കവറേജ് മാപ്പുകൾ പ്രസിദ്ധീകരിക്കാൻ മൊബൈൽ കമ്പനികൾക്ക് നിർദേശം
Thursday, January 16, 2025 2:33 AM IST
എസ്.ആർ. സുധീർ കുമാർ
കൊല്ലം: നെറ്റ് വർക്ക് കവറേജ് മാപ്പുകൾ നിർബന്ധമായും പ്രസിദ്ധീകരിക്കണമെന്ന് രാജ്യത്തെ മൊബൈൽ സേവനദാതാക്കൾക്ക് ട്രായ് നിർദേശം. ഇതിന് ഓപ്പറേറ്റർമാർക്ക് ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ സമയ പരിധിയും നിശ്ചയിച്ചിട്ടുണ്ട്.
മാപ്പുകൾ ഏപ്രിൽ ഒന്നിനു മുമ്പ് പൂർണമായും പ്രസിദ്ധീകരിക്കണം എന്നാണ് നിർദേശത്തിൽ വ്യക്തമാക്കിയിട്ടുള്ളത്. ബിഎസ്എൻഎൽ, വിഐ, റിലയൻസ് ജിയോ, ഭാരതി എയർടെൽ തുടങ്ങി ഈ രംഗത്തെ എല്ലാ ഓപ്പറേറ്റർമാർക്കും നിർദേശം ബാധകമാണ്.
സേവനത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുക എന്നതാണ് ഇതു വഴി ട്രായ് ലക്ഷ്യമിടുന്നത്. ഈ മെച്ചപ്പെടുത്തൽ ഉപയോക്കാക്കൾക്ക് അവരുടെ ഇഷ്ടപ്പെട്ട ഓപ്പറേറ്ററെ തെരഞ്ഞെടുക്കുന്നതിൽ പ്രയോജനവും ചെയ്യുമെന്നാണ് വിലയിരുത്തൽ.
എല്ലാ ടെലികോം കമ്പനികളും അവരുടെ വെബ്സൈറ്റുകളിൽ നിർബന്ധമായും അവരുടെ നെറ്റ് വർക്ക് കവറേജ് മാപ്പുകൾ പ്രസിദ്ധീകരിക്കണം. കമ്പനികൾ തങ്ങളുടെ രണ്ട് - ജി, മൂന്ന് - ജി, നാല്- ജി, അഞ്ച് - ജി കവറേജുകൾ വിശദമായി പ്രതിപാദിക്കുന്ന ഭൂമിശാസ്ത്രപരമായ മാപ്പുകളാണ് പ്രദർശിപ്പിക്കേണ്ടത്.
ഇത് ഉപയോക്താക്കളെ അവരുടെ പ്രദേശത്ത് ലഭ്യമായ കവറേജിനെ അടിസ്ഥാനമാക്കി ടെലികോം ഓപ്പറേറ്ററെ തെരഞ്ഞെടുക്കാൻ പ്രാപ്തരാക്കുമെന്നും ട്രായ് അധികൃതർ കരുതുന്നു. ഓപ്പറേറ്റർമാരെ മാറാനും പുതിയ സിം കാർഡുകൾ എടുക്കാനും ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് ഇതു വളരെയധികം സഹായകമാകും.
നിലവിൽ ചില കമ്പനികൾ ഭാഗികമായി അവരുടെ നെറ്റ് വർക്ക് കവറേജ് മാപ്പുകൾ ഓൺലൈനിൽ പങ്കിടുന്നുണ്ട്. തൽഫലമായി ഉപയോക്താക്കൾ പുതിയ സിം പരിഗണിക്കുമ്പോഴും സേവന ദാതാക്കളെ മാറുമ്പോഴും അവരുടെ പ്രദേശത്ത് ഏത് ഓപ്പറേറ്റർ മികച്ച നെറ്റ് വർക്ക് സേവനം വാഗ്ദാനം ചെയ്യുന്നത് എന്നത് സംബന്ധിച്ച വിശ്വസനീയ വിവരങ്ങൾ അവർക്ക് പലപ്പോഴും ലഭിക്കാറില്ല.
എന്നാൽ പുതിയ നിർദേശം പ്രാബല്യത്തിൽ വന്നാൽ നെറ്റ് വർക്ക് കവറേജ് മാപ്പുകളിലേക്കുള്ള ആക്സസ് ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ഓരോ ടെലികോം ഓപ്പറേറ്ററുടെയും നിലവിലുള്ള സേവനം വിലയിരുത്താൻ കഴിയും. മോശം കവറേജുള്ള സ്ഥലത്ത് ഉപയോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം ലഭിക്കില്ല. എന്നാൽ മാപ്പ് ഉൾപ്പെടുത്തി പുതിയ വെബ്സൈറ്റ് പ്രസിദ്ധീകരിക്കുമ്പോൾ ഇതിന് ഒരു പരിധി വരെ മാറ്റം വരുമെന്നാണ് ട്രായ് പ്രതീക്ഷിക്കുന്നത്. പ്രത്യേക മേഖലകളിൽ വയർലെസ് വോയ്സ്, ബ്രോഡ് ബാൻഡ് എന്നീ സേവനങ്ങളുടെ ലഭ്യത സംബന്ധിച്ച വിവരങ്ങളും കമ്പനികൾ ഉൾപ്പെടുത്തണമെന്നും നിർദേശത്തിലുണ്ട്.
കവറേജ് മാപ്പുകൾ ടെലികോം കമ്പനികൾ അവരുടെ ആപ്പുകൾ വഴിയും ഉപയോക്താൾക്ക് ലഭ്യമാക്കണം. ഓപ്പറേറ്റർമാർ അവരുടെ കവറേജ് മാപ്പുകൾ തങ്ങളുടെ ഹോം പേജിൽ വ്യക്തമായ ലോഗോയോടെ പ്രദർശിപ്പിക്കണമെന്നും ട്രായ് നിഷ്കർഷിക്കുന്നു. കൂടുതൽ കവറേജ് ഏരിയകൾ വരുമ്പോൾ ഇവ കൃത്യമായി അപ്ഡേറ്റ് ചെയ്യണമെന്നും വ്യവസ്ഥയുണ്ട്.