ജൽ ജീവൻ മിഷനിലും കേരളം കടക്കെണിയിൽ; കരാറുകാർ പദ്ധതി ഉപേക്ഷിക്കുന്നു
Tuesday, April 1, 2025 1:17 AM IST
ബിജു കുര്യൻ
പത്തനംതിട്ട: എല്ലാ വീടുകളിലും ശുദ്ധജലമെത്തിക്കുയെന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ജൽജീവൻ മിഷനിലും കേരളം കടക്കെണിയിൽ. പദ്ധതിയുടെ പകുതി ജോലികൾ പോലും പൂർത്തീകരിക്കാത്ത സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ട് കരാറുകാർക്കുള്ള കുടിശിക 4,000 കോടി രൂപയാണ്. കടം കയറിയതോടെ കരാറുകാരും പദ്ധതി ഉപേക്ഷിച്ച മട്ടാണ്.ഇതോടെ ജലവിതരണ പദ്ധതികളും പലയിടത്തും പാതിവഴിയാണ്.
രാജ്യത്തെ ഗ്രാമീണ മേഖലയിലെ ഓരോ കുടുംബത്തിനും പ്രതിദിനം 55 ലിറ്റർ ശുദ്ധ ജലം എത്തിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ജൽ ശക്തി മന്ത്രാലയം 2019-ലാണ് ജൽ ജീവൻ മിഷനു രൂപം നൽകുന്നത്. പദ്ധതി നടത്തിപ്പിൽ കേരളം ഇപ്പോൾ 31-ാം സ്ഥാനത്താണ്. മറ്റു സംസ്ഥാനങ്ങൾ ബഹുദൂരം മുന്നിലെത്തിയിട്ടും കേരളത്തിൽ പൈപ്പ്ലൈൻ സ്ഥാപിക്കൽ പാതി വഴി മന്ദീഭവിച്ച അവസ്ഥയിൽ.
70, 80,541 വീടുകളിൽ 37, 17, 974 വീടുകളിൽ മാത്രമാണു പൈപ്പ് ലൈൻ സ്ഥാപിച്ചതെന്നാണ് കണക്ക്. ഇതിലാകട്ടെ 40 ശതമാനം വീടുകളിലും വെള്ളം എത്തിയിട്ടില്ല. പ്രവൃത്തി ചെയ്ത വകയിൽ കരാറുകാർക്ക് നൽകാനുള്ളത് 18 മാസത്തെ കുടിശികയാണ്. ഇതിൽ 500 കോടിരൂപ കഴിഞ്ഞയിടെ അനുവദിച്ചു. 951 കോടി രൂപയാണ് ജല അഥോറിറ്റി ധനവകുപ്പിനോട് ആവശ്യപ്പെട്ടിരുന്നത്.
ഇക്കൊല്ലത്തെ സംസ്ഥാന ബജറ്റിൽ പദ്ധതിക്കായി നീക്കിവച്ചതാകട്ടെ കേവലം 560 കോടി രൂപമാത്രമാണ്. കേന്ദ്ര സർക്കാർ പദ്ധതിക്കായി അനുവദിച്ച തുക ഉപയോഗിച്ചാണ് പൈപ്പിടീൽ ജോലികൾ നടത്തിയതെന്നു പറയുന്നു. 50 : 50 അനുപാതത്തിലാണ് തുക മുടക്കേണ്ടത്. എന്നാൽ സംസ്ഥാനം ഇതു പാലിക്കുന്നില്ലെന്നാണ് ആരോപണം. സംസ്ഥാന സർക്കാർ 25 ശതമാനം തുകയും 15 ശതമാനം തദ്ദേശ സ്ഥാപനവും 10 ശതമാനം ഗുണഭോക്തൃ വിഹിതവുമാണ്.
പദ്ധതി പൂർത്തീകരണത്തിന് ഇനി വേണ്ടത് 34,000 കോടി രൂപയാണ്. 44,500 കോടി രൂപയാണു പദ്ധതിക്കു മൊത്തത്തിൽ ചെലവു പ്രതീക്ഷിച്ചിരുന്നത്. ഇതിൽ 11000 കോടി രൂപ ചെലവഴിച്ചു. കേന്ദ്രത്തോടൊപ്പം കേരളവും പദ്ധതിക്കായി തുല്യ തുക ചെലവാക്കിയിട്ടുണ്ടെന്നാണു സർക്കാർ പറയുന്നത്.
ജലസ്രോതസുകൾ കണ്ടെത്തുന്നതടക്കമുള്ള ജോലികളും ടാങ്കുകളും നിർമാണവുമൊക്കെ പലയിടത്തും പൂർത്തീകരിച്ചതിനു സംസ്ഥാന വിഹിതം ചെലവഴിച്ചതായി പറയുന്നു. കരാറുകാർക്കുള്ള കുടിശിക നൽകണമെങ്കിൽ കേന്ദ്ര വിഹിതമായ 17,000 കോടിയും ലഭിക്കണമെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. മുഴുവൻ പണവും കേന്ദ്രം ഒന്നിച്ചു തരില്ല.
ഓരോ ഘട്ടത്തിലും കേരളത്തിന്റെ വിഹിതം കൂടി ചെലവഴിച്ച് റിപ്പോർട്ട് നൽകേണ്ടതുണ്ട്. 950 കോടി രൂപ ഇപ്പോൾ അനുവദിച്ചിരുന്നെങ്കിൽ കേന്ദ്രം അത്രയും തുക കൂടി നൽകുകയും തത്കാലം പിടിച്ചു നിൽക്കാനും കഴിയുമായിരുന്നുവെന്ന് ഗവൺമെന്റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് കണ്ണന്പള്ളി പറഞ്ഞു.
പൈപ്പ് വാങ്ങിയതിന്റെ പണം കന്പനികൾക്ക് കരാറുകാർ നൽകാനുണ്ട്. ബാങ്കുകളിൽ നിന്നും കടമെടുത്ത പണത്തിനു നോട്ടീസ് വന്നുകൊണ്ടിരിക്കുകയാണെന്നും കരാറുകാർ ചൂണ്ടിക്കാട്ടി.