലഭിച്ചാല്‍ ജയിലിനുള്ളിലെ ആവശ്യക്കാര്‍ക്ക് മയക്കുമരുന്നു ലഭിക്കും. ജയില്‍ ജീവനക്കാര്‍ വരെ തടവുകാര്‍ക്കു ലഹരി എത്തിച്ചുകൊടുത്ത സംഭവമുണ്ടായിട്ടുണ്ട്.
മയക്കുമരുന്നിന് അടിമകളായ യുവാക്കള്‍ ജയിലിനുള്ളില്‍ കാണിക്കുന്ന പരാക്രമങ്ങള്‍ തടയാന്‍ പോലും ജീവനക്കാരില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. 2,415 ജീവനക്കാര്‍ വേണ്ട സ്ഥാനത്ത് നിലവില്‍ 2,308 പേര് മാത്രമാണുള്ളത്. 107 ജീവനക്കാരുടെ കുറവവാണുള്ളത്. ലഹരി വ്യാപനം കൂടിയതോടെ പോലിസും എക്സൈസും സംസ്ഥാന വ്യാപകമായി കര്‍ശന പരിശോധനയാണ് തുടരുന്നത്. ഇങ്ങനെ പിടികൂടുന്ന പ്രതികളെ ജയിലുകളിലേക്കു റിമാന്‍ഡ് ചെയ്യും.
നിലവില്‍ ജയിലിലെ കെട്ടിടങ്ങളുടെ ശേഷിയേക്കാള്‍ 63 ശതമാനം തടവുകാരാണു കൂടുതലായുള്ളത്. മയക്കുമരുന്ന് ഉപയോഗിക്കുന്നവരും ഏജന്റുമാരും നിറയുന്നതോടെ അഴിക്കുള്ളിലെ സ്ഥിതി നിയന്ത്രണാതീതമാവുകയാണ്.
ജയിലുകളിലേക്കു ലഹരിവസ്തുക്കള്‍ എത്തിക്കുന്നത് കണ്ടെത്താന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നു ചൂണ്ടിക്കാട്ടിയും ജയില്‍ അധികൃതര്‍ സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.