മതാധിഷ്ഠിത സംഘടനാ നേതാക്കളുമായി ബന്ധം: റിട്ട. എഎസ്ഐയുടെ പെന്ഷന്
കുറവ് ചെയ്യാന്‍ തീരുമാനം
Thursday, January 16, 2025 12:40 AM IST
ബിനു ജോര്‍ജ്
കോഴിക്കോട്: മതാധിഷ്ഠിത സംഘടനാ നേതാക്കളുമായുള്ള ബന്ധത്തിന്റെ പേരില്‍ റിട്ട. എസ്ഐയുടെ പെന്‍ഷനില്‍നിന്നു നിശ്ചിത വിഹിതം കുറവു ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനം. കോഴിക്കോട് സിറ്റി ഡിറ്റാച്ച്മെന്റ് സെന്ററില്‍ സ്റ്റേറ്റ് സ്പെഷല്‍ ബ്രാഞ്ച് (എസ്എസ്ബി) ഗ്രേഡ് എഎസ്ഐ ആയിരുന്ന സി.എം. സലീമിന്റെ പെന്‍ഷനില്‍നിന്നു പ്രതിമാസം 500 രൂപ വീതം കുറവു ചെയ്യാനാണു തീരുമാനം.
സലീം സമര്‍പ്പിച്ച വാദങ്ങള്‍ തള്ളിക്കൊണ്ടാണ്, പിഎസ്സിയുടെ കൂടെ അനുമതി വാങ്ങിക്കൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ), സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) എന്നീ സംഘടനകളുടെ നേതാക്കളുമായി വ്യക്തിഗത ഫോണ്‍ മുഖേന അനധികൃത ടെലിഫോണ്‍ ബന്ധം പുലര്‍ത്തിയെന്നും ചേവായൂര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ഒരു കേസില്‍ സ്വീകരിക്കാന്‍ സാധ്യതയുള്ള നടപടികളെക്കുറിച്ച് സംഘടനാ ഭാരവാഹികള്‍ക്ക് അറിവു നല്‍കുകയും കീഴടങ്ങാന്‍ തയാറായവരെ അതില്‍നിന്നു പിന്തിരിപ്പിക്കുകയും ചെയ്തുവെന്നായിരുന്നു സലീമിനെതിരേ ഉയര്‍ന്ന ആരോപണം.
സലീമിന്റെ ഭാഗത്തുനിന്നുണ്ടായ നടപടി ഉത്തരവാദപ്പെട്ട പോലീസ് ഉദ്യോഗസ്ഥനു നിരക്കാത്തതും അച്ചടക്കലംഘനവും സ്വഭാവദൂഷ്യവുമാണെന്നും വിലയിരുത്തി അദ്ദേഹത്തിനെതിരേ കോഴിക്കോട് സൗത്ത് ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണര്‍ വാക്കാല്‍ അന്വേഷണം നടത്തിയിരുന്നു. അതിനിടെ 2021 ഫെബ്രുവരി 28ന് സലീം സര്‍വീസില്‍നിന്നു വിരമിച്ചു.
സലീം കമ്യൂണല്‍ സെല്ലില്‍ ജോലി ചെയ്ത സമയത്ത് വ്യക്തിഗത ഫോണ്‍ വഴി മതാധിഷ്ഠിത സംഘടനകളുടെ പ്രവര്‍ത്തകരുമായി ബന്ധം പുലര്‍ത്തിയതു തെറ്റായ കാര്യമല്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, ഒരു വര്‍ഷമായി പ്രതികളെ കണ്ടെത്താന്‍ കഴിയാതിരുന്ന, ചേവായൂര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ക്രൈം നമ്പര്‍ 606/2019 നമ്പര്‍ കേസിലെ പ്രതികളെക്കുറിച്ച് സലീമിനു സൂചന ലഭിച്ചിട്ടും എസ്എസ്ബിയിലെ ഉന്നത ഉദ്യോഗസ്ഥരെയോ ചേവായൂര്‍ എസ്എച്ച്ഒയെയോ കോഴിക്കോട് ജില്ലാ പോലീസ് മേധാവിയെയോ മനഃപൂര്‍വം അറിയിക്കാതിരിക്കുകയും പ്രതികളോട് പോലീസില്‍ കീഴടങ്ങേണ്ട എന്ന രീതിയില്‍ ഉപദേശം കൊടുക്കുകയും ചെയ്തത് ഗുരുതര വീഴ്ചയായായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് സലീമിന്റെ പെന്‍ഷനില്‍നിന്നു താത്കാലികമായി പ്രതിമാസം 500 രൂപ കുറവു ചെയ്യാന്‍ തീരുമാനിക്കുകയും അദ്ദേഹത്തിനു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തു.
പ്രതികള്‍ക്ക് നിയമോപദേശം കൊടുത്തുവെന്ന ആരോപണം സലീം നിഷേധിച്ചു. എന്നാല്‍, മതാധിഷ്ഠിത സംഘടനകളില്‍നിന്നു രഹസ്യ വിവരം ചോര്‍ത്തിയെടുക്കാന്‍ അവരുടെ ആളായി അഭിനയിക്കാറുണ്ടെന്ന തരത്തിലാണ് സലീം മറുപടി നല്‍കിയത്. ഇത് തള്ളിക്കൊണ്ട്, സംഭാഷണ ശകലങ്ങള്‍ പ്രധാന തെളിവായി കണക്കാക്കിയാണ് പെന്ഷന് കുറവു ചെയ്യാനുള്ള താത്കാലിക തീരുമാനം സര്‍ക്കാര്‍ സ്ഥിരപ്പെടുത്തിയത്.