നാലാമത്തെ സ്നേഹിതൻ
Tuesday, April 1, 2025 2:40 AM IST
റവ. ഡോ. ജോസി കൊല്ലമ്മാലിൽ സിഎംഐ
ചാവറയച്ചന്റെ നാലു സ്നേഹിതരുടെ കഥയിൽ, മരണത്തിൽനിന്നു തന്നെ രക്ഷിക്കാൻ ആദ്യ മൂന്നുപേർക്കും കഴിയില്ലെന്ന് അയാൾക്കു മനസിലായി. ദുഃഖിതനായി നിൽക്കവേ അതാ, നാലാമതൊരാൾ വരുന്നു.
നാലാമൻ ചോദിച്ചു: "അല്ലയോ സ്നേഹിതാ, എന്താണിത്? നിന്റെ മുഖത്ത് ഒരു വിഷാദഭാവം. നിനക്ക് എത്ര ദുഃഖം ഉണ്ടായാലും അത് എന്നേക്കും ഇല്ലാതാക്കാൻ എനിക്കു കരുത്തുണ്ട്. മനുഷ്യർക്കു വിവിധങ്ങളായ ദുഃഖങ്ങൾ വന്നു ഭവിക്കാറുണ്ട്. എങ്കിലും മരണത്തിനു തുല്യമായ ദുഃഖം ഈ ലോകത്തു വേറെയില്ല. എന്റെ പേര് മരണത്തെ ജയിച്ചവൻ എന്നാണ്.ശത്രുക്കൾക്ക് എന്നെ തോൽപ്പിക്കാനാവില്ല.
നിന്റെ എതിരാളികൾ രാജാവിന്റെ സന്നിധിയിൽ നിന്റെ മരണത്തിനായി ശ്രമിച്ചെങ്കിൽ നീ വ്യാകുലപ്പെടേണ്ടതില്ല. നിന്റെ പ്രാണനാശത്തിനുള്ള ഈ വിധി സ്നേഹത്തിന്റെ വിധിയാക്കി മാറ്റാനും ഞാൻ ശക്തനാണ്. നീ സ്വസ്ഥമായിരിക്കുക. ദുഃഖഭാവം വെടിയുക. ദൈവസന്നിധിയിലേക്ക് എന്നോടൊന്നിച്ചു പോരുക.'
നാലാമത്തെ സ്നേഹിതൻ പറഞ്ഞതുപോലെ എല്ലാം സംഭവിച്ചു. കാര്യങ്ങളെല്ലാം ശുഭമായി. അവൻ അത്യധികമായി സന്തോഷിച്ചു. ഇനി നാലാമത്തെ സ്നേഹിതൻ ആരാണെന്നല്ലേ? ജീവിതകാലത്തു ചെയ്തിട്ടുള്ള സുകൃതങ്ങൾ, പുണ്യങ്ങൾ, നന്മകൾ. ഇവ മാത്രമേ മരണത്തിലേക്കു പ്രവേശിക്കുന്നവന്റെ ഒപ്പം ഒരു സുഹൃത്തായി ഉണ്ടാവൂ.
ചതുരന്ത്യം
പുണ്യമാകുന്ന സ്നേഹിതൻ പരേതാത്മാവിനെ അടുത്തിരുത്തിക്കൊണ്ട് മനുഷ്യന്റെ ചതുരന്ത്യത്തെക്കുറിച്ച് (മരണം, വിധി, മോക്ഷം, നരകം എന്നീ നാല് അന്ത്യങ്ങൾ) അയാളെ ഓർമപ്പെടുത്തി. ആ സ്നേഹിതന്റെ വാക്കുകൾ അയാൾക്കു സ്വീകാര്യമായി, ശ്രദ്ധാപൂർവം കേട്ടു. അവയെക്കുറിച്ചു ധ്യാനിച്ചു. സ്നേഹിതൻ തുടർന്നു പറഞ്ഞു: "വളരെ ശ്രേഷ്ഠമായ ഒരു തത്വം ഞാൻ പറഞ്ഞു തരാം, മരണത്തെ ജയിക്കാൻ നാം ഈ ലോകത്തിലായിരിക്കുന്പോൾ നല്ല പ്രവൃത്തികളിൽ മുഴുകണം. ആ സുകൃതങ്ങൾ നമ്മെ അമർത്യരാക്കും. അവ മാത്രമേ ആത്മാവിനോടൊപ്പം മറ്റൊരു ലോകത്തിലേക്കു യാത്ര ചെയ്യാൻ കൂടെയുണ്ടാകൂ. മരണം, വിധി, സ്വർഗം, നരകം എന്നിവ മനുഷ്യന്റെ ബുദ്ധിയിലും ഓർമയിലും സദാസമയവും ഉണ്ടായിരിക്കണം. ഇക്കാര്യം ഉരുവിട്ടുകൊണ്ട് ജീവിക്കാൻ എന്റെ മൃതശരീരം പ്രിയ ജനമേ, നിങ്ങളെ ഓർമിപ്പിക്കുന്നു' - പരേതാത്മാവ് ബന്ധുമിത്രാദികളെ ഉപദേശിക്കുന്നു.
സുകൃതങ്ങൾ
സ്നേഹിതൻ ഒാർമിപ്പിക്കുന്നത്, നന്മകൾ രണ്ടു തരത്തിൽ രക്ഷയായി എത്താറുണ്ടെന്നാണ്. ശരീരം വിട്ടുപോയെങ്കിലും ആത്മാവിനു പുതിയ ജീവിതം തുടങ്ങുന്നു. രണ്ടാമതായി മർത്യശരീരം വിടുന്ന ആത്മാവിന് അവ നിത്യജീവിതത്തിലേക്കു കൂട്ടുകാരാകുന്നു.
കാട്ടിലും യുദ്ധത്തിലും അഗ്നിബാധയിലും കടൽക്കോളിലും പർവതശിഖരത്തിലും ഉറക്കത്തിലും ഉന്മാദത്തിലും ഏതു ദുർഘടഘട്ടത്തിലും ഈ സുകൃതങ്ങൾ നമ്മെ രക്ഷിക്കാനെത്തുന്നുവെന്ന സത്യം മനുഷ്യൻ ഓർത്തുവയ്ക്കണം. മരണമുണ്ടായാലും സുകൃതങ്ങൾ മനുഷ്യന് അമരത്വം നേടിക്കൊടുക്കുന്നു. സഹോദരങ്ങൾക്കു നന്മവരുത്തുന്നതേ ചെയ്യൂ എന്ന നിശ്ചയദാർഢ്യത്തോടെ പ്രവർത്തിക്കുന്നവർ, അവരുടെ സ്മൃതിയിൽ മരണമില്ലാതെ വർത്തിക്കുന്നു.
നമ്മുടെ വാക്കും മനസും പെരുമാറ്റങ്ങളും നന്മയുടെയും ഉണ്മയുടെയും ജീവിതമേന്മയുടെയും പാളങ്ങളിൽനിന്നു വഴുതിപ്പോകാതിരിക്കണം.