എന്പുരാനിൽ മോഡിഫിക്കേഷൻ; വിവാദം കത്തുന്നു, ഖേദം പ്രകടിപ്പിച്ച് മോഹൻലാൽ
Monday, March 31, 2025 5:44 AM IST
തിരുവനന്തപുരം: എന്പുരാൻ സിനിമയിലെ വിവാദ ഭാഗങ്ങളിൽ ഖേദം പ്രകടിപ്പിച്ച് മോഹൻലാൽ. വിവാദ ഭാഗങ്ങൾ ഇന്നു തിയറ്ററിൽനിന്നു ഒഴിവാക്കാനിരിക്കേയാണ് ഇന്നലെ ഫേസ്ബുക്ക് കുറിപ്പിലൂടെ മോഹൻലാൽ പ്രതികരിച്ചത്. ചിത്രത്തിന്റെ സംവിധായകനും അഭിനേതാവുമായ പൃഥ്വിരാജ് സുകുമാരനും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഷെയര്‍ ചെയ്തു. സിനിമയിൽനിന്നു മൂന്നു മിനിറ്റ് ദൈർഘ്യമുള്ള ഭാഗങ്ങളാണ് വെട്ടിമാറ്റിയത്.
കുറിപ്പിന്റെ പൂർണ രൂപം:
‘ലൂസിഫർ’ ഫ്രാഞ്ചൈസിന്റെ രണ്ടാം ഭാഗമായ ’എന്പുരാൻ’ സിനിമയുടെ ആവിഷ്കാരത്തിൽ കടന്നുവന്നിട്ടുള്ള ചില രാഷ്ട്രീയ, സാമൂഹിക പ്രമേയങ്ങൾ എന്നെ സ്നേഹിക്കുന്നവരിൽ കുറെപേർക്ക് വലിയ മനോവിഷമം ഉണ്ടാക്കിയതായി ഞാനറിഞ്ഞു. ഒരു കലാകാരൻ എന്ന നിലയിൽ എന്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ ആശയത്തോടോ മതവിഭാഗത്തോടോ വിദ്വേഷം പുലർത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് എന്റെ കടമയാണ്.
അതുകൊണ്ടുതന്നെ എന്റെ പ്രിയപ്പെട്ടവർക്ക് ഉണ്ടായ മനോവിഷമത്തിൽ എനിക്കും എന്പുരാൻ ടീമിനും ആത്മാർഥമായ ഖേദമുണ്ട്, ഒപ്പം അതിന്റെ ഉത്തരവാദിത്വം സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ച ഞങ്ങൾ എല്ലാവരുടേതുമാണ് എന്ന തിരിച്ചറിവോടെ അത്തരം വിഷയങ്ങളെ നിർബന്ധമായും സിനിമയിൽനിന്ന് നീക്കം ചെയ്യാൻ ഞങ്ങൾ ഒരുമിച്ച് തീരുമാനിച്ചുകഴിഞ്ഞു.
കഴിഞ്ഞ നാല് പതിറ്റാണ്ട് നിങ്ങളിലൊരാളായാണ് ഞാൻ എന്റെ സിനിമാ ജീവിതം ജീവിച്ചത്. നിങ്ങളുടെ സ്നേഹവും വിശ്വാസവും മാത്രമാണ് എന്റെ ശക്തി. അതിൽ കവിഞ്ഞൊരു മോഹൻലാൽ ഇല്ല എന്ന് ഞാൻ വിശ്വസിക്കുന്നു.
-മോഹൻലാൽ
“എല്ലാവര്ക്കും ഉത്തരവാദിത്വം”: മല്ലിക സുകുമാരന്‍
കൊച്ചി: എമ്പുരാന് സിനിമയിലൂടെ മോഹന്‍ലാലിനെയും ആന്റണി പെരുമ്പാവൂര്‍ ഉള്‍പ്പെടെയുള്ള നിര്‍മാതാക്കളെയും പൃഥ്വിരാജ് ചതിച്ചു എന്ന പ്രചാരണം വേദനയുണ്ടാക്കുന്നതാണെന്ന് പൃഥ്വിരാജിന്റെ അമ്മ മല്ലിക സുകുമാരന്‍. ചിത്രത്തിന്റെ സംവിധായകന് മകന് പൃഥ്വിരാജ് ആണ് എന്നതിനപ്പുറം ചിത്രവുമായി ഒരു ബന്ധവും തനിക്കില്ല.
