പുഞ്ചിരിമട്ടം പുനരധിവാസം; എൽസ്റ്റൻ എസ്റ്റേറ്റിൽ ടൗണ്‍ഷിപ്പ് നിർമാണം അനിശ്ചിതത്വത്തിൽ
Tuesday, April 1, 2025 2:39 AM IST
ടി.എം. ജയിംസ്
കൽപ്പറ്റ: വയനാട് മേപ്പാടി പുഞ്ചിരിമട്ടം ഉരുൾ ദുരന്തബാധിതരുടെ പുനരധിവാസത്തിന് എൽസ്റ്റൻ എസ്റ്റേറ്റിൽ സർക്കാർ ഏറ്റെടുത്ത പുൽപ്പാറ ഡിവിഷനിൽ ഭവനപദ്ധതി നടപ്പാക്കുന്നതിൽ അനിശ്ചിതത്വം.
ദുരന്തബാധിതരുടെ പുനരധിവാസത്തിനുള്ള ടൗണ്‍ഷിപ്പിന്റെ ശിലാസ്ഥാപനം മാർച്ച് 27ന് എൽസ്റ്റൻ എസ്റ്റേറ്റിൽ മുഖ്യമന്ത്രി നിർവഹിച്ചെങ്കിലും ഭവനങ്ങളുടെയും അനുബന്ധ നിർമിതികളുടെയും പ്രവൃത്തി തുടങ്ങുന്നതിനു തടസമുണ്ടെന്നു നിയമരംഗത്തുള്ളവർ പറയുന്നു. എൽസ്റ്റൻ എസ്റ്റേറ്റിൽ ഏറ്റെടുത്ത 64.4075 ഹെക്ടർ ഭൂമിക്കു നഷ്ടപരിഹാരമായി മന്ത്രിസഭ തീരുമാനിച്ചത് 26.56 കോടി രൂപയാണ്.
ഈ തുക സർക്കാർ കോടതിയിൽ കെട്ടിവച്ചിട്ടുമുണ്ട്. എന്നാൽ, ഇത്രയും ഭൂമിക്കു വിലയും കുഴിക്കൂറുകൾക്ക് (ആസ്തി) നഷ്ടപരിഹാരവുമായി 546 കോടി രൂപയാണ് എൽസ്റ്റൻ എസ്റ്റേറ്റ് മാനേജ്മെന്റ് ആവശ്യപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട് എസ്റ്റേറ്റ് മാനേജ്മെന്റ് സമർപ്പിച്ച ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഏപ്രിൽ മൂന്നിനു പരിഗണിക്കാനിരിക്കയാണ്.
ഭൂമിവിഷയത്തിൽ ഹൈക്കോടതിയിൽനിന്നു ഇച്ഛിക്കുന്ന വിധത്തിൽ ഉത്തരവ് ഉണ്ടാകുന്നില്ലെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാനാണ് എൽസ്റ്റൻ എസ്റ്റേറ്റ് മാനേജ്മെന്റ് തീരുമാനം. ഭൂമി സർക്കാരിനു കൈമാറിയിട്ടില്ലെന്നും ശിലാസ്ഥാപനത്തിനു മുന്‍പ് പ്രതീകാത്മക കൈമാറ്റം മാത്രമാണ് നടത്തിയതെന്നും എൽസ്റ്റൻ എസ്റ്റേറ്റ് മാനേജ്മെന്റ് പ്രതിനിധികളിൽ ഒരാൾ പറഞ്ഞു. മാനേജ്മെന്റിന്റെ ആവശ്യത്തിൽ കോടതി തീർപ്പ് കൽപ്പിക്കുന്നതുവരെ പുനരധിവാസം തടസപ്പെടാൻ ഇടയുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
എൽസ്റ്റൻ എസ്റ്റേറ്റിൽ ഏറ്റെടുത്ത ഭൂമിക്ക് 26.56 കോടി രൂപ നഷ്ടപരിഹാരം എങ്ങനെയാണു കണക്കാക്കിയതെന്നു മാനേജ്മെന്റിനെ സർക്കാർ അറിയിച്ചിട്ടില്ല. നഷ്ടപരിഹാരം കണക്കാക്കിയതു സംബന്ധിച്ച ഹൈക്കോടതിയുടെ ചോദ്യത്തിന് അഡ്വക്കറ്റ് ജനറൽ മറുപടി നൽകിയിട്ടുമില്ല.
