അമ്പലത്തിൻകാല അശോകൻ വധക്കേസ്: അഞ്ചു പ്രതികൾക്ക് ഇരട്ട ജീവപര്യന്തം
Thursday, January 16, 2025 12:40 AM IST
കാട്ടാക്കട: കാട്ടാക്കട അമ്പലത്തിൻകാല അശോകൻ വധക്കേസിൽ അഞ്ച് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം. മൂന്ന് പ്രതികളെ ജീവപര്യന്തം തടവിനും കോടതി ശിക്ഷിച്ചു.
എട്ട് പ്രതികൾക്കും അയ്യായിരം രൂപവീതം പിഴയും കോടതി ചുമത്തി. തിരുവനന്തപുരം സെഷൻസ് കോടതിയുടേതാണ് വിധി. കൊലപാതകത്തിൽ നേരിട്ട് പങ്കാളികളായ ഒന്നു മുതൽ അഞ്ചുവരെ പ്രതികളായ ശംഭു, ശ്രീജിത്ത്, ചന്ദ്രമോഹൻ, സന്തോഷ്, ഹരി എന്നിവർക്കാണ് ഇരട്ട ജീവപര്യന്തം.
കൊലപാതകത്തിനും ഗൂഢാലോചനയ്ക്കുമാണ് ശിക്ഷ. ഗൂഢാലോചന നടത്തിയ ഏഴാംപ്രതി സന്തോഷ്, പത്താം പ്രതി പ്രശാന്ത്, പന്ത്രണ്ടാം പ്രതി സജീവ് എന്നിവർക്കാണ് ജീവപര്യന്തം. സിപിഎം പ്രവർത്തകനായ അശോകൻ 2013 മേയിലാണ് ആലങ്കോട് ജംഗ്ഷനിൽ കൊല്ലപ്പെട്ടത്.
ഒന്നാം പ്രതി ശംഭുവിന്റെ പലിശക്കച്ചവടവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിന് കാരണം. ആർഎസ്എസ് മണ്ഡലം കാര്യവാഹകായിരുന്ന രാജഗോപാൽ പ്രതിയായിരുന്നെങ്കിലും കുറ്റവിമുക്തനാക്കപ്പെട്ടു.
പലിശയ്ക്കു പണം നൽകുന്ന ആർഎസ്എസ് മുഖ്യശിക്ഷക് ശംഭുവിൽ നിന്നും 10000 രൂപ പലിശക്ക് വാങ്ങിയ ബിനു എന്ന ചെറുപ്പക്കാരൻ മുതലും പലിശയുമടക്കം 15000 രൂപ കൊടുത്തിട്ടും വീണ്ടും പണം ആവശ്യപ്പെട്ട് ബിനുവിനെ തടഞ്ഞ് നിർത്തി ക്രൂരമായി മർദിക്കുകയും സ്കൂട്ടർ പിടിച്ചു വാങ്ങുകയും ചെയ്തത് കണ്ട് അത് ചോദ്യം ചെയ്തതാണ് അശോകനെ കൊലപ്പെടുത്താനുള്ള കാരണം.
വീട്ടിലിരിക്കുകയായിരുന്ന അശോകനെ സംസാരിക്കാനെന്ന പേരിൽ ആലംകോട് ജംഗ്ഷനിൽ വിളിച്ചു വരുത്തിയ ശേഷം നാട്ടുകാർ നോക്കിനിൽക്കേ സംഘം ചേർന്ന് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിനു ശേഷം തമിഴ്നാട്ടിലേക്ക് കടന്ന പ്രതികൾ അവിടെ ഒളിവിൽ കഴിയുകയായിരുന്നു.