അതിരപ്പിള്ളിയിൽ കാറിനുനേരേ കാട്ടാന ആക്രമണം
Wednesday, January 15, 2025 2:22 AM IST
അതിരപ്പിള്ളി: കണ്ണംകുഴിയിൽ സിനിമാ പ്രവർത്തകർ സഞ്ചരിച്ച കാറിനുനേരേ കാട്ടാനയുടെ ആക്രമണം. ഇന്നലെ രാവിലെ ആറരയോടെയാണ് സംഭവം.
കണ്ണംകുഴി സ്വദേശിയായ അനിൽകുമാറും സംഘവും പിള്ളപ്പാറയിൽനിന്നു സിനിമാ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് അതിരപ്പിള്ളിയിലേക്കു പോകുന്ന വഴിയാണു വാഹനത്തിനുനേരേ കാട്ടാന ആക്രമണമുണ്ടായത്. റോഡിനു നടുവിൽ നിലയിറപ്പിച്ചിരുന്ന കാട്ടാന കാറിനുനേരേ പാഞ്ഞടുക്കുകയും കൊമ്പുകൊണ്ടു കാറിൽ കുത്തുകയായിരുന്നു.
യാത്രക്കാർ ഭയന്ന് ഒച്ചവച്ചതിനെത്തുടർന്ന് ആന പിന്തിരിഞ്ഞതിനാൽ വൻ അപകടം ഒഴിവായി. ആക്രമണത്തിനുശേഷം റോഡിൽ നിലയുറപ്പിച്ച ഒറ്റയാനെ വനപാലകരെയത്തിയാണ് കാട്ടിലേക്കു കയറ്റിവിട്ടത്.