കെഎസ്ഇബിയുടെ അനാസ്ഥ; വൈദ്യുതാഘാതമേറ്റ് ശബരിമല തീർഥാടകൻ മരിച്ചു
Thursday, January 16, 2025 12:40 AM IST
പത്തനംതിട്ട: വടശേരിക്കരയിൽ കെഎസ്ഇബി അലക്ഷ്യമായി വലിച്ചിരുന്ന വൈദ്യുത കേബിളിൽനിന്നു ഷോക്കേറ്റ് ശബരിമല തീർഥാടകൻ മരിച്ചു. തമിഴ്നാട് കൃഷ്ണഗിരി ഹോസൂർ സ്വദേശി നാഗരാജനാണ് (58) മരിച്ചത്.
വടശേരിക്കര ചെറുകാവ് ദേവീക്ഷേത്രത്തിനു സമീപം പാലത്തിന്റെ വലതു വശത്തായി കെഎസ്ഇബി ജീവനക്കാർ അലക്ഷ്യമായി ഇട്ടിരുന്ന കേബിളിൽനിന്നു ഷോക്കേറ്റാണ് നാഗരാജൻ മരിച്ചത്.
കഴിഞ്ഞവർഷം വടശേരിക്കര പാലത്തിൽ നടത്തിയ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി വൈദ്യുതി നൽകിയിരുന്ന വയറിൽനിന്നുമാണ് ഷോക്കേറ്റതെന്നു പറയുന്നു. ഈ കേബിളിൽ വൈദ്യുതി പ്രവാഹമുള്ളത് പലപ്പോഴും വടശേരിക്കരയിൽ വൈദ്യുതി മുടക്കുന്നതിനും അപകടങ്ങൾക്കും കാരണമാകുമെന്ന് നാട്ടുകാർ നിരവധി തവണ പരാതിപ്പെട്ടിരുന്നു.
നാട്ടുകാരുടെ പരാതി പരിഹരിക്കാൻ വൈദ്യുതി പ്രവാഹമുള്ള കേബിൾ പുല്ലുകൾക്കിടയിലേക്കിട്ട് അതിന് മുകളിൽ ഇലകൾ കൊണ്ട് മറയ്ക്കുകയാണ് കെഎസ്ഇബി ഉദ്യോഗസ്ഥർ ചെയ്തിരുന്നത്.
മകരവിളക്ക് ദർശിച്ച് ചൊവ്വാഴ്ച രാത്രി മലയിറങ്ങിയ അന്‍പതംഗ തീർഥാടക സംഘത്തിനൊപ്പമാണ് നാഗരാജനും രാത്രി 11ഓടെ വടശേരിക്കരയിലെത്തിയത്. ഇലകൾക്കുള്ളിൽ ഒളിഞ്ഞിരുന്ന അപകടം തിരിച്ചറിയാതെ ഇവിടെ മൂത്രമൊഴിച്ചപ്പോൾ വൈദ്യുതാഘാതമേറ്റ് വീഴുകയായിരുന്നു.
സംഭവം അറിഞ്ഞെത്തിയ ലൈൻമാൻ വൈദ്യുത ബന്ധം വിച്ഛേദിച്ച ശേഷം നാഗരാജനെ അശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം അയ്യപ്പസേവാസംഘം പ്രവർത്തകർ ഏറ്റുവാങ്ങി തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി.