വനമേഖലയിലെ എല്ലാ ആദിവാസി ഊരുകളിലും വരും, സഞ്ചരിക്കുന്ന റേഷന്‍ കട
Tuesday, April 1, 2025 1:17 AM IST
റെജി ജോസഫ്
കോട്ടയം: ചിന്നക്കനാലിലെ റേഷന്‍കട പതിനൊന്നു തവണ കുത്തിപ്പൊളിച്ച് അരിയും ആട്ടയും തിന്ന അരിക്കൊമ്പനെപ്പോലുള്ള കൊലയാനകള്‍ കാരണം അന്നം മുടങ്ങുന്ന ആദിവാസികള്‍ക്ക് ഇനി ആശങ്ക വേണ്ട. അരിക്കൊമ്പന് കാരണം ചിന്നക്കനാലില്‍ പല മാസം റേഷന്‍ മുടങ്ങിയതു നാല് ഊരുകളിലെ 513 കുടുംബങ്ങള്‍ക്കാണ്.
വന്യമൃഗശല്യം രൂക്ഷമായ എല്ലാ ജില്ലകളിലെയും ഗോത്രവാസി കോളനികളില്‍ അരിയും ആട്ടയും പഞ്ചസാരയും മണ്ണെണ്ണയുമായി സഞ്ചരിക്കുന്ന റേഷന്‍കടകള്‍ ഏറെ വൈകാതെ എത്തും. വനമേഖയില്നിന്നു റേഷന്‍കടകളിലേക്ക് ദീര്‍ഘദൂരം സഞ്ചരിക്കേണ്ടവര്ക്കും ധാന്യങ്ങള്‍ കൊണ്ടുപോകാന്‍ ടാക്സികളെ ആശ്രയിക്കേണ്ടിവരുന്നവര്ക്കും സഞ്ചരിക്കുന്ന റേഷന്‍ കടകള്‍ സേവനം ഉറപ്പാക്കും.
തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, തൃശൂര്‍ ജില്ലകളിലാണ് ആദ്യഘട്ടം വിതരണം. കൊല്ലം, കോട്ടയം, കാസര്‍ഗോഡ് ജില്ലകളിലെ വന്യമൃഗശല്യം കൂടുതലായ ഗോത്രവാസി മേഖലയില്‍ അടുത്ത ഘട്ടം റേഷന്‍ വണ്ടി കടന്നുവരും. സംസ്ഥാനത്തെ വനവാസികളും വനാതിര്‍ത്തിയില്‍ താമസിക്കുന്നവരുമായ പന്തീരായിരം ഗോത്രവാസി കുടുംബങ്ങള്‍ ഏറ്റവും ദരിദ്ര വിഭാഗത്തില്‍പ്പെടുന്ന (എഎവൈ)വരും മഞ്ഞ റേഷന്‍ കാര്‍ഡുടമകളുമാണ്.
ഇവര്‍ക്ക് മാസം 35 കിലോ ധാന്യങ്ങള്‍ ഉറപ്പാക്കും. എട്ടു കിലോമീറ്റര്‍ വനത്തിലൂടെയും വനാതിര്ത്തിയിലൂടെയും നടന്ന് റേഷന്‍ കടകളില്‍നിന്നു സൗജന്യഭക്ഷണസാധനങ്ങള് വാങ്ങേണ്ടവരും ഇവരില്‍പ്പെടും. ഗോത്രമേഖലയില്‍ റേഷന്‍ വാങ്ങാന്‍ പോകുന്നതേറെയും സ്ത്രീകളാണ്.
മഴക്കാലത്ത് തോടുകളും പുഴകളും നിറയുമ്പോള്‍ യാത്ര ദുഷ്കരമാണ്. കാട്ടുമൃഗങ്ങളെ ഭയന്ന് റേഷന്‍ വാങ്ങാതെ പട്ടിണിയില്‍ കഴിയുന്നവരുടെ ദുരിതത്തിന് പരിഹാരമാവുകയാണ് സഞ്ചരിക്കുന്ന റേഷന്‍ കടകള്‍. മാസത്തില്‍ രണ്ടു തവണ ഭക്ഷ്യ ഉത്പന്നങ്ങളുമായി വനവും മലയും പുഴയും താണ്ടി വാഹനമെത്തും.
റോഡില്ലാത്ത കോളനികളില്‍ പരമാവധി അടുത്തുള്ള ജംഗ്ഷനുകളില്‍ നിശ്ചിതസമയത്ത് വാഹനം എത്തും. രാവിലെ പത്തിന് തുടങ്ങി ഉച്ചയ്ക്ക് രണ്ടിന് വിതരണം പൂര്‍ത്തിയാക്കും.
ഓരോ കുടുംബത്തിനും അര്‍ഹതപ്പെട്ട സൗജന്യ ധാന്യം ഉറപ്പാക്കാന്‍ വാഹനത്തില്‍ റേഷന്‍ ഇന്‍സ്പെക്ടറും വിതരണക്കാരുമുണ്ടാകും. ഓരോ പ്രദേശത്തിനും അനുയോജ്യമായ വാഹനങ്ങള്‍ വാടകയ്ക്കെടുത്താണു സഞ്ചരിക്കുന്ന റേഷന്‍ പദ്ധതി നടപ്പാക്കുന്നത്.