സ്കൂളുകളിലെ ഉച്ചഭക്ഷണം; പ്രഥമാധ്യാപകരുടെ സെക്രട്ടേറിയറ്റ് ധർണ നാളെ
Thursday, January 16, 2025 12:40 AM IST
പത്തനംതിട്ട: സ്കൂളുകളിലെ ഉച്ചഭക്ഷണം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂലമായ തീരുമാനങ്ങൾ ഉണ്ടാകാത്തതിൽ പ്രതിഷേധിച്ച് കേരള ഗവൺമെന്റ് പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പ്രഥമാധ്യാപകർ നാളെ സെക്രട്ടേറിയറ്റ് പടിക്കൽ ധർണ നടത്തും. രാവിലെ പത്തിന് ആരംഭിക്കുന്ന ധർണ സിപിഐ നേതാവ് പന്ന്യന് രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും.
ഉച്ചഭക്ഷണ ഇനത്തിൽ നാലുമാസത്തോളമായി ലഭിക്കാനുള്ള കുടിശിക ഉടനെ അനുവദിക്കുക, എൽപി, യുപി ഹെഡ്മാസ്റ്റർ തസ്തികയിലേക്ക് താത്കാലിക പ്രമോഷൻ മാത്രം നൽകുന്ന സമ്പ്രദായം അവസാനിപ്പിക്കുക, നൽകിയ പ്രമോഷനുകൾ സ്ഥിരമാക്കുക, പഞ്ചായത്ത് ഇംപ്ലിമെന്റിംഗ് ഓഫീസർമാർക്ക് സ്കൂൾ മോണിറ്ററിംഗ് അധികാരം കൂടി നൽകി ഖാദർ കമ്മിറ്റി ശിപാർശ ചെയ്ത പഞ്ചായത്ത് എഡ്യുക്കേഷൻ ഓഫീസർ തസ്തിക സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ധർണയെന്ന് അസോസിയേഷൻ പ്രസിഡന്റ് ബിജു തോമസ്, ജനറൽ സെക്രട്ടറി ഇ.ടി.കെ. ഇസ്മയിൽ എന്നിവർ അറിയിച്ചു.