2005ലെ ദുരന്തനിവാരണ നിയമം അനുസരിച്ചാണ് ഉരുൾ ദുരന്ത ബാധിതരുടെ പുനരധിവാസത്തിന് എൽസ്റ്റൻ എസ്റ്റേറ്റിന്റെയും ഹാരിസണ്‍സ് മലയാളം കന്പനിയുടെ കൈവശത്തിൽ നെടുന്പാലയിലുള്ള തോട്ടത്തിന്റെയും ഭാഗം സർക്കാർ ഏറ്റെടുത്തത്.
പുനരധിവസിപ്പിക്കേണ്ട കുടുംബങ്ങളുടെ എണ്ണം 430ൽ അധികരിക്കില്ലെന്നു കണ്ട സാഹചര്യത്തിൽ ടൗണ്‍ഷിപ്പ് എൽസ്റ്റൻ എസ്റ്റേറ്റിൽ മാത്രമാക്കാൻ സർക്കാർ പിന്നീട് തീരുമാനിക്കുകയായിരുന്നു. ദുരന്ത നിവാരണ നിയമപ്രകാരം ഭൂമി ഏറ്റെടുത്തതിനെതിരേ എൽസ്റ്റൻ, ഹാരിസണ്‍ മാനേജ്മെന്റുകൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
2013ലെ എൽഎആർആർ നിയമം അനുസരിച്ച് ഭൂമി വില നൽകി ഏറ്റെടുക്കണമെന്നായിരുന്നു തോട്ടം മാനേജ്മെന്റുകളുടെ ആവശ്യം. എന്നാൽ, ദുരന്തനിവാരണ നിയമപ്രകാരം ഭൂമി ഏറ്റെടുത്ത നടപടി കോടതി ശരിവയ്ക്കുകയും 2013ലെ നിയമവ്യവസ്ഥകൾ പ്രകാരം നഷ്ടപരിഹാരത്തിനു നിർദേശം നൽകുകയുമായിരുന്നു.
ഭൂമിയുടെ ഉടമാവകാശത്തിൽ സർക്കാർ സിവിൽ കോടതിയിൽ ഫയൽ ചെയ്ത കേസുകളിൽ വിധി തോട്ടം ഉടമകൾക്ക് എതിരായാൽ തുക തിരികെ നൽകണമെന്ന വ്യവസ്ഥയോടെയായിരുന്നു ഇത്. നഷ്ടപരിഹാരം പര്യാപ്തമല്ലെങ്കിൽ അധിക തുകയ്ക്കു നിയമത്തിന്റെ വഴി തേടാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
ദുരന്ത നിവാരണ നിയപ്രകാരം ഭൂമി ഏറ്റെടുക്കുന്നതിനെതിരായ അപ്പീലുകളാണു ഹൈക്കോടതി ഡിവിഷൻ ബെഞ്ച് മുന്‍പാകെയുള്ളത്. നഷ്ടപരിഹാരം സംബന്ധിച്ച വ്യവഹാരം തുടർന്നാലും പുനരധിവാസത്തെ ബാധിക്കില്ലെന്ന് അഭിപ്രായപ്പെടുന്നവർ പൊതുരംഗത്തുണ്ട്.
ദുരന്ത നിവാരണ നിയമപ്രകാരം ഏറ്റെടുത്ത ഭൂമി സർക്കാരിന്റേതാണെന്നും നഷ്ടപരിഹാരത്തിന്റെ കാര്യത്തിൽ മാത്രമാണു തർക്കമുള്ളതെന്നും പുനരധിവാസം തടസപ്പെടരുതെന്നു കോടതി പരാമർശം ഉള്ളതായും അവർ ചൂണ്ടിക്കാട്ടുന്നു.