എങ്കിലും സിനിമയുടെ അണിയറയില്‍ എന്താണ് നടന്നതെന്ന് തനിക്ക് നന്നായി അറിയാമെന്നും മല്ലിക ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. ലാലിന്റെയോ നിര്‍മാതാക്കളുടെയോ അറിവില്ലാതെ ചിലര്‍ പൃഥ്വിരാജിനെ ബലിയാടാക്കാന്‍ ശ്രമിക്കുന്നതില്‍ അതീവ ദുഃഖമുണ്ടെന്ന് മേജര്‍ രവിയുടെ പേരെടുത്ത് പറഞ്ഞ് മല്ലിക വിമര്‍ശിച്ചു. സിനിമയ്ക്ക് എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ അതിന് എല്ലാവര്ക്കും ഉത്തരവാദിത്വമാണെന്നും മല്ലിക കുറിച്ചു.
അവകാശങ്ങൾ നഷ്ടപ്പെടാതിരിക്കണം: മുഖ്യമന്ത്രി പിണറായി വിജയൻ
രാജ്യം കണ്ട ഏറ്റവും നിഷ്ഠുരമായ വംശഹത്യകളിലൊന്നിനെ സിനിമയിൽ പരാമർശിക്കുന്നതാണ് അതിന്റെ ആസൂത്രകരായ സംഘപരിവാറിനെ രോഷാകുലരാക്കിയിരിക്കുന്നത്. അണികൾ മാത്രമല്ല, ബിജെപിയുടെയും ആർഎസ്എസിന്റെയും നേതാക്കൾവരെ പരസ്യമായ ഭീഷണികൾ ഉയർത്തുകയാണ്.
ഈ സമ്മർദത്തിൽപെട്ട് സിനിമയുടെ റീസെൻസറിംഗിനും വെട്ടിത്തിരുത്തലുകൾക്കും നിർമാതാക്കൾ നിർബന്ധിതരാകുന്നു എന്ന വാർത്തകൾവരെ പുറത്തുവന്നിരിക്കുന്നു. സിനിമകൾ നിർമിക്കാനും അവ കാണാനും ആസ്വദിക്കാനും വിലയിരുത്താനും യോജിക്കാനും വിയോജിക്കാനും ഒക്കെയുള്ള അവകാശങ്ങൾ നഷ്ടപ്പെടാതിരിക്കണം.
ചരിത്രസത്യങ്ങൾ തെളിഞ്ഞുനിൽക്കും: വി.ഡി. സതീശൻ
സംഘ്പരിവാറിന് ചരിത്രത്തെക്കുറിച്ച് കാര്യമായ അറിവില്ല. മാത്രമല്ല ചരിത്രത്തെ വളച്ചൊടിച്ചാണ് ശീലം. സിനിമ ഒരു കൂട്ടം കലാകാരൻമാരുടെ സൃഷ്ടിയാണ്. ഭീഷണിപ്പെടുത്തിയും സമൂഹ മാധ്യമങ്ങളിലൂടെ അവഹേളിച്ചും അപമാനിച്ചും ഒരു കലാസൃഷ്ടയുടെ ഉള്ളടക്കത്തെ തിരുത്തിക്കുന്നത് വിജയമല്ല. എത്ര മൂടിവയ്ക്കാൻ ശ്രമിച്ചാലും ചരിത്ര സത്യങ്ങൾ തെളിഞ്ഞുതന്നെ നിൽക്കുമെന്നതും മറക്കരുത്.
-
എന്പുരാൻ കാണില്ല: രാജീവ് ചന്ദ്രശേഖർ
ചരിത്രത്തെ വളച്ചൊടിച്ച സിനിമകൾ പരാജയപ്പെട്ടിട്ടുണ്ട്. അത്തരം സിനിമകളെ ജനം തള്ളും. എന്പുരാൻ സിനിമ ഇനി ഞാൻ കാണില്ല, താൽപര്യം ഉള്ളവർക്കു കാണാം. സിനിമ കണ്ട ആളുകളിൽ ചിലർ അതിലെ ചില പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി. ഇപ്പോൾ സിനിമയിലെ ചില രംഗങ്ങൾ നീക്കം ചെയ്യുന്നതായി നിർമാതാവുതന്നെ വ്യക്തമാക്കി.