പാറമടകളിലെ ജലം കൃഷിക്ക് ; ആദ്യഘട്ടത്തില്‍ അഞ്ചിടങ്ങളില്‍ പദ്ധതിയുമായി ഹരിതകേരള മിഷന്
Tuesday, April 1, 2025 1:17 AM IST
ബിനു ജോര്‍ജ്
കോഴിക്കോട്: സംസ്ഥാനത്തെ ഉപേക്ഷിക്കപ്പെട്ട പാറമടകളില്‍ കെട്ടിക്കിടക്കുന്ന ജലം ഉപയോഗിച്ച് കൃഷി ചെയ്യാനായി ഹരിതകേരള മിഷന് തയാറാക്കിയ പദ്ധതിയുടെ ഭാഗമായി അഞ്ചിടങ്ങളില്‍ സൗരോര്‍ജ നിലയങ്ങള്‍ ആരംഭിക്കുന്നു. ഇതിനായി സര്‍ക്കാര്‍ അരക്കോടി രൂപ അനുവദിച്ചു.
‘പാറമടകളിലെ ജലം കൃഷിയിലേക്ക്’ എന്ന പദ്ധതിയുടെ ആദ്യഘട്ടമായി തെരഞ്ഞെടുക്കപ്പെട്ട അഞ്ചു ജില്ലകളിലെ കുളങ്ങളിലാണ് ഒഴുകി നടക്കുന്ന (ഫ്ളോട്ടിംഗ്) സൗരോര്‍ജ നിലയങ്ങള്‍ ആരംഭിക്കുക. ജലദൗര്‍ലഭ്യമുള്ള സ്ഥലങ്ങളിലേക്കു മോട്ടോര്‍ ഉപയോഗിച്ച് പാറമടകളിലെ വെള്ളം പമ്പ് ചെയ്ത് എത്തിച്ചു കൃഷി ചെയ്യുകയാണ് ലക്ഷ്യം. ഇതുവഴി, വലിയ തോതില്‍ പാഴായിപ്പോകുന്ന ജലം കൃഷിക്കുപയുക്തമാക്കാന്‍ കഴിയും.
കൊല്ലം ജില്ലയിലെ ഏഴൂര്‍, വിളക്കുടി എന്നിവിടങ്ങളിലെയും എറണാകുളം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളിലെ ഓരോ പാറമടയിലുമാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നത്. ഓരോ പാറമടയിലും 10 കിലോവാട്ട് ശേഷിയുള്ള സൗരോര്‍ജ്ജ പമ്പ് സ്ഥാപിക്കുന്നതിനും മറ്റ് അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ഏകദേശം 10 ലക്ഷം രൂപയാണു ചെലവ് പ്രതീക്ഷിക്കുന്നത്. പാറമടകളില്‍ ഹൈഡ്രോഗ്രാഫിക് സര്‍വേ നടത്തി ഇവിടങ്ങളിലെ ജലലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്.
10 എച്ച്പി സബ്മേഴ്സബിള്‍ പമ്പ് പ്രവര്‍ത്തിപ്പിക്കാനാവശ്യമായ 10 കിലോവാട്ട് പീക്ക് സൗരോര്‍ജ നിലയങ്ങളാണ് സ്ഥാപിക്കുന്നത്. നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷനാണു പദ്ധതി നടപ്പാക്കുന്നത്.
സംസ്ഥാനത്ത് ഉപേക്ഷിക്കപ്പെട്ട 286 പാറമടകളിലെ ജലം കൃഷിക്ക് ഉപയോഗിക്കാന്‍ സാധിക്കുമെന്ന് ഹരിതകേരള മിഷന് കണ്ടെത്തിയിരുന്നു. ഇതില്‍ ഏറ്റവും അനുയോജ്യമെന്നു കണ്ടെത്തിയത് 30 പാറമടകളാണ്.
ഈ ലിസ്റ്റിലുള്‍പ്പെട്ട അഞ്ച് ക്വാറികളില്‍ അനര്‍ട്ട്, തൊഴിലുറപ്പ് പദ്ധതി, തദ്ദേശസ്വയംഭരണ സ്ഥാപനം എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി വിജയകരമെന്നു കണ്ടാല്‍ കൂടുതല്‍ സ്ഥലങ്ങളിലേക്കു വ്യാപിപ്പിക്കും.