പെരിയ കേസ്: പ്രതികൾക്കുവേണ്ടി വീണ്ടും സിപിഎം ഫണ്ട് പിരിവ്
Thursday, January 16, 2025 2:33 AM IST
കാഞ്ഞങ്ങാട്: പെരിയ കല്യോട്ടെ ഇരട്ടക്കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികൾക്കുവേണ്ടി കേസ് നടത്താൻ സിപിഎം വീണ്ടും ഫണ്ട് പിരിവ് തുടങ്ങി. ഇത്തവണ പാർട്ടി അംഗങ്ങളിൽനിന്നു മാത്രമാണു പണം പിരിക്കുന്നത്.
തെരഞ്ഞെടുപ്പുകൾ അടുത്തുവരുന്ന സാഹചര്യത്തിൽ കൊലക്കേസ് നടത്തിപ്പിനായി പൊതുജനങ്ങളിൽനിന്നും വ്യാപാരികളിൽനിന്നും മറ്റും നിർബന്ധിത പണപ്പിരിവ് നടത്തുന്നതു വിപരീതഫലം സൃഷ്ടിച്ചേക്കാമെന്ന വിലയിരുത്തലിനെ തുടർന്നാണ് ഇത്.
ജില്ലയിലെ ഓരോ പാർട്ടി അംഗവും ചുരുങ്ങിയത് 500 രൂപയെങ്കിലും നൽകണമെന്നാണു പാർട്ടി നിർദേശം. ഇക്കാര്യത്തിൽ ഓരോ ബ്രാഞ്ച് കമ്മിറ്റിക്കും കൃത്യമായ ടാർഗറ്റ് നൽകിയിട്ടുണ്ട്. എന്നാൽ, മുഴുവൻ സമയ പാർട്ടി പ്രവർത്തകർക്ക് ഇതിനുള്ള വരുമാനം എവിടെനിന്നു ലഭിക്കുമെന്ന കാര്യത്തിൽ പാർട്ടി മൗനം പാലിക്കുകയാണ്. ഈ തുക പരസ്യമായിട്ടല്ലെങ്കിലും പാർട്ടി അംഗങ്ങൾ പൊതുജനങ്ങളിൽനിന്നും വ്യാപാരികൾ, സംരംഭകർ, കരാറുകാർ എന്നിവരിൽനിന്നും പിരിച്ചെടുക്കാൻതന്നെയാണു സാധ്യത.
ജില്ലയിൽ പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളിലും മറ്റും ജോലി ചെയ്യുന്നവരും പാർട്ടിയുടെ പേരിൽ ജോലി നേടിയവരും ഒരു ദിവസത്തെ ശമ്പളം നൽകണമെന്നും നിർദേശമുണ്ട്.
ജില്ലയിലാകെ 28,970 അംഗങ്ങളാണു സിപിഎമ്മിനുള്ളത്. ഇവരിൽനിന്ന് 500 രൂപ വച്ച് പിരിച്ചെടുക്കുമ്പോൾതന്നെ അത് 1.4 കോടി രൂപയോളമാകും. ജോലി ലഭിച്ചവരുടെ ഒരു ദിവസത്തെ ശമ്പളം കൂടിയാകുമ്പോൾ ആകെ ലഭിക്കുന്ന ഫണ്ട് രണ്ടു കോടി രൂപയിലധികമാകും. ഈ മാസം 20നകം ഈ പണമത്രയും സമാഹരിച്ചു നൽകണമെന്നാണു ജില്ലാ കമ്മിറ്റി ഏരിയാ കമ്മിറ്റികൾക്ക് നൽകിയിരിക്കുന്ന നിർദേശം.
ഇതു ലഭിക്കുന്നതിനു പിന്നാലെ ശിക്ഷിക്കപ്പെട്ട പ്രതികൾക്കു വേണ്ടി ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിക്കാനാണു തീരുമാനം. ഇതിനുവേണ്ടി സുപ്രീംകോടതിയിൽനിന്നുതന്നെ പ്രഗല്ഭ അഭിഭാഷകരെ എത്തിച്ച് ഹാജരാക്കാനാണ് ഉദ്ദേശിക്കുന്നത്.
പെരിയ ഇരട്ടക്കൊലക്കേസുമായി ബന്ധപ്പെട്ട് സിപിഎം ഇതു രണ്ടാംതവണയാണ് ഫണ്ട് പിരിവ് നടത്തുന്നത്. ആദ്യഘട്ട കേസ് നടത്തിപ്പിനായി 2021 നവംബർ, ഡിസംബർ മാസങ്ങളിൽ ഫണ്ട് പിരിവ് നടത്തിയിരുന്നു.
