‘മരണ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അസ്വാഭാവിക മരണം’; ഗോപന് സ്വാമിയുടെ കല്ലറ തുറക്കാമെന്ന് ഹൈക്കോടതി
Thursday, January 16, 2025 2:33 AM IST
കൊച്ചി: പിതാവിനെ മക്കള്‍ സമാധിയിരുത്തിയ സംഭവത്തില്‍ കല്ലറ തുറന്നു പരിശോധിക്കുന്നത് അടക്കമുള്ള നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യത്തില്‍ ഹൈക്കോടതി ഇടപെട്ടില്ല. ആര്‍ഡിഒയുടെ ഉത്തരവ് ചോദ്യംചെയ്തു നെയ്യാറ്റിന്‍കര സ്വദേശി ഗോപന് സ്വാമിയുടെ ഭാര്യ സുലോചന നല്കിയ ഹര്‍ജിയാണ് ജസ്റ്റീസ് സി.എസ്. ഡയസ് പരിഗണിച്ചത്.
തങ്ങളുടെ വിശ്വാസത്തിനും ആചാരത്തിനും എതിരും ദൈവനിന്ദയുമായതിനാല് ആര്‍ഡിഒയുടെ ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി എതിര്‍കക്ഷികളായ ജില്ലാ കളക്ടര്‍, ആര്‍ഡിഒ, സിഐ എന്നിവരടക്കം എതിര്‍കക്ഷികളുടെ വിശദീകരണവും തേടി. തുടര്‍ന്ന് ഹര്‍ജി വീണ്ടും അടുത്തയാഴ്ച പരിഗണിക്കാനായി മാറ്റി.
ഗോപന് സ്വാമി എവിടെയാണെന്നും മരിച്ചെങ്കില്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടോയെന്നും കോടതി ആരാഞ്ഞു. മരണ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അസ്വാഭാവിക മരണമായി കണക്കാക്കേണ്ടിവരും. ഇതുമായിബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണു കല്ലറ തുറക്കേണ്ടിവരുന്നത്.
എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും കല്ലറ തുറക്കാനും പോലീസിന് അധികാരമുണ്ട്. അന്വേഷണം തടയാനാകില്ല. മരണം സ്വാഭാവികമാണോ അസ്വാഭാവികമാണോയെന്ന് അറിയണം. മരണം എങ്ങനെയായിരുന്നെന്ന് വ്യക്തമാക്കാന്‍ കുടുംബത്തിനോടും കോടതി നിര്‍ദേശിച്ചു.