പത്തനംതിട്ട പീഡനക്കേസ്: അറസ്റ്റിലായത് 44 പേർ; പെൺകുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി
Wednesday, January 15, 2025 2:22 AM IST
പത്തനംതിട്ട: പതിനെട്ടുകാരിയെ നിരന്തരം ലൈംഗിക പീഡനത്തിനു വിധേയമാക്കിയ കേസിൽ ഇതേവരെ 44 പേരെ അറസ്റ്റ് ചെയ്തു. 58 പേരാണ് കേസിൽ കുറ്റാരോപിത പട്ടികയിലുള്ളത്. മറ്റുള്ളവരെക്കൂടി രണ്ടുദിവസത്തിനുള്ളിൽ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്.
ഇതിനിടെ പീഡനത്തിനിരയായ പെൺകുട്ടിയുടെ രഹസ്യമൊഴി ഇന്നലെ റാന്നി ജുഡീഷൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി രേഖപ്പെടുത്തി. കഴിഞ്ഞദിവസം പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്താൻ കോടതിയിലെത്തിച്ചെങ്കിലും ശാരീരിക അസ്വസ്ഥതകൾ കാരണം പൂർണമായിരുന്നില്ല. തുടർന്ന് ഇന്നലെയാണ് മൊഴി രേഖപ്പെടുത്തിയത്.
കോന്നിയിൽ ശിശുക്ഷേമ സമിതിയുടെ അഭയകേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുന്ന പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അന്വേഷണച്ചുമതലയുള്ള ഡിഐജി അജിതാ ബീഗം പറഞ്ഞു.
ശബരിമല മകരവിളക്കുമായി ബന്ധപ്പെട്ട് നിലയ്ക്കലിൽ ഡ്യൂട്ടിലായിരുന്ന ഡിഐജി ഇന്നു രാവിലെ പത്തനംതിട്ടയിൽ അന്വേഷണസംഘത്തിലെ മറ്റ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി കേസിന്റെ പുരോഗതി വിലയിരുത്തും.
നിലവിലെ അന്വേഷണം തൃപ്തികരമായി നടക്കുന്നുവെന്നാണ് പോലീസ് നിഗമനം. പെൺകുട്ടിയെയും ഇന്ന് ഡിഐജി സന്ദർശിച്ചേക്കും. കഴിഞ്ഞ 10ന് ഇലവുംതിട്ട പോലീസ് രജിസ്റ്റർ ചെയ്ത ആദ്യകേസ് മുതൽ ഊർജിതമാക്കിയ അന്വേഷണത്തിലൂടെ, നാലു ദിവസത്തിനുള്ളിലാണ് 44 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്നലെ രണ്ടുപേരെക്കൂടി അറസ്റ്റ് ചെയ്തു.
ഷിനു ജോർജ് (24) പത്തനംതിട്ടയിലും പ്രജിത് കുമാർ (24) ഇലവുംതിട്ടയിലും അറസ്റ്റിലായി. പെൺകുട്ടിയുടെ മൊഴി അനുസരിച്ച് നാല് പോലീസ് സ്റ്റേഷനുകളിലായി 29 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ഇനി അറസ്റ്റിലാവാനുള്ളവരിൽ ഇലവുംതിട്ട സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ ഒന്പത് പേരും പത്തനംതിട്ട സ്റ്റേഷനിലെ കേസുകളിലെ നാലു പേരും മലയാലപ്പുഴ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ ഒരാളുമാണ്.
ഇലവുംതിട്ട സ്റ്റേഷനിലെ കുറ്റാരോപിതരിൽ ഒരാൾ പത്തനംതിട്ട പോലീസ് കഴിഞ്ഞവർഷമെടുത്ത പോക്സോ കേസിൽ നിലവിൽ ജയിലിലാണ്. പത്തനംതിട്ട സ്റ്റേഷനിൽ പിടികൂടാനുള്ളവരിൽ വിദേശത്തുള്ളയാളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ പോലീസ് സ്വീകരിക്കും.
കുറ്റാരോപിതരിലധികവും യുവാക്കളും ചെറുപ്രായത്തിലുള്ളവരുമാണ്, വിദ്യാർഥിനിക്കൊപ്പം പഠിക്കുന്നവരും മുതിർന്ന ക്ലാസുകളിൽ ഉള്ളവരുമുണ്ട്. പിടികൂടാനുള്ളവരെ എത്രയും വേഗം കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതിന് അന്വേഷണം പുരോഗമിക്കുകയാണെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.