2019 ഫെബ്രുവരി 17നാണ് കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന ശരത് ലാലും കൃപേഷും കൊല ചെയ്യപ്പെട്ടത്. ഇരട്ടക്കൊലപാതകവുമായി പാർട്ടിക്ക് ഒരു ബന്ധവുമില്ലെന്നും പ്രാദേശികമായ വ്യക്തിവിരോധം മൂലം നടന്നതാണെന്നും പാർട്ടി നേതാക്കൾ പലതവണ ആവർത്തിക്കുമ്പോഴും പ്രതികള്ക്കുവേണ്ടി കേസ് നടത്തുന്നതിന്റെ പൂർണ ചുമതല പാർട്ടി ഏറ്റെടുക്കുകയാണ്.
ശിക്ഷിക്കപ്പെട്ട പ്രതികളെ മുതിർന്ന പാർട്ടി നേതാക്കൾ തന്നെ ജയിലിലെത്തി കാണുകയും അവരുടെ വീടുകളിൽ ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണനും ജില്ലയിലെ രണ്ട് എംഎൽഎമാരുമടക്കമുള്ള നേതാക്കളെത്തി പാർട്ടി ഒപ്പമുണ്ടാകുമെന്ന ഉറപ്പ് ബന്ധുക്കൾക്കു നൽകുകയും ചെയ്തിരുന്നു.
നേരത്തേ കെ.ടി. ജയകൃഷ്ണൻ വധക്കേസിലെ പ്രതികൾക്കുവേണ്ടി കേസ് നടത്താനും സിപിഎം വൻതോതിൽ ഫണ്ട് പിരിവ് നടത്തിയിരുന്നു. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പ്രതികൾക്കുവേണ്ടി സുപ്രീംകോടതി വരെ കേസ് നടത്തി എല്ലാവരെയും വെറുതെ വിട്ടുകൊണ്ടുള്ള വിധി നേടിയെടുക്കുകയും ചെയ്തു.
സമൂഹമാധ്യമങ്ങളിലെ അപവാദപ്രചാരണം: സിപിഎം ഏരിയാ സെക്രട്ടറി ഉൾപ്പെടെ
അഞ്ചുപേർക്കെതിരേ കേസ്
പെരിയ ഇരട്ടക്കൊലക്കേസുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ അപവാദ പ്രചാരണം നടത്തിയെന്ന പരാതിയിൽ സിപിഎം ഏരിയാ സെക്രട്ടറി ഉൾപ്പെടെ അഞ്ചു പേർക്കെതിരേ കേസ്.
കൊല്ലപ്പെട്ട ശരത് ലാലിനെയും കൃപേഷിനെയും അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റ് ഫേസ്ബുക്കിലും വാട്സാപ്പിലും പ്രചരിപ്പിച്ചതായി ചൂണ്ടിക്കാട്ടി ശരത് ലാലിന്റെ പിതാവ് പി.കെ. സത്യനാരായണൻ ജില്ലാ പോലീസ് മേധാവി ഡി. ശില്പയ്ക്കു നൽകിയ പരാതിയിലാണ് സിപിഎം ഉദുമ ഏരിയ സെക്രട്ടറി മധു മുദിയക്കാലിനും ഉദുമയിലെ അഖിൽ പുലിക്കോടനും എതിരേ കേസെടുത്തത്.
ഇതുസംബന്ധിച്ച് ബേക്കൽ പോലീസിന്റെ അന്വേഷണ റിപ്പോർട്ട് ഹൊസ്ദുർഗ് ഫസ്റ്റ് ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചിരുന്നു. കോടതി നിർദേശപ്രകാരമാണ് രണ്ടുപേർക്കുമെതിരേ കേസ് രജിസ്റ്റർ ചെയ്തത്.
ഇരട്ടക്കൊല കേസിൽ ശിക്ഷിക്കപ്പെട്ട കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്റെ ഫേസ്ബുക്ക് പോസ്റ്റിനു താഴെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്റെ കമന്റിനു താഴെയും അശ്ലീലച്ചുവയുള്ളതും മാനഹാനി വരുത്തുന്നതുമായ കമന്റ് ഇട്ടതിനാണു നിയാസ് മലബാറി, ജോസഫ് ജോസഫ്, ഹാഷിം ഇളംബയൽ എന്നീ ഫേസ്ബുക്ക് ഐഡികൾക്കെതിരായി കേസെടുത്തത്.