കർണാടകയിൽ കീഴടങ്ങിയ മാവോയിസ്റ്റുകളുടെ ആയുധങ്ങൾ പോലീസ് കണ്ടെടുത്തു
Thursday, January 16, 2025 2:33 AM IST
ഇരിട്ടി: കർണാടക സർക്കാരിനു മുന്നിൽ കീഴടങ്ങിയ ആറു മാവോയിസ്റ്റുകൾ ഉപയോഗിച്ചിരുന്ന ആയുധങ്ങൾ ആന്റി നക്സൽ സേനയായ എഎൻഎഫ് കണ്ടെടുത്തു.
ഒരു എസ്എസ്ബിഎൽ ഗൺ, മൂന്ന് 303-റൈഫിളുകൾ, ഒരു 762 മോഡൽ പിസ്റ്റൾ, എകെഎസ്-6 ഗൺ, 133 റൗണ്ട് ബുള്ളറ്റുകൾ തുടങ്ങി നിരവധി വസ്തുക്കൾ കണ്ടെത്തിയിട്ടുണ്ട്.
ചിക്കമഗളൂരു ജില്ലയിൽ ജയപുര പോലീസ് സ്റ്റേഷൻ പരിധിയിലാണ് ആയുധങ്ങൾ കണ്ടെടുത്തത്. മാവോയിസ്റ്റുകൾ കീഴടങ്ങിയ ഉടൻതന്നെ സേന ഇവർ ഉപയോഗിച്ചിരുന്ന തോക്കുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾക്കായി തെരച്ചിൽ ആരംഭിച്ചിരുന്നു.
വർഷങ്ങളായി ദക്ഷിണേന്ത്യയിലെ കേരളം ഉൾപ്പെടെയുള്ള വനമേഖലയിൽ മാവോയിസ്റ്റുകളുടെ സാന്നിധ്യം ഏറെ ഭീഷണി ഉയർത്തിയിരുന്നു.
അംഗബലം കുറവായിരുന്ന മാവോയിസ്റ്റുകൾ പലപ്പോഴായി നടന്ന ഏറ്റുമുട്ടലിൽ മരിക്കുകയും പിടിക്കപ്പെടുകയും ചെയ്തതോടെ സംഘാംഗങ്ങളുടെ എണ്ണം നാമമാത്രമായി ചുരുങ്ങി. ഇതോടെയാണ് അവശേഷിക്കുന്ന സംഘത്തിലെ ചിലർ കർണാടക സർക്കാരുമായി ധാരണയിലെത്തി കീഴടങ്ങിയത്. നിലവിൽ കർണാടകയിൽ കീഴടങ്ങിയ മാവോയിസ്റ്റുകളിൽ ആറു പേർക്കെതിരേ കേരളത്തിലും കേസുകളുണ്ട്.