സെക്രട്ടേറിയറ്റിനു മുന്നില്‍ ഫ്ലക്സ് ബോര്‍ഡ്; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി
Thursday, January 16, 2025 2:33 AM IST
കൊച്ചി: സെക്രട്ടേറിയേറ്റിനു മുന്നില്‍ കൂറ്റന്‍ ബോര്‍ഡ് സ്ഥാപിച്ചതു സംബന്ധിച്ച് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കാന്‍ ഹൈക്കോടതി നിര്‍ദേശം.
പൊതുസ്ഥലങ്ങളില്‍ ബോര്‍ഡുകളും കൊടിതോരണങ്ങളും പാടില്ലെന്ന കോടതി ഉത്തരവ് നിലനില്‍ക്കെ ഇത്തരമൊരു ബോര്‍ഡ് സ്ഥാപിക്കാനിടയായ സാഹചര്യത്തിലാണ് ജസ്റ്റീസ് ദേവന് രാമചന്ദ്രന് സംസ്ഥാന പോലീസ് മേധാവിക്ക് ഈ നിര്‍ദേശം നല്‍കിയത്.
ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനും കോടതി നിര്‍ദേശിച്ചു. സെക്രട്ടേറിയേറ്റിനുമുന്നില്‍ ബോര്‍ഡ് സ്ഥാപിച്ചതിനെതിരായ ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി.
ബോര്‍ഡ് സ്ഥാപിച്ച സംഘടനയുടെ പ്രസിഡന്റും സെക്രട്ടറിയും അഡീഷണല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി റാങ്കിലുള്ളവരാണെന്നത് അതീവ ഗൗരവത്തോടെ കാണുന്നതായി കോടതി ചൂണ്ടിക്കാട്ടി. തിരുവനന്തപുരം കോർപറേഷന് ബോര്‍ഡ് നീക്കം ചെയ്തെങ്കിലും നിയമലംഘനം നിസാരമായി കാണാനാകില്ല.
ബോര്‍ഡ് മാറ്റിയതിന് എന്തു ചെലവുവന്നു എന്നതിലടക്കം വിശദീകരണം നല്‍കണം. തിരുവനന്തപുരം നഗരസഭാ സെക്രട്ടറി നല്കിയ പരാതിയിന്മേല് സംഘടനയുടെ പങ്ക് എന്താണെന്നും അന്വേഷണം നടക്കുന്നുണ്ടോയെന്നും വ്യക്തമാക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്.