ധർമടത്ത് വീണ്ടും മത്സരിക്കണോ വേണ്ടയോ എന്നു പാർട്ടി വ്യക്തമാക്കുമെന്നു പിണറായി
Thursday, January 16, 2025 12:40 AM IST
തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വീണ്ടും ധർമടത്തു താൻ മത്സരിക്കണോ വേണ്ടയോ എന്നതു പാർട്ടി വ്യക്തമാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തിൽ വൈകാതെ അറിയാൻ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ധർമടത്തു പിണറായി വിജയനെതിരേ മത്സരിക്കാൻ തയാറാണെന്ന നിയമസഭാംഗത്വം രാജിവച്ച വി.പി. അൻവറിന്റെ വെല്ലുവിളി മാധ്യമ പ്രവർത്തകർ ശ്രദ്ധയിൽ പെടുത്തിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ ഹഹഹ എന്നു ചിരിച്ചു കൊണ്ടുള്ള മറുപടി.
തനിക്കെതിരേയുള്ള നീക്കത്തിൽ ഉന്നത സിപിഎം നേതാക്കളുടെ പിന്തുണയുണ്ടായിരുന്നെന്ന അൻവറിന്റെ ആരോപണവും മുഖ്യമന്ത്രി തള്ളി. മുഖ്യമന്ത്രിക്കെതിരേയുള്ള അൻവറിന്റെ ആരോപണങ്ങളിൽ ഉന്നത സിപിഎം നേതാക്കളുടെ അറിവോടെയായിരുന്നോ എന്ന ചോദ്യത്തിന് ഇതു ശരിയല്ലെന്നായിരുന്നു പിണറായി വിജയന്റെ മറുപടി.
മുഖ്യമന്ത്രി കണ്ണുരുട്ടി ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് പിന്നീട് അൻവർ വിളിച്ചാൽ ഈ ഉന്നത സിപിഎം നേതാക്കൾ ഫോണ് പോലും എടുക്കുന്നില്ലെന്ന ചോദ്യത്തിനും ചിരിച്ചു കൊണ്ട് ഒരു ഘട്ടത്തിലും പാർട്ടി നേതാക്കളുടെ പിന്തുണ ഉണ്ടായിട്ടില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ നിയമസഭയിൽ അൻവർ അഴിമതി ആരോപണം ഉന്നയിച്ചത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി എഴുതി നൽകിയതാണെന്ന ആരോപണവും പിണറായി തള്ളി.
തന്റെ ഓഫീസ് ഇത്തരത്തിലുള്ള ഒരു കാര്യത്തിലും ഇടപെടുന്ന ഓഫീസ് അല്ലെന്നും നിയമസഭയിൽ ഉന്നയിച്ച ആരോപണത്തിന് അൻവർ ഇത്തരമൊരു മറുപടി നൽകി മാപ്പു പറഞ്ഞത് ചില കാര്യങ്ങൾ ഉദ്ദേശിച്ചാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.