പുറത്തിറങ്ങാന്‍ വിസമ്മതിച്ച് ബോബി
Wednesday, January 15, 2025 2:22 AM IST
കാക്കനാട്: ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാൻ തയാറാകാതെ ജയിലില്‍ നാടകീയ രംഗങ്ങളുമായി ബോബി ചെമ്മണ്ണൂര്‍.
ഇന്നലെ ഹൈക്കോടതി ജാമ്യം അനുവദിച്ചെങ്കിലും വിടുതല്‍ ബോണ്ടില്‍ ഒപ്പുവയ്ക്കില്ലെന്ന നിലപാടില്‍ ബോബി ചെമ്മണ്ണൂര്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. റിമാന്‍ഡ് കാലാവധി കഴിഞ്ഞിട്ടും സാങ്കേതിക പ്രശ്നങ്ങളില്‍ കുരുങ്ങി പുറത്തിറങ്ങാന്‍ പറ്റാത്ത ഒട്ടേറെ തടവുകാര്‍ ഇപ്പോഴും ജയിലിലുണ്ട്. അവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ബോബി ചെമ്മണ്ണൂരിന്റെ നീക്കം.
അഭിഭാഷകര്‍ ഇല്ലാതെയും ജാമ്യബോണ്ടിനുള്ള തുക കെട്ടിവയ്ക്കാനാകാതെയും ജയിലില്‍ ദുരിതമനുഭവിച്ചു കഴിയുന്ന തടവുകാര്‍ക്കും നീതി വേണം. ഇവര്‍ പുറത്തിറങ്ങും വരെ താനും കാക്കനാട് ജയിലില്‍ തുടരുമെന്നാണ് ബോബിയുടെ നിലപാട്.
ജയിലില്‍നിന്ന് പുറത്തിറങ്ങാന്‍ വിസമ്മതിച്ച ബോബി ഇക്കാര്യം ജയിലധികൃതരെ അറിയിച്ചു. ജയിലധികൃതര്‍ ഇക്കാര്യം ഇന്ന് കോടതിയെ അറിയിക്കും. ജാമ്യം നടപ്പാക്കേണ്ടതില്ലെന്ന് ബോബി ചെമ്മണ്ണൂര്‍ തന്റെ അഭിഭാഷകരെയും അറിയിച്ചു. കഴിഞ്ഞ ആറു ദിവസമായി കാക്കനാട് ജയിലിലായിരുന്ന ബോബി ചെമ്മണ്ണൂരിന് ജാമ്യം ലഭിച്ചതോടെ ഇന്നലെ വൈകുന്നേരം പുറത്തിറങ്ങുമെന്നായിരുന്നു വിവരം.
ബോബിയെ സ്വീകരിക്കാനായി സ്ത്രീകളുള്‍പ്പെടെ നിരവധി പേർ ജയിലിനു പുറത്ത് പ്ലക്കാര്‍ഡുകളുമായി കാത്തുനിന്നിരുന്നു. ഇതിനിടെയാണു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഏറെനേരം കാത്തുനിന്നശേഷം ഇവര്‍ പിരിഞ്ഞു പോകുകയായിരുന്നു.