വന നിയമഭേദഗതി ബിൽ ഇല്ലെന്നു മുഖ്യമന്ത്രി
Thursday, January 16, 2025 2:45 AM IST
തിരുവനന്തപുരം: വിവാദങ്ങൾക്കൊടുവിൽ വനം ഉദ്യോഗസ്ഥർക്ക് അമിതാധികാരം നൽകുന്ന വനം സംരക്ഷണ നിയമഭേദഗതി ഉപേക്ഷിച്ചു സർക്കാർ. ഇന്നലെ ചേർന്ന മന്ത്രിസഭായോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് വനം നിയമഭേദഗതി പിൻവലിക്കുന്ന കാര്യം അറിയിച്ചത്.
മലയോര മേഖലയിലെ ജനങ്ങളെ ആശങ്കയിലാക്കുന്ന ഒരു നിയമഭേദഗതിയുമായും സർക്കാർ മുന്നോട്ടു പോകില്ലെന്നു പിന്നീടു നടത്തിയ പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കുകയും ചെയ്തു.
വന നിയമഭേദഗതിയുമായി മുന്നോട്ടു പോകുകയും ഇത്തവണത്തെ നിയമസഭാ സമ്മേളനത്തിൽ ലിസ്റ്റ് ചെയ്യുകയും ചെയ്ത ശേഷം വൻ എതിർപ്പുകൾക്ക് ഒടുവിലാണ് സർക്കാരിന്റെ പിന്മാറ്റം.
മലയോര മേഖലയിലെ ജനങ്ങളെ ദോഷകരമായി ബാധിക്കുന്ന വനം നിയമ ഭേദഗതി അടക്കമുള്ളവയ്ക്കെതിരേ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിൽ മലയോര ജാഥ പ്രഖ്യാപിച്ചതിനും നിയമഭേദഗതിയുടെ പേരിൽ പി.വി. അൻവർ നിയമസഭാംഗത്വം രാജിവച്ചു സർക്കാരിനെ പ്രതിരോധത്തിലാക്കിയതിനും പിന്നാലെയാണ് പുതിയ തീരുമാനം.
തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകൾ വരുന്നതും വനഭേദഗതി ബിൽ ഉപേക്ഷിക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചു.
കേന്ദ്ര നിയമം ഭേദഗതി ചെയ്യണമെന്ന്
തിരുവനന്തപുരം: കടുവയും പുലിയും അടക്കമുള്ള വന്യമൃഗങ്ങൾ നാട്ടിലിറങ്ങി ജനങ്ങളെ ആക്രമിക്കുന്പോൾ ആറംഗം സമിതി യോഗം ചേർന്നു തീരുമാനിച്ച ശേഷം മാത്രമേ ഇവയെ മയക്കുവെടി വയ്ക്കാൻ കഴിയുകയുള്ളൂവെന്ന കേന്ദ്ര നിയമത്തിലാണ് ആദ്യം ഭേദഗതി കൊണ്ടുവരേണ്ടതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വന്യമൃഗ ആക്രമണത്തെ ശാശ്വതമായി എങ്ങനെ ചെറുക്കാനാകുമെന്നാണ് സർക്കാർ ആലോചിക്കുന്നത്.
വന്യജീവി ആക്രമണം നേരിടാനുള്ള പ്രധാന തടസം 1972ലെ കേന്ദ്രനിയമമാണ്. കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലെ വകുപ്പ് 11(1) എയും അതുപ്രകാരം വന്യജീവികളെ നേരിടുന്നതിന് കേന്ദ്രം ഏർപ്പെടുത്തിയ കർശന നിയമങ്ങളുമാണ്.
അതു ഭേദഗതി ചെയ്യാൻ സംസ്ഥാന സർക്കാരിനു മാത്രം സാധിക്കില്ല. ആക്രമണകാരികളായ വന്യമൃഗങ്ങളെ വെടിവച്ചുകൊല്ലാൻ സാധ്യമല്ലാത്ത സ്ഥിതിയാണ്. ഒഴിവാക്കാനാകാത്ത സാഹചര്യത്തിൽ മാത്രമേ വന്യജീവിയെ കൊല്ലാൻ കേന്ദ്ര നിയമം അനുവദിക്കുന്നുള്ളൂ.
ജനവാസമേഖലയിൽ എത്തുന്ന കടുവകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നുള്ള എസ്ഒപിയും കാട്ടാനകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് വിശദീകരിക്കുന്ന മാർഗനിർദേശ ങ്ങളും ഇതിന് തടസമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.