തേനീച്ച ആക്രമണം; രക്ഷതേടി കനാലിൽ ചാടിയ വയോധികൻ മുങ്ങി മരിച്ചു
Wednesday, January 15, 2025 2:22 AM IST
ചിറ്റൂർ: തേനീച്ചകളുടെ ആക്രമണത്തിൽനിന്നു രക്ഷതേടി കനാലിൽ ചാടിയ ഗൃഹനാഥൻ മരിച്ചു. നല്ലേപ്പിള്ളി കണക്കമ്പാറ കളപ്പറമ്പിൽ വേലായുധന്റെ മകൻ സത്യൻ (75) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഒന്പതിന് കൃഷിസ്ഥലത്തുനിന്നു ഭാര്യയോടൊപ്പം വീട്ടിലേക്കു തിരിച്ചുവരുന്നതിനിടെയാണ് സംഭവം.
മരത്തിൽനിന്നു കൂടിളകിയ തേനീച്ചകൾ സത്യന്റെ ശരീരമാസകലം പൊതിഞ്ഞുകുത്തുകയാണുണ്ടായത്. അസഹനീയമായ വേദനയിൽ രക്ഷപ്പെടാനായി സമീപത്തുള്ള കനാലിലേക്കു സത്യൻ ചാടിയതോടെ കനാലിലെ ശക്തമായ ഒഴുക്കിൽ രക്ഷപ്പെടാൻ കഴിയാതെ മുങ്ങിമരിക്കുകയായിരുന്നു.സത്യന്റെ പിന്നിൽ നിന്ന ഭാര്യ വിശാലാക്ഷിക്കും(65) തേനീച്ചയുടെ കുത്തേറ്റു. ഇവർക്ക് താലൂക്ക് ആശുപത്രിയിൽ പ്രാഥമികചികിത്സ നൽകി.
ചിറ്റൂരിൽനിന്നെത്തിയ അഗ്നിരക്ഷാസേനയും സമീപവാസികളായ യുവാക്കളും ചേർന്നു തെരച്ചിൽ നടത്തിയാണ് സത്യന്റെ മൃതദേഹം കണ്ടെടുത്തത്. സത്യൻ ചാടിയതിന് 50 മീറ്റർ അകലെയാണു മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം നടത്തിയശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുത്തു.
സത്യന്റെ മക്കൾ: സജീവ് , സജയ്, ജിജി. മരുമക്കൾ: സുരേഷ്, അമ്പിളി, നിജ.