മൊബൈല്‍ ഷോപ്പിൽ വൻ കവര്‍ച്ച; 30 ലക്ഷം രൂപയുടെ ഫോണുകളും ടാബുകളും കവര്‍ന്നു
Tuesday, April 1, 2025 1:17 AM IST
തലോര്‍ (ചാലക്കുടി): തലോർ സെന്ററിൽ പ്രവർത്തിക്കുന്ന മൊബൈല്‍ ഷോപ്പില്‍ വന്‍ കവര്‍ച്ച. 30 ലക്ഷം രൂപയുടെ സ്മാര്‍ട്ട് ഫോണുകളും ലാപ്ടോപ്പും ടാബുകളും മേശയില്‍ സൂക്ഷിച്ച പണവും കവര്‍ന്നു. അഫാത്ത് മൊബൈല്‍ ഷോപ്പിന്റെ ഷട്ടര്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ചുതകര്ത്താണു കവര്‍ച്ച നടത്തിയത്. ഇന്നലെ പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം.
വെള്ളനിറത്തിലുള്ള മാരുതി സ്വിഫ്റ്റ് കാറിലാണ് മോഷ്ടാക്കള്‍ എത്തിയത്. ഷോപ്പിന്റെ മുന്‍വശത്തെ സിസിടിവി കാമറ നശിപ്പിച്ചശേഷമാണ് മോഷ്ടാക്കള്‍ ഷട്ടര്‍ തകര്‍ത്ത് അകത്തു കയറിയത്.
മുഖം മറച്ച രണ്ടുപേര്‍ അകത്തു കയറി ഷെല്‍ഫില്‍ വച്ചിരുന്ന സ്മാര്‍ട്ട് ഫോണുകളും ലാപ്ടോപ്പും ടാബുകളും രണ്ടു ചാക്കുകളിലാക്കി കൊണ്ടുപോകുന്നതു ഷോപ്പിനുള്ളിലെ സിസിടിവി കാമറകളില്‍ പതിഞ്ഞിട്ടുണ്ട്. മേശയില്‍ സൂക്ഷിച്ച പണവും ഇവര്‍ കവര്‍ന്നു.
സംസ്ഥാനപാതയോരത്തു പ്രവര്‍ത്തിക്കുന്ന ഷോപ്പിന്റെ മുന്നിലേക്കു മോഷ്ടാക്കളുടെ കാര്‍ കയറ്റിയിടുന്ന ദൃശ്യങ്ങള്‍ തൊട്ടടുത്തുള്ള കടയുടെ നിരീക്ഷണകാമറയില്‍ പതിഞ്ഞു.
ഏതാണ്ട് ഒന്നരമണിക്കൂറോളം ഷോപ്പിന്റെ ഷട്ടര്‍ ഉയര്‍ത്തിവച്ചാണ് സംഘം കവര്‍ച്ച നടത്തിയത്. ഈ സമയത്തു മൊബൈല്‍ ഷോപ്പിനു സമീപത്തെ കടയിലേക്കു പച്ചക്കറിയുമായി വാഹനം വരുന്നതുകണ്ട് മോഷ്ടാക്കള്‍ കാറെടുത്തു രക്ഷപ്പെടുകയായിരുന്നു. തൈക്കാട്ടുശേരി റോഡിലേക്കു തിരിഞ്ഞുപോകുന്ന കാറിന്റെ ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചു.
ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പുതുക്കാട് പോലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധനനടത്തി.