കാട്ടുപന്നിയിടിച്ച് കാർ മറിഞ്ഞ് അഞ്ചുപേർക്കു പരിക്ക്
Thursday, January 16, 2025 12:40 AM IST
എരുമപ്പെട്ടി (തൃശൂർ): കൂത്താട്ടുകുളത്തു കാട്ടുപന്നിയിടിച്ച് നിയന്ത്രണംവിട്ട കാർ മറിഞ്ഞ് അഞ്ചു പേർക്കു പരിക്ക്. ശബരിമല തീർഥാടനം കഴിഞ്ഞു മടങ്ങിയ തൃശൂർ വരവൂർ സ്വദേശികൾ സഞ്ചരിച്ച കാറാണ് മറിഞ്ഞത്.
വരവൂർ സ്വദേശികളായ മോഹനൻ (57), സുധീഷ് (46), സന്തോഷ് കുമാർ (53), നവീൻ (57), സ്മിത (52) എന്നിവർക്കാണു പരിക്ക്. കൂത്താട്ടുകുളത്ത് ഇന്നലെ പുലർച്ചെ ഒന്നരയോടെയാണ് അപകടം.
കാട്ടുപന്നിയിടിച്ച കാർ നിയന്ത്രണംവിട്ട് റോഡരികിലുള്ള താഴ്ചയിലേക്കു തലകീഴായി മറിഞ്ഞു. അഞ്ചുപേരെയും ആദ്യം കൂത്താട്ടുകുളത്തെ ആശുപത്രിയിലും പിന്നീട് തൃശൂർ അശ്വിനി ആശുപത്രിയിലും പ്രവേശിപ്പിച്ചു.